ബുള്ളറ്റിന് പുതു നിറം

Royal Enfield Classic 500 Squadron Blue

ഇന്ത്യൻ വ്യോമസേനയോടുള്ള ആദരസൂചകമായി ‘ക്ലാസിക് 500’ ശ്രേണിയിൽ റോയൽ എൻഫീൽഡ് പുതുനിറം അവതരിപ്പിച്ചു. വ്യോമസേനയെ പ്രതിനിധാനം ചെയ്യുന്ന ഈ നീല നിറത്തിന് ‘സ്ക്വാഡ്രൺ ബ്ലൂ’ എന്നാണു പേരിട്ടിരിക്കുന്നത്; ഡൽഹിയിൽ 1,86,688 രൂപയാണു ബൈക്കിന്റെ ഓൺ റോഡ് വില. മുംബൈയിൽ 1,93,372 രൂപ, ചെന്നൈയിൽ 1,89,350 രൂപ, ബെംഗളൂരുവിൽ 1,98,649 രൂപ, കൊൽക്കത്തിൽ 1,96,700 രൂപ എന്നിങ്ങനെയാണു മറ്റു നഗരങ്ങളിൽ ബൈക്കിന്റെ വില. ‘സ്ക്വാഡ്രൺ ബ്ലൂ’ നിറത്തിലുള്ള ‘ക്ലാസിക് 500’ വകഭേദത്തിനുള്ള ബുക്കിങ് രാജ്യവ്യാപകമായി ഡീലർഷിപ്പുകളിൽ സ്വീകരിച്ചു തുടങ്ങിയതായും ഐഷർ മോട്ടോഴ്സിന്റെ ഇരുചക്രവാഹന നിർമാണവിഭാഗമായ റോയൽ എൻഫീൽഡ് അറിയിച്ചു.

Royal Enfield Classic 500 Despatch Edition

ലോക മഹായുദ്ധ കാലത്തോളം നീളുന്ന സൈനിക ബന്ധമാണു റോയൽ എൻഫീൽഡിന്റേത്; ബ്രിട്ടീഷ് പട്ടാളം വ്യാപകമായ ‘ബുള്ളറ്റ്’ ബൈക്കുകൾ ഉപയോഗിച്ചിരുന്നു. സ്വാതന്ത്യ്രം ലഭിച്ച ശേഷം ഇന്ത്യൻ സൈനിക വിഭാഗങ്ങളും ‘ബുള്ളറ്റു’മായുള്ള ബന്ധം നിലനിർത്തി. 1952ൽ 800 ബൈക്കുകളാണ് കരസേന റോയൽ എൻഫീൽഡിൽ നിന്നു വാങ്ങിയത്. 1955ൽ ഇന്ത്യയിൽ ഉൽപ്പാദനം ആരംഭിച്ചതോടെ കരസേനയ്ക്കുള്ള ബൈക്ക് വിൽപ്പനയും റോയൽ എൻഫീൽഡ് ഊർജിതമാക്കി. അൻപതുകൾ മുതൽ തന്നെ ഇന്ത്യൻ വ്യോമസേനയും ‘ബുള്ളറ്റ്’ ബൈക്കുകൾ ഉപയോഗിക്കുന്നുണ്ട്. സേനാവിഭാഗമായ എയർ ഫോഴ്സ് പൊലീസാണ് റോയൽ എൻഫീൽഡ് ബൈക്കുകളുടെ പ്രധാന ഉപയോക്താക്കൾ.

Royal Enfield Classic 500 Limited Edition

യുദ്ധാനന്തര കാലത്തെ മോഡലുകളിൽ നിന്നു പ്രചോദിതമായ ‘ഡെസ്പാച് എഡീഷനി’ലെ ബൈക്കുകൾക്ക് ഇരട്ട വർണ സങ്കലനമാണു പകിട്ടേകിയിരുന്നതെങ്കിൽ ‘സ്വാഡ്രൺ ബ്ലൂ’വിൽ വൃത്തിയുള്ള മാറ്റ് ബ്ലൂ ഫിനിഷാണു റോയൽ എൻഫീൽഡ് സ്വീകരിച്ചിരിക്കുന്നത്. നിറത്തിലെ മാറ്റമൊഴികെ ‘ക്ലാസിക് 500’ ബൈക്കിന്റെ സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല; 499 സി സി, സിംഗിൾ സിലിണ്ടർ, ഇരട്ട സ്പാർക്ക് എൻജിനാണു ബൈക്കിലുള്ളത്. പരമാവധി 27.2 ബി എച്് പി കരുത്തും 41.3 എൻ എം ടോർക്കും സൃഷ്ടിക്കുന്ന എൻജിനു കൂട്ടായി അഞ്ചു സ്പീഡ് ട്രാൻസ്മിഷനാണ്. ലോകമഹായുദ്ധ കാലത്തെ സാന്നിധ്യത്തെയും പ്രതിരോധ സേനകളുമായുള്ള ഗാഢബന്ധത്തെയുമാണ് ‘ക്ലാസിക് 500 സ്വാഡ്രൺ ബ്ലൂ’ ബൈക്കിലൂടെ കമ്പനി അഭിവാദ്യം ചെയ്യുന്നതെന്നു റോയൽ എൻഫീൽഡ് പ്രസിഡന്റ് രുദ്രതേജ് സിങ് അഭിപ്രായപ്പെട്ടു. കമ്പനിയുടെ പ്രൗഢമായ സൈനിക പാരമ്പര്യംഉപയോക്താക്കളിൽ എത്തിക്കാനുള്ള ശ്രമമെന്ന നിലയിലാണു പുതിയ വകഭേദം അവതരിപ്പിക്കുമ്പോൾ പ്രചോദനമായത് ഇന്ത്യൻ വ്യോമസേനയാണെന്നും അദ്ദേഹം വിശദീകരിച്ചു.