പേളിയുടെ മുന്നറിയിപ്പ്: എന്തിനാണീ തിടുക്കം?

പേളി മാണി

അൽപം നേരത്തെയിറങ്ങിയാൽ റോഡിലെ മരണപ്പാച്ചിൽ ഒഴിവാക്കാനാകുമെന്ന് നടിയും അവതാരകയുമായ പേളി മാണി

കാറിനേക്കാൾ ബൈക്കാണ് എനിക്കു പ്രിയം. ഗതാഗതക്കുരുക്കിൽ അധികം പെടാതെ യാത്ര ചെയ്യാമെന്ന ആശ്വാസം ചെറുതല്ല. പക്ഷേ, ഓരോ തവണയും ബൈക്കിൽ യാത്ര ചെയ്യുന്നതിനു മുൻപു ചില കാര്യങ്ങൾ പരിശോധിക്കാറുണ്ട്. ടയറിനുള്ളിൽ കാറ്റുണ്ടോ, ബ്രേക്ക് കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ, ലൈറ്റിന്റെ അവസ്ഥ, ഹെൽമറ്റ് ഇതെല്ലാം നോക്കിയിട്ടേ ബൈക്ക് എടുക്കാറുള്ളൂ. ഇന്നലെ ബൈക്ക് സ്റ്റാർട്ടാക്കാൻ ചെല്ലുമ്പോൾ ബ്രേക്ക് കുറവാണെന്നു കണ്ടപ്പോൾ സുഹൃത്തിന്റെ ബൈക്ക് വാങ്ങിയാണു യാത്ര ചെയ്തത്.

പതിനെട്ടു വയസായപ്പോഴാണു ഞാൻ ഡ്രൈവിങ് ലൈസൻസ് എടുത്തത്. ആദ്യം വാങ്ങിയ ഹീറോ ഹോണ്ട ഗ്ലാമർ ബൈക്കാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമായി എല്ലാത്തരം ബൈക്കുകളും ഓടിക്കാറുമുണ്ട്. ലൈസൻസ് എടുത്ത സമയത്തു തന്നെ മാതാപിതാക്കളും മറ്റും പറഞ്ഞു തന്ന നിർദേശങ്ങൾ എപ്പോഴും പാലിക്കാൻ ശ്രദ്ധിക്കുന്നു. ബൈക്കിന്റെ സേഫ്റ്റി ചെക്കിങ്ങും റോഡ് നിയമങ്ങളുമെല്ലാം അതിൽ പ്രധാനപ്പെട്ടതാണ്. നീലാകാശം പച്ചക്കടൽ ചുവന്നഭൂമി എന്ന ചിത്രത്തിൽ അഭിനയിച്ച സമയത്ത് ഒരുപാടു ബൈക്ക് യാത്ര ചെയ്തിരുന്നു പല സ്ഥലങ്ങളിലും. ദുൽഖർ സൽമാനും സണ്ണി വെയ്നും ജിനുവും ഉൾപ്പെടെ എല്ലാവരും ബൈക്കിലാണ് ഒരു ലൊക്കേഷനിൽ നിന്ന് അടുത്ത സ്ഥലത്തേക്കു യാത്ര ചെയ്തത്.

ആ സമയത്താണു ബൈക്ക് റൈഡിങ്ങിന്റെ ശരിയായ ഊർജം മനസിലാക്കുന്നത്. അവരാരും വേഗത്തിൽ യാത്ര ചെയ്യുന്നവരല്ല. സാധാരണ ആളുകൾ 12 മണിക്കൂർ കൊണ്ടു യാത്ര ചെയ്യുന്ന ദൂരം ഇവർ പിന്നിടുക 14 മണിക്കൂർ കൊണ്ടാകും. സേഫ് റൈഡിങ്ങിന്റെ കൂട്ടുകാരായിരുന്നു അവരെല്ലാം. ബൈക്കിനെ (കൃത്യമായി പറഞ്ഞാൽ ബുള്ളറ്റ്) ഒരു കംപാനിയനായി കരുതുന്നവർ. മിതമായ വേഗത്തിൽ, ആസ്വദിച്ചു യാത്ര ചെയ്തിരുന്നവർ. വേറിട്ട അനുഭവമായിരുന്നുവത്.

ഏറെ തിടുക്കമുള്ളവരാണു വാഹനവുമായി വേഗത്തിൽ സഞ്ചരിക്കുന്നത്. അതു ബൈക്കാകട്ടെ, കാറാകട്ടെ. പക്ഷേ, എന്തിനാണ് ഈ തിടുക്കമെന്നും ഒന്നു ചിന്തിക്കണം. ആംബുലൻസ് വേഗത്തിൽ പോകാറുണ്ട്. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ അവർക്കു വേഗത്തിൽ സഞ്ചരിക്കണം. എന്നാൽ റോഡിൽ യാതൊരു ആവശ്യവുമില്ലാതെ അമിതവേഗം എടുക്കുന്നവരോ? അടിയന്തര ഘട്ടങ്ങളിൽ വേഗത്തിൽ യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട ചില കാര്യങ്ങളുമുണ്ട്.

ഹേ‌ാൺ തുടർച്ചയായി മുഴക്കി, ലൈറ്റ് ഇട്ടു വേണം യാത്ര ചെയ്യാൻ. പക്ഷേ, റോഡിൽ യാതൊരു ആവശ്യവുമില്ലാതെ വേഗത്തിൽ പോകുമ്പോൾ അപകടത്തിൽപ്പെടാം. ഓഫിസിൽ പോകുന്നവർ അൽപം നേരത്തെ ഇറങ്ങിയാൽ മിതമായ വേഗത്തിൽ യാത്ര ചെയ്യാം. ചെറിയ ശീലങ്ങളാണ് ഇതെല്ലാം. പക്ഷേ, ഇത്തരം ചില കാര്യങ്ങൾ മറക്കുമ്പോൾ, ഒഴിവാക്കുമ്പോൾ പല അപകടങ്ങളും സംഭവിച്ചേക്കാം. ഓരോ തവണയും യാത്രകൾക്കിറങ്ങുമ്പോൾ ചെറുതെന്നു തോന്നുന്ന ഇത്തരം കാര്യങ്ങൾ മനസിൽ ഉറപ്പിക്കുക. അതു ശീലിക്കുക. റോഡിലെ അപകടങ്ങളെ വഴിമാറ്റിവിടാൻ നമ്മുടെ ചെറിയ മുൻകരുതലുകൾ ധാരാളം.