എൻഫീൽഡ് തന്നെ ഒന്നാമൻ

എവിടെ നോക്കിയാലും ബുള്ളറ്റാണല്ലോ എന്നു പിറുപിറുക്കുന്നവരെ കാണണമെങ്കിൽ ഏതെങ്കിലും ട്രാഫിക് സിഗ്‌നലിലോ പാർക്കിങ് ഏരിയയിലോ ചെന്നാൽ മതി. റോയൽ എൻഫീൽഡിന്റെ ഏതു ബൈക്കിനെയും ബുള്ളറ്റ് എന്നു വിളിക്കുന്നതിനാൽ, ഈ അസൂയപ്പെടൽ അതിശയോക്തിയല്ല; തികച്ചും യാഥാർഥ്യം മാത്രം. കേരളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ബൈക്ക് വിൽക്കുന്നത് എൻഫീൽഡാണ്. രാജ്യത്തു കമ്പനി ഒന്നാം സ്ഥാനം നേടിയിട്ടുള്ള ഏക വിപണിയും കേരളം തന്നെ.

Read More: റോയൽ തന്നെ എൻഫീൽഡ്

ലോകത്തുതന്നെ ഏറ്റവുമധികം ബൈക്ക് വിറ്റ് റെക്കോർഡിട്ടിട്ടുള്ള ഹീറോയ്ക്ക് ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇങ്ങനെ എൻഫീൽഡിനു പിന്നിൽ പോകേണ്ടിവന്നിട്ടില്ല. കേരളത്തിൽ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ റോയൽ എൻഫീൽഡിനു രാജപദവിയുണ്ട്. കേരളത്തിലെ ഇരുചക്ര വാഹന വിപണി ദേശീയ ചിത്രത്തിൽനിന്നു വളരെ വ്യത്യസ്തമാണിപ്പോൾ. 70% സ്കൂട്ടറും 30% ബൈക്കും എന്ന നിലയിലാണു വിൽപന. ശരാശരി 55000–60000 ടുവീലറുകളാണു സംസ്ഥാനത്തു മാസംതോറും വിൽക്കുന്നത്. ഇതിൽ 17000–18000 ബൈക്കുകൾ. ഇതിൽ 5000–6000 എണ്ണം എൻഫീൽഡിന്റെ വിവിധ മോഡലുകൾ.

Read More: പുതിയ ബുള്ളറ്റോ പഴയതോ മെച്ചം?

ബൈക്ക് വിപണി ഉയർന്ന എൻജിൻശേഷിയുള്ള മോഡലുകളുടേതാവുകയാണു കേരളത്തിൽ. 150 സിസിക്കു മേൽ ശേഷിയുള്ളവയോടാണു പ്രിയം. 100–125 സിസി വിഭാഗത്തിൽ രാജ്യത്ത് എത്രയോ കാലമായി കിരീടം ചൂടിനിൽക്കുന്ന ഹീറോയ്ക്കു കേരളത്തിൽ കാലിടറാൻ കാരണവും ഇതുതന്നെ. ഇപ്പോൾ മൊത്തം എണ്ണമെടുത്താൽ ഇവിടെ ഹീറോയും ബജാജും രണ്ടാം സ്ഥാനത്താണെന്നു പറയാം. രാജ്യത്തെ ബെസ്റ്റ് സെല്ലർ മോഡലായ സ്പ്ലെൻഡർ അല്ല കേരളത്തിൽ ഹീറോയുടെ ബെസ്റ്റ് സെല്ലർ എന്നതും കൗതുകകരം. ഗ്ലാമറും പാഷനുമാണ് ഇവിടെ ഹീറോയ്ക്കു മികച്ച വിൽപന നേടിക്കൊടുക്കുന്നത്. 125 സിസി വരെയുള്ള വിഭാഗത്തിൽ 70% വിപണിവിഹിതമുള്ളതാണ് ഹീറോയ്ക്ക് തുണയാകുന്നത്. ബജാജിനുവേണ്ടി സ്കോർ നേടുന്നതാകട്ടെ പൾസർ, അവഞ്ചർ തുടങ്ങിയ ഉയർന്ന സിസി മോഡലുകൾ.

Read More: ബൈക്കെന്നാൽ ബുള്ളറ്റല്ലേ

ബൈക്കിങ് ആസ്വദിക്കാൻ വണ്ടി വാങ്ങുന്ന യുവാക്കൾ എൻട്രിലെവൽ, കമ്യൂട്ടർ എന്നൊക്കെ വിളിക്കപ്പെടുന്ന 100–125 സിസി വിഭാഗത്തെ ഒഴിവാക്കുകയാണ്. എന്നാൽ സെയിൽസ്, മാർക്കറ്റിങ്, ചെറുകിട ബിസിനസ് എന്നിങ്ങനെ ജീവിതാവശ്യങ്ങൾ നിറവേറ്റാൻ വാഹനം വേണ്ടുന്നവർ 100–125 സിസി വിഭാഗത്തെ കൈവിടുന്നില്ലെന്നും വാഹന വിപണി നിരീക്ഷിക്കുന്നു. സ്കൂട്ടർ വിപണിയിൽ ഹോണ്ട മറ്റുള്ളവരെക്കാൾ ഏറെ മുന്നിൽത്തന്നെ. ഹീറോയും യമഹയും രണ്ടാം സ്ഥാനത്തിനുവേണ്ടി പൊരുതുന്നു.