‘ക്ലാസിക് 500’ പരിമിതകാല പതിപ്പുമായി എൻഫീൽഡ്

ക്ലാസിക് 500 സ്വാഡ്വൺ ബ്ലൂ ഡസ്പാച്ച്

ലോക മഹായുദ്ധകാലത്ത് ആശയവിനിയമത്തിൽ നിർണായക പങ്ക് വഹിച്ച ഡസ്പാച്ച് റൈഡർമാരിൽ നിന്നു പ്രചോദിതമായി റോയൽ എൻഫീൽഡ് പുതിയ പരിമിതകാല പതിപ്പ് പുറത്തിറക്കുന്നു. ഓൺലൈൻ വഴി മാത്രമാവും ഈ ബൈക്കുകളുടെ വിൽപ്പനയെന്നും ഐഷർ മോട്ടോഴ്സിന്റെ ഇരുചക്രവാഹന നിർമാണ വിഭാഗമായ റോയൽ എൻഫീൽഡ് വ്യക്തമാക്കിയിട്ടുണ്ട്.

ബൈക്കുകളുടെ പരിമിതകാല പതിപ്പിനൊപ്പം റൈഡിങ് ഗീയർ, അക്സസറികൾ എന്നിവയുടെ പുത്തൻ ശേഖരം ആഭ്യന്തര, വിദേശ വിപണികളിൽ അവതരിപ്പിക്കാനും റോയൽ എൻഫീൽഡ് തയാറെടുക്കുന്നുണ്ട്. ഓൺലൈൻ വ്യവസ്ഥയിലുള്ള ഗീയർ സ്റ്റോറുകളിൽ ബുക്ക് ചെയ്യുന്ന പരിമിതകാല പതിപ്പിന്റെ വിതരണം ജൂലൈ മധ്യത്തിൽ ആരംഭിക്കുമെന്ന് റോയൽ എൻഫീൽഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സിദ്ധാർഥ് ലാൽ അറിയിച്ചു.

‘ക്ലാസിക് 500’ അടിസ്ഥാനമാക്കിയാണു റോയൽ എൻഫീൽഡ് പരിമിതകാല പതിപ്പ് സാക്ഷാത്കരിക്കുക; ഇത്തരത്തിൽപെട്ട 600 ബൈക്കുകൾ മാത്രമാണു വിൽപ്പനയ്ക്കെത്തുകയെന്നും ലാൽ വ്യക്തമാക്കി.

ക്ലാസിക് 500 ഡെസേർട്ട് സ്റ്റോം ഡസ്പാച്ച്

ലോകമഹായുദ്ധ വേളകളിൽ സൈനിക ആസ്ഥാനത്തു നിന്നുള്ള തന്ത്രപ്രധാന സന്ദേശങ്ങൾ യുദ്ധഭൂമിയിലെത്തിച്ചിരുന്നതിൽ നിർമാണയക കണ്ണികളായി പ്രവർത്തിച്ച ഡസ്പാച്ച് റൈഡർമാർ ഉപയോഗിച്ചിരുന്ന ബൈക്കുകളിൽ നിന്നാണു റോയൽ എൻഫീൽഡ് പുതിയ ശ്രേണിക്കുള്ള പ്രചോദനം കണ്ടെത്തുന്നത്. മൂന്നു നിറങ്ങളിലാണു പരിമിതകാല പതിപ്പ് വിൽപ്പനയ്ക്കെത്തുക; ഓരോ നിറത്തിലും 200 ബൈക്ക് വീതം വിൽപ്പനയ്ക്കുണ്ടാവുമെന്നു ലാൽ വിശദീകരിച്ചു. ഇതിൽ ഡെസേർട്ട് സ്റ്റോം ഡസ്പാച്ച്, സ്വാഡ്വൺ ബ്ലൂ ഡസ്പാച്ച് നിറങ്ങൾ ഇന്ത്യയിലും ബാറ്റിൽ ഗ്രീൻ ഡസ്പാച്ച് എന്ന മൂന്നാം നിറം വിദേശ വിപണികളിലുമാണു ലഭ്യമാവുക.

ഇതിനു പുറമെ ലോകമഹായുദ്ധ കാലത്തെ അനുസ്മരിപ്പിക്കുന്ന ലതർ ജാക്കറ്റുകളും ആങ്കിൾ ഗാർഡുള്ള ഷൂസുമൊക്കെ റോയൽ എൻഫീൽഡ് വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്. ഇന്ത്യയ്ക്കു പുറമെ നിലവിൽ കമ്പനിക്കു സാന്നിധ്യമുള്ള 50 വിദേശ വിപണികളിലും ഇവ വിൽപ്പനയ്ക്കുണ്ടാവും.

ഇന്ത്യയിൽ ഇപ്പോൾ നാനൂറോളം വിപണന കേന്ദ്രങ്ങളാണുള്ളതെന്നു ലാൽ വെളിപ്പെടുത്തി; ഇതിൽ 250 സ്ഥലങ്ങളിലാണ് ഗീയറും അക്സസറികളും വിൽപ്പനയ്ക്കുള്ളത്. വർഷാവസാനത്തോടെ ഔട്ട്ലെറ്റുകളുടെ എണ്ണം 500 ആയും അക്സസറി വിൽപ്പനകേന്ദ്രങ്ങളുടെ എണ്ണം 400 ആയും ഉയർത്താനാണു കമ്പനിയുടെ പദ്ധതി. വിദേശത്താവട്ടെ ലാറ്റിൻ അമേരിക്കയും ദക്ഷിണ പൂർവ ഏഷ്യയും പോലുള്ള മേഖലകളിലാണു കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.