800 കോടി ഡോളറിന് ഹർമാനെ സാംസങ് സ്വന്തമാക്കി

യു എസിലെ വാഹന ഘടക നിർമാതാക്കളായ ഹർമാൻ ഇന്റർനാഷനൽ ഇൻഡസ്ട്രീസിനെ കൊറിയൻ കമ്പനിയായ സാംസങ് ഇലക്ട്രോണിക്സ് സ്വന്തമാക്കി. കണക്ടഡ് കാർ നിർമാണത്തിനുള്ള സാങ്കേതിക വിദ്യ വികസനത്തിലെ സാധ്യത പരിഗണിച്ചാണു സാംസങ് 800 കോടി ഡോളർ (ഏകദേശം 54,140 കോടി രൂപ) മുടക്കി ഹർമാനെ ഏറ്റെടുക്കുന്നത്. ബാറ്ററി പൊട്ടിത്തെറിച്ച് അപകടം സൃഷ്ടിക്കുന്ന ‘ഗാലക്സി നോട്ട് സെവൻ’ സൃഷ്ടിച്ച ചീത്തപ്പേര് മറികടക്കാനുള്ള തീവ്രയത്നത്തിനിടെയാണ് സാംസങ് കമ്പനി ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലിനു മുതിരുന്നത് എന്നതും ശ്രദ്ധേയമാണ്. കമ്പനിയുടെ പ്രതിച്ഛായ തകർത്ത ‘ഗാലക്സി നോട്ട് സെവൻ’ പ്രതിസന്ധിയെ അതിജീവിക്കാനും നഷ്ടപരിഹാരം നൽകാനുമായി സാംസങ് കോടിക്കണക്കിനു ഡോളർ കണ്ടെത്തേണ്ടി വരുമെന്നാണു വിലയിരുത്തൽ.

കണക്റ്റികട് ആസ്ഥാനമായ ഹർമാന്റെ ഓഹരികൾ 112 ഡോളർ(ഏകദേശം 7579.60 രൂപ) നിരക്കിൽ വാങ്ങാനുള്ള നിർദേശത്തിനാണു ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ഫോൺ നിർമാതാക്കളായ സാംസങ്ങിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗീകാരം നൽകിയത്. പൂർണമായും പണമിടപാട് അടിസ്ഥാനത്തിലാവും സാംസങ് ഇലക്ട്രോണിക്സ് ഹർമാന്റെ ഏറ്റെടുക്കൽ പൂർത്തിയാക്കുക. ഇതുവഴി ഓൺലൈൻ കണക്റ്റഡ് ഓട്ടോ പാർട്സ് വിപണിയിൽ ആഗോളതലത്തിൽ സജീവ സാന്നിധ്യം ഉറപ്പാക്കാൻ സാംസങ്ങിനു കഴിയുമെന്നാണു പ്രതീക്ഷ.
സാങ്കേതിക വിദ്യ, ഉൽപന്നങ്ങൾ, സൊല്യൂഷൻസ് തുടങ്ങി എല്ലാത്തരത്തിലും സാംസങ്ങിന് അനുയോജ്യമായ സ്ഥാപനമാണു ഹർമാനെന്നു കമ്പനി വൈസ് ചെയർമാൻ വൊൺ ഓ ഹ്യുൻ അഭിപ്രായപ്പെട്ടു.

കുറച്ചു കാലമായി വാഹന വ്യവസായ മേഖലയിൽ സാംസങ് പിന്തുടരുന്ന തന്ത്രത്തിന്റെ സ്വാഭാവിക തുടർച്ച മാത്രമാണ് ഹർമാൻ ഏറ്റെടുക്കലെന്നും അദ്ദേഹം വിശദീകരിച്ചു. ഹർമാനെ ഏറ്റെടുക്കുന്നതോടെ വാഹന വ്യവസായ മേഖലയിൽ മികച്ച അടിത്തറ പാകാൻ സാംസങ്ങിനു സാധിക്കുമെന്നും ഹ്യുൻ പ്രതീക്ഷ പ്രകടിപ്പിച്ചു.
ജനറൽ മോട്ടോഴ്സും ഫിയറ്റ് ക്രൈസ്ലറും പോലുള്ള വാഹന നിർമാതാക്കൾക്ക് മുന്തിയ ഓഡിയോ സംവിധാനങ്ങളും ഇന്റർനെറ്റ് അധിഷ്ഠിത എന്റർടെയ്ൻമെന്റ് സൗകര്യങ്ങളും നിർമിക്കുന്ന കമ്പനിയാണു ഹർമാൻ. സ്മാർട്ഫോൺ വിപണിയിലെ മുൻനിരക്കാരാണു സാംസങ് ഗ്രൂപ്പിന്റെ പതാകവാഹക യൂണിറ്റായ സാംസങ് ഇലക്ട്രോണിക്സ്. കൂടാതെ ഗൃഹോപകരണങ്ങളും സെമി കണ്ടക്ടറുകളുമൊക്കെ കമ്പനി ഉൽപ്പാദിപ്പിക്കുന്നുണ്ട്.