‘ബുള്ളറ്റി’നും റോഡ്സൈഡ് അസിസ്റ്റൻസ് സൗകര്യം

‘ബുള്ളറ്റ്’ ശ്രേണിയിലെ മോട്ടോർ സൈക്കിളുകൾക്ക് ഒരു വർഷക്കാലത്തെ സൗജന്യ റോഡ്സൈഡ് അസിസ്റ്റൻസ്(ആർ എസ് എ) പദ്ധതിയുമായി റോയൽ എൻഫീൽഡ്. പുതിയ ബൈക്കുകൾക്കു സൗജന്യമായി ലഭിക്കുന്ന ആർ എസ് എ സൗകര്യം അഞ്ചു വർഷം വരെ പഴക്കമുള്ള വാഹനങ്ങളുടെ ഉടമകൾക്ക് പ്രീമിയം അടച്ചും സ്വന്തമാക്കാമെന്ന് ഐഷർ ഗ്രൂപ്പിന്റെ ഇരുചക്ര വാഹന നിർമാണ വിഭാഗമായ റോയൽ എൻഫീൽഡ് അറിയിച്ചു.ബൈക്ക് ഉടമകൾക്കു മികച്ച സേവനം ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആർ എസ് എ അവതരിപ്പിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. ‘ബുള്ളറ്റ്’ ബൈക്കുകൾ വിദൂര സ്ഥലങ്ങളിലും മറ്റും ധാരാളമായി എത്തിപ്പെടാറുള്ള സാഹചര്യത്തിൽ ആർ എസ് എ സേവനം വാഹന ഉടമകൾക്ക് ഏറെ ഗുണകരമാവുമെന്നാണു പ്രതീക്ഷ.

വാഹനം വാങ്ങുമ്പോൾ സൗജന്യമായി ലഭിക്കുന്ന ആർ എസ് എയുടെ കാലാവധി ഒരു വർഷമാവും. തുടർന്നും ഈ സേവനം ആഗ്രഹിക്കുന്നവർക്ക് പ്രീമിയം നൽകി ആർ എസ് എ നിലനിർത്താം. ഒന്നു മുതൽ മൂന്നു വർഷം വരെ പഴക്കമുള്ള റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് ആർ എസ് എ ലഭിക്കാൻ പ്രതിവർഷം 800 രൂപ നൽകണം. മൂന്നു മുതൽ അഞ്ചു വർഷം വരെ പഴക്കമുള്ള ബൈക്കുകൾക്കുള്ള വാർഷിക പ്രീമിയം 1,000 രൂപയാണ്. അഞ്ചു വർഷത്തിനു മുകളിൽ പഴക്കമുള്ള ബൈക്കുകൾക്ക് ആർ എസ് എ ലഭ്യമല്ലെന്നും കമ്പനി വ്യക്തമാക്കുന്നു.

സാങ്കേതിക തകരാറുകൾക്കൊപ്പം ഇലക്ട്രിക്കൽ കാരണങ്ങളാൽ വഴിയിലായി പോകുന്ന ബൈക്കുകൾക്കും റോയൽ എൻഫീൽഡ് ആർ എസ് എ പ്രകാരം വിദഗ്ധരുടെ സേവനം ലഭ്യമാവും. അപകടത്തിൽ പെടുന്ന ബൈക്കുകൾ 100 കിലോമീറ്റർ ദൂരപരിധിക്കുള്ളിലെ സർവീസ് സെന്ററിൽ സൗജന്യമായി എത്തിക്കുമെന്നും വാഗ്ദാനമുണ്ട്. അതേസമയം 100 കിലോമീറ്ററിലേറെ അകലെയാണു സർവീസ് സെന്റർ എങ്കിൽ വാഹനം എത്തിക്കാൻ പണം നൽകേണ്ടി വരും. ടയർ പഞ്ചർ ആയാലും ഇന്ധനം തീർന്നു പോയാലും ബാറ്ററി പ്രവർത്തന രഹിതമായാലുമൊക്കെ ആർ എസ് എ പ്രകാരം സഹായം ലഭ്യമാവുമെന്ന് റോയൽ എൻഫീൽഡ് അറിയിച്ചു.