ഇന്ത്യൻ സാധ്യതകളിൽ പ്രതീക്ഷയോടെ റോൾസ് റോയ്സ്

രാജഭരണകാലം മുതൽ ഇന്ത്യയുമായുള്ള സുദീർഘമായ ബന്ധം മുതലെടുക്കാൻ ബി എം ഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള അത്യാംഡബര കാർ നിർമാതാക്കളായ റോൾസ് റോയ്സിനു മോഹം. ആഡംബര ഹോട്ടലുകളുമായും റിസോർട്ടുകളുമായുമുള്ള പങ്കാളിത്തത്തിൽ ഇന്ത്യയിൽ പ്രതിവർഷം നൂറോളം കാറുകൾ വിൽക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.

ഇന്ത്യ പ്രധാന വിപണിയാമെന്നു റോൾസ് റോയ്സ് മോട്ടോർ കാഴ്സ് ചീഫ് എക്സിക്യൂട്ടീവ് ടോർസ്റ്റെൻ മ്യുള്ളർ ഒട്ടിവോസ് വ്യക്തമാക്കുന്നു. നിലവിൽ ഇന്ത്യ വലിയ വിപണിയല്ലെന്നതു യാഥാർഥ്യമാണെങ്കിലും വരുംവർഷങ്ങൾക്കിടയിൽ മികച്ച വിപണിയായി വളരാനുള്ള സാധ്യത തള്ളിക്കളയാനിവില്ല. ഇപ്പോൾ വർഷം തോറും 70 — 80 കാറുകളാണു റോൾസ് റോയ്സ് ഇന്ത്യയിൽ വിൽക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഭാവിയിൽ ഇന്ത്യൻ വിപണിയുടെ വികസനം എങ്ങനെയാവുമെന്നു കാത്തിരുന്നു കാണാനാണു റോൾസ് റോയ്സിന്റെ പദ്ധതി. വൈകാതെ ഇന്ത്യയിലെ വാർഷിക വിൽപ്പന 100 യൂണിറ്റ് പിന്നിടുമെന്ന ഉറച്ച പ്രതീക്ഷയാണ് ഒട്ടിവോസിനുള്ളത്. ദീർഘകാലമായി തുടരുന്ന, ചരിത്രപ്രധാനമായ ബന്ധമാണു റോൾസ് റോയ്സും ഇന്ത്യയുമായുള്ളത്. ജന്മനാടായ യു കെയ്ക്കു പുറത്ത് റോൾസ് റോയ്സ് ആദ്യമായി വിറ്റഴിഞ്ഞ ആദ്യ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം അനുസ്മരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയുമായി മികച്ച ബന്ധം നിലനിർത്താൻ റോൾസ് റോയ്സ് അതീവ തൽപരരുമാണ്.

ഫ്രാങ്ക്ഫുർട്ട് മോട്ടോർ ഷോയിൽ അനാവരണം ചെയ്ത ‘ഡോൺ’ അടുത്ത ഏപ്രിലോടെ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെന്നും ഒട്ടിവോസ് അറിയിച്ചു. യൂറോപ്പിൽ 2.77 ലക്ഷം യൂറോ(ഏകദേശം 2.06 കോടി രൂപ) വിലമതിക്കുന്ന കാറിന്റെ ഇന്ത്യയിലെ വില റോൾസ് റോയ്സ് പ്രഖ്യാപിച്ചിട്ടില്ല.

ഇന്ത്യൻ ഹോട്ടൽ വ്യവസായ മേഖലയിൽ മികച്ച വിപണന സാധ്യതയുണ്ടെന്നാണു റോൾസ് റോയ്സിന്റെ വിലയിരുത്തൽ. അത്യാഡംബര ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും പഞ്ഞമില്ലാത്ത ഇന്ത്യയിൽ അതിഥികളെ സ്വീകരിച്ചാനയിക്കാനായി റോൾസ് റോയ്സിന്റെ കാറുകൾ ആവശ്യമുണ്ടെന്നും ഒട്ടിവോസ് കരുതുന്നു. ഇതുസംബന്ധിച്ച് ഹോട്ടൽ ഗ്രൂപ്പുകളുമായി ചർച്ചകൾ നടത്തി ഈ മേഖലയിലെ സാധ്യത മുതലെടുക്കാനാണു കമ്പനിയുടെ പദ്ധതി.

ഉടമകളുടെ അഭിരുചികൾക്കനുസൃതമായാണു റോൾസ് റോയ്സിൽ നിന്നുള്ള അത്യാഡംബര കാറുകൾ പിറവിയെടുക്കുന്നത്; സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും അടിസ്ഥാനത്തിൽ 5.07 കോടി രൂപ മുതൽ 8.90 കോടി രൂപ വരെയാണു കാറുകളുടെ വില. കഴിഞ്ഞ വർഷം ആഗോളതലത്തിൽ നാലായിരത്തിലേറെ കാറുകളാണു റോൾസ് റോയ്സ് വിറ്റത്; തുടർച്ചയായ അഞ്ചാം വർഷവും വിൽപ്പനയിൽ പുതിയ റെക്കോർഡ് സൃഷ്ടിക്കാനും കമ്പനിക്കു കഴിഞ്ഞിരുന്നു.