‘ബുള്ളറ്റി’ന്റെ പ്രതിമാസ ഉൽപ്പാദനം അര ലക്ഷത്തിലേക്ക്

വിപണിയിൽ നിന്നുള്ള വർധിച്ച ആവശ്യം നിറവേറ്റാനായി ഉൽപ്പാദനശേഷി ഗണ്യമായി ഉയർത്താൻ ഐഷർ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള റോയൽ എൻഫീൽഡ് ഒരുങ്ങുന്നു. പ്രതിമാസ വിൽപ്പനയിൽ 40 ശതമാനത്തോളം വർധന കൈവരിച്ചു മുന്നേറുന്ന റോയൽ എൻഫീൽഡിന്റെ ‘ബുള്ളറ്റ്’ മോട്ടോർ സൈക്കിളുകൾ സ്വന്തമാക്കാൻ മാസങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഈ പ്രശ്നം പരിഹരിക്കാൻ ഡിസംബറോടെ പ്രതിമാസ ഉൽപ്പാദനം 52,000 യൂണിറ്റായി ഉയർത്താനാണു കമ്പനിയുടെ ശ്രമം; നിലവിൽ മാസം തോറും 36,500 ബൈക്കുകളാണു ചെന്നൈ ആസ്ഥാനമായ റോയൽ എൻഫീൽഡ് നിർമിക്കുന്നത്.

ഇക്കൊല്ലത്തിന്റെ ആദ്യ പകുതിയിൽ ‘ബുള്ളറ്റ്’ വിൽപ്പനയിൽ 45 ശതമാനത്തോളം വളർച്ച കൈവരിച്ചെന്നാണു കണക്ക്. വിൽപ്പനയിലെ വർധന നിലനിർക്കുമെന്ന വിലയിരുത്തലിൽ ചെന്നൈയിൽ നിലവിലുള്ള ശാലകൾക്കു സമീപമായി മൂന്നാം പ്ലാന്റ് സ്ഥാപിക്കാൻ 70 കോടി രൂപ ചെലവിൽ സ്ഥലം ഏറ്റെടുത്തെന്നു റോയൽ എൻഫീൽഡ് പ്രസിഡന്റ് രുദ്രതേജ് സിങ് അറിയിച്ചു. ഒപ്പം ഡിസംബറോടെ പ്രതിമാസ ഉൽപ്പാദനം 52,000 യൂണിറ്റായി ഉയർത്താനും നടപടി തുടങ്ങി. ഇതോടെ ‘ബുള്ളറ്റി’നുള്ള കാത്തിരിപ്പ്കാലം ഇപ്പോഴത്തെ അഞ്ചു മാസത്തിൽ നിന്നു ഗണ്യമായി കുറയ്ക്കാനാവുമെന്നും കമ്പനി കരുതുന്നു.

എന്നാൽ ഇക്കൊല്ലത്തെയും വാർഷിക ഉൽപ്പാദനം നാലര ലക്ഷം ബൈക്കുകളായി തന്നെ തുടരുമെന്നാണു റോയൽ എൻഫീൽഡിന്റെ കണക്ക്.ഡിസംബറോടെ പ്രതിമാസ ഉൽപ്പാദന 50,000 — 52,000 യൂണിറ്റായി ഉയർത്തി വാർഷിക ഉൽപ്പാദനം 6.25 ലക്ഷം യൂണിറ്റിലെത്തിക്കാനാണു കമ്പനിയുടെ ശ്രമമെന്നു സിങ് വിശദീകരിച്ചു. കഴിഞ്ഞ അഞ്ചു വർഷമായി ‘ബുള്ളറ്റ്’ വിൽപ്പനയിൽ വർഷം തോറും 50% വളർച്ച രേഖപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

വിൽപ്പന ഉയരുന്നതു മുൻനിർത്തി ഡിസംബറോടെ 85 പുതിയ വിൽപ്പന, സർവീസ് കേന്ദ്രങ്ങൾ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ രാജ്യത്തെ ‘ബുള്ളറ്റ്’ ഷോറൂമുകളുടെ എണ്ണം അഞ്ഞൂറോളമാകും. പുതിയ വിൽപ്പന കേന്ദ്രങ്ങളിൽ ഇരുപതോളം എണ്ണം ‘ബുള്ളറ്റി’ന്റെ പ്രധാന വിപണിയായ മഹാരാഷ്ട്രയിലാവുമെന്നും രുദ്രതേജ് സിങ് വെളിപ്പെടുത്തി.

തുടർച്ചയായി ബൈക്ക് ഉൽപ്പാദനവും വിൽപ്പനയും നടത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും പഴയ കമ്പനിയായാണു റോയൽ എൻഫീൽഡ് മാനിക്കപ്പെടുന്നത്. 1901 മുതൽ പ്രവർത്തനരംഗത്തുള്ള കമ്പനി 2014ൽ മൂന്നു ലക്ഷത്തിലേറെ ‘ബുള്ളറ്റ്’ വിറ്റിരുന്നു. ഇതിൽ മൂന്നു ശതമാനത്തോളമായിരുന്നു കയറ്റുമതിയുടെ വിഹിതം.

ഇക്കൊല്ലമാവട്ടെ നാലര ലക്ഷം യൂണിറ്റിന്റെ വിൽപ്പനയാണു റോയൽ എൻഫീൽഡിന്റെ ലക്ഷ്യം; എന്നാൽ ഇപ്പോഴത്തെ നിലയ്ക്ക് ഈ ലക്ഷ്യം അനായാസം മറികടക്കുമെന്നാണു സിങ്ങിന്റെ വിലയിരുത്തൽ. സ്റ്റാൻഡേർഡ് ‘ബുള്ളറ്റി’നു പുറമെ ‘ക്ലാസിക്’, ‘തണ്ടർബേഡ്’, ‘കോണ്ടിനെന്റൽ ജി ടി’ തുടങ്ങിയ മോഡലുകളും റോയൽ എൻഫീൽഡ് ഇന്ത്യയിലും പുറത്തും വിൽക്കുന്നുണ്ട്.