സുരക്ഷിതം, സുതാര്യം സാംസങ് ട്രക്കുകള്‍.....

റോഡിലൂടെ ഇഴഞ്ഞു നീങ്ങുന്ന കൂറ്റൻ ട്രക്കുകളെയും കണ്ടെയ്നർ ലോറികളെയും മറികടക്കാൻ പുതിയ വിദ്യയുമായി സാംസങ്.

അർജന്റീനയിലാണ് കമ്പനി സ്വന്തം ട്രക്കുകൾ റോഡിൽ തടസമാകാതിരിക്കാൻ പുതിയ വഴി കണ്ടെത്തിയിരിക്കുന്നത്. സാംസങ് സേഫ്റ്റി ട്രക്ക് എന്ന പേരിലാണ് കമ്പനിയുടെ ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന കൂറ്റൻ വാഹനങ്ങളെ റോഡ് സുരക്ഷിതമാക്കിയത്.

റോഡ് നിറഞ്ഞു നിൽക്കുന്ന വലിയ വാഹനങ്ങളെ സുതാര്യമാക്കുകയാണ് സാംസങ്ങിന്റെ പദ്ധതി. അതിനായി ഈ വാഹനങ്ങളുടെ മുന്നിൽ ഒരു ക്യാമറയും പിന്നിൽ നാലു സ്ക്രീനുകളടങ്ങിയ വിഡിയോ വാളും സ്ഥാപിച്ചിരിക്കുകയാണ്. ക്യാമറയിൽ പതിയുന്ന വാഹനത്തിന്റെ മുന്നിലെ ദൃശ്യങ്ങൾ തൽസമയം പിന്നിലുള്ള വിഡിയോ വാളിൽ കാണാം. വലിയ വാഹനങ്ങളുടെ പിന്നിലുള്ള വാഹനങ്ങൾക്ക് റോഡ് കണ്ട് ഡ്രൈവ് ചെയ്യാം. ഓവർടേക്ക് ചെയ്യണോ വേണ്ടയോ എന്നൊക്കെ മുന്നിലുള്ള ട്രാഫിക് നോക്കി സ്വയം തീരുമാനിക്കാം.

സിംഗിൾ ലെയ്ൻ റോഡുകൾ ഏറെയുള്ള അർജന്റീനയിൽ സംഭവിക്കുന്ന റോഡപകടങ്ങളിൽ 80 ശതമാനവും വലിയ വാഹനങ്ങളെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ സംഭവിക്കുന്നതാണെന്ന കണ്ടെത്തലാണ് പുതിയ സംവിധാനം പരീക്ഷിക്കാൻ സാംസങ്ങിനെ പ്രേരിപ്പിച്ചത്

സേഫ്റ്റി ട്രക്ക് സംവിധാനം മാതൃരാജ്യമായ കൊറിയയിലും അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് സാംസങ്. മാതൃകാപരമായ ഈ പദ്ധതി അനുകരിക്കാൻ മറ്റുള്ളവരെയും പ്രേരിപ്പിക്കുകയാണ് സാംസങ്ങിന്റെ ലക്ഷ്യം. ട്രക്കിൽ ക്യാമ‌റ ഘടിപ്പിക്കാൻ ചെലവു കുറവാണെങ്കിലും വിഡിയോ വാളിന് ലക്ഷങ്ങൾ ചെലവു വരും. റോഡ് സുരക്ഷ എന്നതിനപ്പുറം ലോറി മുതലാളിക്ക് ഏതെങ്കിലും തരത്തിൽ പ്രയോജനകരമല്ലാത്തതിനാൽ ഇത്ര വലിയ പണം മുടക്കിന് സാംസങ്ങിനു പുറമേ എത്രപേർ തയാറാകും എന്നത് കണ്ടറിയണം. വെയിലത്തും തെളിച്ചമുള്ള ഡിസ്പ്ലേയാണ് വിഡിയോ വാളിന് സാംസങ് ഉപയോഗിച്ചിരിക്കുന്നത്

രാത്രിയിലും തെളിച്ചമുള്ള കാഴ്ചകൾക്കായി നൈറ്റ് വിഷൻ ക്യാമറയും കയ്യിൽ കാശും സ്വന്തമായി ട്രക്കുമുള്ള ലോറി മുതലാളിമാർക്ക് ഇവിടെയും പരീക്ഷിക്കാവുന്നതേയുള്ളൂ ഈ വിദ്യ.