‘ബുള്ളറ്റ്’ ഷോറൂമുകളിൽ മാറ്റത്തിന്റെ കാറ്റ്

ബൈക്ക് വിൽപ്പനയ്ക്കപ്പുറമുള്ള ബിസിനസ് സാധ്യതകളുള്ള പുത്തൻ ഷോറൂമുകൾ തുറക്കാൻ ഐഷർ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ഇരുചക്രവാഹന നിർമാതാക്കളായ റോയൽ എൻഫീൽഡ് തയാറെടുക്കുന്നു. ആശയം ഇപ്പോഴും പരീക്ഷണഘട്ടത്തിലാണെന്നും ഭക്ഷണശാല പോലുള്ള വ്യത്യസ്ത സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാവുന്ന ഷോറൂമുകളാണു പരിഗണിക്കുന്നതെന്നും ഐഷർ മോട്ടോഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സിദ്ധാർഥ ലാൽ അറിയിച്ചു.

ഇതിനായി കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ മെമ്മേറാണ്ടം ഓഫ് അസോസിയേഷനിലെ ‘ഒബ്ജക്റ്റ്’ വ്യവസ്ഥയിൽ ആവശ്യമായ ഭേദഗതി വരുത്തിയതായും ഐഷർ മോട്ടോഴ്സ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു. ഇതോടെയാണു ഷോറൂമുകൾക്കൊപ്പം വസ്ത്രങ്ങളുടെയും മർച്ചൻഡൈസിന്റെയും അക്സസറികളുടെയും വിൽപ്പന നടത്താനും റസ്റ്ററന്റ്, കഫിറ്റീരിയ, പബ്, ബാർ, ബ്രൂവറി തുടങ്ങിയ സ്ഥാപിക്കാനുമൊക്കെ വഴി തെളിഞ്ഞത്.

ഇന്ത്യയിൽ നാനൂറോളം ഡീലർഷിപ്പുകളാണു ‘ബുള്ളറ്റ്’ നിർമാതാക്കളായ റോയൽ എൻഫീൽഡിന് ഇപ്പോഴുള്ളത്; കൂടാതെ അക്സസറികളും റൈഡിങ് ഗീയറും വിൽക്കുന്ന ഏഴെട്ടു സ്റ്റോറുകളും കമ്പനിക്കുണ്ട്. ഡീലർഷിപ്പുകളുടെ എണ്ണം 500 ആയി ഉയർത്താനുള്ള നടപടികൾ നിലവിൽ പുരോഗതിയിലാണ്. അടുത്ത വർഷം തുറക്കുന്ന ഡീലർഷിപ്പുകളിൽ ഒന്നോ രണ്ടോ എണ്ണം പുതിയ മാതൃകയിലുള്ളതാവുമെന്നു ലാൽ പറയുന്നു. പദ്ധതി വിജയിച്ചാൽ ഇത്തരത്തിൽപെട്ട കൂടുതൽ ഡീലർഷിപ്പുകൾ തുറക്കും. അതുപോലെ പരീക്ഷണം പരാജയപ്പെട്ടാൽ സംരംഭം ഉപേക്ഷിക്കുമെന്നും ലാൽ വ്യക്തമാക്കുന്നു.

റോയൽ എൻഫീൽഡിനെ സംബന്ധിച്ചിടത്തോളം വിൽപ്പനയിലും വരുമാനത്തിലുമെല്ലാം കഴിഞ്ഞ ഏപ്രിൽ — ജൂൺ ത്രൈമാസം മികച്ചതായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. ക്രമമായി വളർച്ച കൈവരിച്ചതോടെ 2015ന്റെ രണ്ടാം പാദത്തിൽ ഒരു ലക്ഷത്തിലേറെ ബൈക്കുകളാണു കമ്പനി വിറ്റത്. പോരെങ്കിൽ ഇതാദ്യമായി മൂന്നു മാസക്കാലത്തെ വിറ്റുവരവ് 1,000 കോടി രൂപയും പിന്നിട്ടും.

ആഭ്യന്തര വിപണിയിൽ ബ്രാൻഡ് ശക്തമായതോടെ റോയൽ എൻഫീൽഡിനെ രാജ്യാന്തര തലത്തിൽ വളർത്താനാണു ലാലിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ആഗോളതലത്തിൽ തന്ത്രപ്രധാന വിപണികളിലെല്ലാം സാന്നിധ്യം ഉറപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കം. ബ്രാൻഡ് വിപുലീകരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാൻ അടുത്ത ഒരു വർഷക്കാലം ലണ്ടനിലേക്കു മാറി നിൽക്കാനും ലാൽ തീരുമാനിച്ചിട്ടുണ്ട്.

രാജ്യാന്തര വിപണികൾ ലക്ഷ്യമിട്ടു രണ്ടു പുത്തൻ പ്ലാറ്റ്ഫോമുകൾ പുറത്തിറക്കുമെന്ന് ഐഷർ മോട്ടോഴ്സ് മുമ്പേ പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ വിപണികൾക്കായി 250 മുതൽ 750 സി സി വരെ എൻജിൻ ശേഷിയുള്ള മോട്ടോർ സൈക്കിളുകളാവും കമ്പനി നിർമിക്കുക.