പുതിയ കാർ കിട്ടാൻ ഫെരാരിക്ക് തീയിട്ടു

എല്ലാ സൂപ്പർകാർ മോഹികളുടേയും സ്വപ്‌നമാണ് ഫെരാരി. ഫെരാരി സ്വന്തമാക്കിയാൽ പിന്നെ അതിനെ പൊന്നുപോലെ സൂക്ഷിക്കാനായിരിക്കും പലരും ശ്രമിക്കുക. എന്നാൽ കഴിഞ്ഞ ദിവസം ജർമ്മനിയിൽ നടന്ന സംഭവം എല്ലാവരേയും ഞെട്ടിച്ചു. കോടീശ്വരന്മാർക്ക് മാത്രം സ്വന്തമാക്കാൻ സാധിക്കുന്ന ഫെരാരി 458നെ മൂന്ന് ചെറുപ്പക്കാർ തീയിട്ടു നശിപ്പിച്ചതാണ് സംഭവം. ആദ്യം അത് അക്രമണമാണെന്നും, ഫെരാരി ഉടമയോടുള്ള വൈരാഗ്യം തീർക്കാനാണ് അത് ചെയ്തതെന്നും ജർമ്മൻ പോലീസ് കരുതിയെങ്കിലും. സംഭവസ്ഥലത്തെ സെക്യൂരിറ്റി ക്യാമറ പരിശോധിച്ചപ്പോഴാണ് കാര്യം വ്യക്തമായത്. ഉടമ തന്നെയാണ് ഫെരാരി നശിപ്പിച്ചത്, അതിനായി മൂന്ന് സെർബിയൻ സ്വദേശികളെ നിയോഗിക്കുകയായിരുന്നു. എന്തിനാണ് ഉടമ ഈ കൊടും ചതി ചെയ്തത് എന്നല്ലേ? എന്നാൽ കേട്ടോളു ഇൻഷ്വൂറൻസ് കമ്പനിയെ കബിളിപ്പിച്ച് പുതിയ ഫെരാരി സ്വന്തമാക്കാനാണ് ഉടമ ഈ പണി ചെയ്തത്.

ടോട്ടൽ ലോസ് കാണിച്ച് ഏറ്റവും പുതിയ ഫെരാരി സ്വന്തമാക്കാനാണ് സ്വിറ്റ്‌സർലാൻഡിലെ ബിസിനസുകാരന്റെ 20 വയസുള്ള മകനാണ് 2 ലക്ഷം യൂറോ വിലയുള്ള കാർ നശിപ്പിച്ചത്. ഇതിനായി നിയോഗിച്ച യുവാക്കൾക്ക് 15000 യൂറോ പ്രതിഫലവും നൽകി. എന്നാൽ കള്ളി വെളിച്ചത്തായതോടെ കുടുങ്ങിയത് ഉടമയാണ്. കോടതിയിൽ കുറ്റം തെളിഞ്ഞതിനെ തുടർന്ന് 22 മാസം നല്ലനടപ്പും 21500 യൂറോ പിഴയുമാണ് കൊടതി ചെറുപ്പക്കാരന് സമ്മാനിച്ചത്. കൂടാതെ കാർ കത്തിച്ച യുവാക്കൾക്ക് 14-16 മാസം നല്ലനടപ്പും വിധിച്ചിട്ടുണ്ട്. പതിനാല് സൂപ്പർകാറുകൾ യുവാവിന് സ്വന്തമായുണ്ടെന്നും, പിതാവിൽ നിന്ന് മാസന്തോറും ചിലവിന് 6500 യൂറോ ലഭിക്കുന്നുണ്ടെന്നും യുവാവ് കോടതിയൽ പറഞ്ഞു.