ബുള്ളറ്റിന് പുതിയ നിറങ്ങൾ

Royal Enfield Classic 500

ഇതിഹാസ മാനങ്ങളുള്ള ‘ബുള്ളറ്റ്’ ശ്രേണിക്ക് പുത്തൻ വർണങ്ങളുടെ പകിട്ടുമായി റോയൽ എൻഫീൽഡ്. നിലവിലുള്ള മോഡലുകൾക്ക് ഒൻപതു പുതിയ നിറങ്ങളാണ് ഐഷർ ഗ്രൂപ്പിന്റെ ഇരുചക്രവാഹന നിർമാണ വിഭാഗമായ റോയൽ എൻഫീൽഡ് സമ്മാനിച്ചിരിക്കുന്നത്. ‘ക്ലാസിക്കി’ന് നാലു പുതുവർണങ്ങൾ ലഭിച്ചപ്പോൾ ‘ബുള്ളറ്റി’ന്റെ വരവ് മൂന്നു പുതിയ നിറങ്ങളിലാണ്. ഹൈവേ ക്രൂസറായ ‘തണ്ടർ ബേഡി’നും കഫെ റേസറായ ‘കോണ്ടിനെന്റൽ ജി ടി’ക്കും ഓരോ പുതുനിറം ലഭിച്ചു. എല്ലാ മോഡലുകളിലും നിലവിലുള്ള വർണങ്ങൾക്കു പുറമെയാണു പുത്തൻ നിറങ്ങൾ ലഭ്യമാക്കിയതെന്നും റോയൽ എൻഫീൽഡ് വ്യക്തമാക്കി. പുതിയ നിറങ്ങളിലുള്ള ബൈക്കുകൾക്കുള്ള ബുക്കിങ് രാജ്യത്തെ എല്ലാ റോയൽ എൻഫീൽഡ് കമ്പനി സ്റ്റോറുകളും ഡീലർഷിപ്പുകളും സ്വീകരിച്ചു തുടങ്ങിയിട്ടുമുണ്ട്.

Royal Enfield Thunderbird 500

റോയൽ എൻഫീൽഡ് ‘ക്ലാസിക്കി’ന്റെ 500 സി സി വകഭേദത്തിൽ ക്രോം ഗ്രീൻ, ക്ലാസിക് ക്രോം ഗ്രേ എന്നിവയാണു പുതിയ നിറക്കൂട്ടുകൾ; ബൈക്കിന്റെ 350 സി സി വകഭേദം ഇനി മിന്റ്, ചെസ്റ്റ്നട്ട് നിറങ്ങളിലും ലഭ്യമാവും. ‘കോണ്ടിനെന്റൽ ജി ടി’യുടെ പുതുനിറത്തിന് ‘ജി ടി ഗ്രീൻ’ എന്നാണു പേര്.ആരാധകരേറെയുള്ള ‘ബുള്ളറ്റി’ന്റെ 500 സി സി വകഭേദത്തിൽ മാർഷ് ഗ്രേയാണു പുതുവർണം. ‘ബുള്ളറ്റ് 350 ഇലക്ട്ര’ മേലിൽ മറൂൺ, ബ്ലൂ നിറങ്ങളിലും നിരത്തിലെത്തും. ക്രൂസറായ ‘തണ്ടർബേഡി’ലെ പുതുനിറം ആസ്ഫാൾട്ടാണ്.

പുത്തൻ നിറക്കൂട്ടുകൾ അവതരിപ്പിക്കുമ്പോൾ ബൈക്കുകളുടെ വിലയിൽ മാറ്റമില്ലെന്നും റോയൽ എൻഫീൽഡ് അറിയിച്ചിട്ടുണ്ട്. ‘തണ്ടർബേഡ് 350’ ഡൽഹി നിരത്തിൽ 1, 53,598 രൂപയ്ക്കും ‘തണ്ടർബേഡ് 500’ 1, 95,498 രൂപയ്ക്കും ലഭിക്കും. ‘ബുള്ളറ്റ് 500’ സ്വന്തമാക്കാൻ 1,69,688 രൂപയും ‘ബുള്ളറ്റ് 350’ ലഭിക്കാൻ 1,32,788 രൂപയും മുടക്കണം. ‘കോണ്ടിനെന്റൽ ജി ടി’യുടെ ‘ജി ടി ഗ്രീൻ’ ബൈക്കിനു ഡൽഹിയിലെ വില 2,16,246 രൂപയാണ്. പച്ചയ്ക്കു പുറമെ ജി ടി റെഡ്, ജി ടി യെലോ, ജി ടി ബ്ലാക്ക് നിറങ്ങളിലും ‘കഫെ റേസർ’ ലഭ്യമാണ്.