ഡിസംബറിനകം 30 ഡീലർഷിപ് കൂടി തുറക്കാൻ റെനോ

ഈ ഡിസംബറിനുള്ളിൽ 30 ഡീലർഷിപ്പുകൾ കൂടി തുറക്കുമെന്നു ഫ്രഞ്ച് നിർമാതാക്കളായ റെനോ. ഇതോടെ രാജ്യത്തെ ഡീലർഷിപ്പുകളുടെ എണ്ണം മുമ്പു നിശ്ചയിച്ച 240നു പകരം 270 ആയി ഉയരുമെന്നും കമ്പനി അറിയിച്ചു. എൻട്രി ലവൽ കാറായ ‘ക്വിഡ്’ കൈവരിച്ച തകർപ്പൻ വിജയമാണ് ഇന്ത്യയിലെ വിപണന ശൃംഖല വിപുലീകരണം വേഗത്തിലാക്കാൻ റെനോയെ നിർബന്ധിതരാക്കുന്നത്. ‘ക്വിഡി’ന്റെ പിൻബലത്തിൽ ഡിസംബറോടെ ഇന്ത്യൻ കാർ വിപണിയിൽ അഞ്ചു ശതമാനം വിഹിതം സ്വന്തമാക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണു റെനോ; ഇതോടെ ഇന്ത്യൻ വിപണിയിൽ സാന്നിധ്യമുള്ള യൂറോപ്യൻ നിർമാതാക്കളിലെ ഒന്നാം സ്ഥാനവും റെനോയ്ക്കു സ്വന്തമാവും.

നിരത്തിലെത്തി 10 മാസത്തിനുള്ളിൽ റെനോയുടെ വിപണി വിഹിതത്തിൽ 1.5 ശതമാനത്തിന്റെ വർധനയാണു ‘ക്വിഡ്’ നേടിക്കൊടുത്തത്. ‘ക്വിഡി’ന്റെ മികവിൽ കഴിഞ്ഞ ജൂണോടെ ഇന്ത്യൻ കാർ വിപണിയിൽ 4.5% വിഹിതം സ്വന്തമാക്കാനും റെനോയ്ക്കു കഴിഞ്ഞിരുന്നു. എൻട്രി ലവൽ കാർ വിഭാഗത്തിലെ വിൽപ്പന മന്ദഗതിയിലാവാനുള്ള സാധ്യതയൊന്നും കാണുന്നില്ലെന്നു റെനോ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് സുമിത് സാഹ്നി വ്യക്തമാക്കി. മൊത്തം കാർ വിൽപ്പനയുടെ 24 ശതമാനത്തോളമാണ് എൻട്രി ലവൽ മോഡലുകളുടെ സംഭാവന. കഴിഞ്ഞ ഏഴു മാസമായി ഈ വിഭാഗത്തിൽ പ്രതിമാസം 7,000 യൂണിറ്റിന്റെ വിൽപ്പനയാണു ‘ക്വിഡ്’ നേടുന്നത്; ജൂൺ, ജൂലൈ മാസങ്ങളിൽ ‘ക്വിഡ്’ വിൽപ്പന 9,000 യൂണിറ്റിലേറെയായെന്നും സാഹ്നി വെളിപ്പെടുത്തി.

പോരെങ്കിൽ ചെറുകിട, ഇടത്തരം പട്ടണങ്ങളിലാണ് ‘ക്വിഡി’ന് ആവശ്യക്കാരേറെയെന്നതും റെനോയെ ആഹ്ലാദിപ്പിക്കുന്നുണ്ട്. ഈ വിഭാഗത്തിന്റെ ആവശ്യം നിറവേറ്റാൻ ലക്ഷ്യമിട്ടാണു കമ്പനി ഡിസംബറിനകം 30 ഷോറൂമുകൾ കൂടി ആരംഭിക്കുന്നത്. ഇതോടെ മുമ്പ് നിശ്ചയിച്ച 240നു പകരം 270 ഡീലർഷിപ്പുകളുമായാണു കമ്പനി 2016 അവസാനിപ്പിക്കുക. 2014ലെ പദ്ധതി പ്രകാരം 2017 ഡിസംബറോടെ മാത്രമാണു കമ്പനി 280 ഡീലർഷിപ് സ്ഥാപിക്കാൻ ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ ഡിസംബറിൽ റെനോയ്ക്ക് ഇന്ത്യയിൽ 205 ഡീലർമാരാണ് ഉണ്ടായിരുന്നത്; ഇപ്പോഴിത് 220 ആയി ഉയർന്നു. പുതിയ ഡീലർഷിപ്പുകളിൽ 70 ശതമാനത്തോളം ചെറുകിട പട്ടണങ്ങളിലാണു തുടങ്ങുന്നതെന്നും സാഹ്നി വെളിപ്പെടുത്തി.