റോയൽ എൻഫീൽഡ് അയർലൻഡിൽ

ഐഷർ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ഇരുചക്രവാഹന നിർമാതാക്കളായ റോയൽ എൻഫീൽഡിന്റെ അയർലൻഡിലെ ആദ്യ ഡീലർഷിപ് പ്രവർത്തനം ആരംഭിച്ചു. കോ ലിമെറിക് ആസ്ഥാനമായ റിട്രോ വെഞ്ച്വേഴ്സുമായി സഹകരിച്ചാണു ‘ബുള്ളറ്റ്’ നിർമാതാക്കളായ റോയൽ എൻഫീൽഡ് അയർലൻഡിലേക്കു പ്രവർത്തനം ആരംഭിച്ചത്. രണ്ടു വർഷമായി റിട്രോ വെഞ്ച്വേഴ്സ് ‘ബുള്ളറ്റ്’ ബൈക്കുകൾ അയർലൻഡിൽ വാടകയ്ക്കു നൽകുന്നുണ്ട്. ഇങ്ങനെ ലഭിച്ച മികച്ച പ്രതിച്ഛായ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടാണു കമ്പനി അയർലൻഡിൽ ഡീലർഷിപ് ആരംഭിച്ചു പ്രവർത്തനം വിപുലീകരിച്ചത്.


അയർലൻഡിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് രണ്ടു വർഷമായി റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിളുകൾ വാടകയ്ക്കു നൽകുന്നുണ്ടെന്നു റിട്രോ വെഞ്ച്വേഴ്സ് മാനേജിങ് ഡയറക്ടർ ക്രിസ് ഡേവിഡ്സൻ അറിയിച്ചു. ബൈക്കുകൾക്കുള്ള ആവശ്യം നിരന്തരം ഉയർന്നതും ‘ബുള്ളറ്റി’നെക്കുറിച്ചുള്ള അനുകൂല പ്രതികരണങ്ങളും മാത്രമല്ല ഇത്തരം ബൈക്കുകൾ വാങ്ങാൻ ആഗ്രഹിച്ചെത്തുന്നവരുടെ എണ്ണപ്പെരുപ്പവുമാണു കമ്പനിയെ ഇരുത്തിച്ചിന്തിപ്പിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇതോടെ വിപണിയെക്കുറിച്ചും വിപണന സാധ്യതയെക്കുറിച്ചും പഠിക്കാൻ വിശദ സർവേ തന്നെ റിട്രോ വെഞ്ച്വേഴ്സ് നടത്തി. ഈ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് അയർലൻഡിൽ റോയൽ എൻഫീൽഡ് ഷോറൂം തുറക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.


ലോകത്ത് തുടർച്ചയായി നിർമാണത്തിലുള്ള മോട്ടോർ സൈക്കിൾ ബ്രാൻഡുകളിൽ ഏറ്റവും പഴക്കമേറിയത് എന്ന പെരുമ റോയൽ എൻഫീൽഡിനു സ്വന്തമാണ്. ആഗോളതലത്തിൽ മാസം തോറും അരലക്ഷത്തിലേറെ ‘ബുള്ളറ്റ്’ മോട്ടോർ സൈക്കിളുകളാണു കമ്പനി വിൽക്കുന്നത്. വർധിച്ചു വരുന്ന ആവശ്യം നിറവേറ്റാൻ ചെന്നൈ നഗരപ്രാന്തത്തിൽ മൂന്നാമതു നിർമാണശാല സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണു റോയൽ എൻഫീൽഡ്. ഇതോടെ 2018 ആകുമ്പോൾ വാർഷിക ഉൽപ്പാദനശേഷി ഒൻപതു ലക്ഷം യൂണിറ്റിലെത്തിക്കാനാണു കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. ഇന്ത്യയിൽ കമ്പനി നേരിട്ടു നടത്തുന്ന 17 സ്റ്റോറുകളും 496 ഡീലർഷിപ്പുകളുമാണു റോയൽ എൻഫീൽഡിനുള്ളത്. ഇതിനു പുറമെ യു എസ്, യു കെ, യൂറോപ്പ്, ലാറ്റിൻ അമേരിക്ക, മധ്യ പൂർവ ദേശം, ദക്ഷിണ പൂർവ ഏഷ്യ മേഖലകളിലെ അൻപതോളം രാജ്യങ്ങളിലേക്ക് കമ്പനി മോട്ടോർ സൈക്കിളുകൾ കയറ്റുമതി ചെയ്യുന്നുമുണ്ട്.