പത്ത് കോടിയുടെ സുരക്ഷ

ശതകോടീശ്വരന്മാർക്ക് മാത്രം സ്വന്തമാക്കാൻ സാധിക്കുന്ന ആത്യാഡംബരമാണ് മെയ്ബാക്. ലോകത്ത് ഇതു വരെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും സുരക്ഷിതവും ആഡംബരപൂർണവുമായ കാ‍റുകളിലൊന്ന്. ആഡംബരവും അതിസുരക്ഷയും ഒരുപോലെ ഉറപ്പു തരുന്ന മെയ്ബാക്ക് വിപണിയിലെത്തി. പൂർണമായും ഇറക്കുമതി ചെയ്യുന്ന മെഴ്സിഡീസ് ബെൻസിന്റെ മെയ്ബാക് എസ് 600 ഗാർഡിന് 10.5 കോടി രൂപയാണ് വില.

മെഴ്സിഡീസ് ബെൻസ് മേബാക്ക് എസ് 600 ഗാർഡ് ന്യൂഡൽഹിയിൽ പുറത്തിറക്കിയപ്പോൾ. മെഴ്സിഡീസ് ബെൻസ് ഇന്ത്യ എംഡി റോളണ്ട്ഫോൾഗർ സമീപം.

അതീവ സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഗാർഡിന് സവിശേഷതകൾ ഏറെയാണ്. ബുള്ളറ്റ് പ്രൂഫ്, മൈൻ പ്രൂഫ് സുരക്ഷപോലുള്ള സൂപ്പർ സെക്യൂരിറ്റി പതിപ്പാണിത്. വെടിയുണ്ട, ബോംബ്, ഗ്രനേഡ്, മൈൻ തുടങ്ങി എന്തു വന്നാലും മെയ്ബാക് കുലുങ്ങില്ല. ബുള്ളറ്റ് പ്രൂഫ് അല്ല ബോംബ് പ്രൂഫ് ആണ് വാഹനം. ആധുനിക ബാലിസ്റ്റിക് മിസൈൽ പ്രയോഗങ്ങളും തടയും ഇതിന്റെ ബോഡി. 7.9 സെക്കൻഡ് കൊണ്ട് 100 കിലോമീറ്റർ വേഗം കൈവരിക്കും. പരമാവധി വേഗം മണിക്കൂറിൽ 190 കിലോമീറ്റർ. ബെൻസ് ശ്രേണിയിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വിലയുള്ള കാറാണിത്.

തീ പിടിച്ചാലും മെയ്ബാക്കിൽ അതു കെടുത്താനുള്ള സംവിധാനമുണ്ട്. ഏറ്റവും ഉയർന്ന ബല്ലിസ്റ്റിക് സുരക്ഷാ പരിശോധനകളെല്ലാം പാസ്സായ ഒരേ ഒരു വാഹനമാണ് മെയ്ബാക്. രാജ്യത്തലവന്മാർക്കും, വിവിഐപികൾക്കും സുരക്ഷിത യാത്രയൊരുക്കുന്ന ഈ കാറിന് എസ് ക്ലാസിന്റെ അതേ രൂപമാണ്. ലക്ഷ്വറിയും സുരക്ഷയും ഒരുപോലെ ഒത്തിണങ്ങിയ മെയ്ബാക്കിന്റെ ടയർ പഞ്ചറായാലും 30 കിലോമീറ്റർ വരെ സഞ്ചരിക്കും. പക്ഷേ ടയർ പഞ്ചറാകുന്ന പ്രശ്നമുദിക്കുന്നില്ലല്ലോ.

മെയ്ബാക്കിനു കരുത്തേകുന്നത് 6.0 ലിറ്റർ ട്വിൻ ടർബോ വി–12 എൻജിനാണ്. 530 ബിഎച്ച്പി കരുത്തും 830 എൻഎം ടോർക്കും നൽകും ഈ വി–12 എന്‍ജിൻ. സുരക്ഷയ്ക്കു കൂടുതൽ പ്രാധാന്യം നൽകുന്നതിനാൽ ഏഴ് സ്പീഡ് 7ജി–ട്രോണിക്ക് ഗിയർബോക്സ് ഉപയോഗിക്കുന്ന മെയ്ബാക്കിന്റെ പരമാവധി വേഗത 210 കിലോമീറ്ററാക്കി നിർമാതാക്കൾ നിജപ്പെടുത്തിയിരിക്കുന്നു. 10.5 കോടിയാണ് മെയ്ബാക്കിന്റെ ഡൽഹി എക്സ് ഷോറൂം വില.