സഞ്ജയ് ഗുപ്ത നിസ്സാൻ ഇന്ത്യ വിപണന വിഭാഗം മേധാവി

ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാൻ മോട്ടോർ ഇന്ത്യയുടെ വിപണന വിഭാഗം മേധാവിയായി സഞ്ജയ് ഗുപ്ത ചുമതലേൽക്കുന്നു. കമ്പനിയുടെ വൈസ് പ്രസിഡന്റ്(മാർക്കറ്റിങ്) ആയി 21ന് ചുമതലയേൽക്കുന്ന ഗുപ്തയുടെ പ്രവർത്തനം നിസ്സാൻ ഇന്ത്യ മാനേജിങ് ഡയറക്ടർ അരുൺ മൽഹോത്രയുടെ കീഴിലാവും. നേരത്തെ കൊറിയൻ കമ്പനിയായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിൽ വിപണന വിഭാഗം സീനിയർ ജനറൽ മാനേജരായി ഒരു വർഷത്തോളം ഗുപ്ത പ്രവർത്തിച്ചിരുന്നു. ഹ്യുണ്ടായിയുടെ ‘ലൈഫ് ഈസ് ബ്രില്യന്റ്’ പരസ്യ പ്രചാരണത്തിന്റെ അണിയറ ശിൽപ്പിയെന്നതാണ് ഗുപ്തയുടെ പ്രശസ്തി. തുടർന്ന് കഴിഞ്ഞ മേയിൽ അദ്ദേഹം ഗുഡ്ഗാവ് ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് കമ്പനിയായ എം ത്രീ എമ്മിൽ ചീഫ് മാർക്കറ്റിങ് ഓഫിസറായി.

ഹ്യുണ്ടായിലെത്തുംമുമ്പ് ആറു വർഷത്തോളം ടൊയോട്ട കിർലോസ്കർ മോട്ടോറിൽ വിപണന വിഭാഗം ജനറൽ മാനേജരായിരുന്നു ഗുപ്ത. അതിനു മുമ്പ് 21 മാസക്കാലം ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയിൽ സീനിയർ മാനേജർ (മാർക്കറ്റിങ്) ആയും ജോലി നോക്കി. കമ്പനിയുടെ വിപണന വിഭാഗത്തെ നയിച്ചിരുന്ന ആരുഷി അഗർവാൾ കഴിഞ്ഞ സെപ്റ്റംബറിൽ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതു മുതൽ പകരക്കാരനെ തേടുകയാണു നിസ്സാൻ മോട്ടോർ ഇന്ത്യ. ഫിലിപ്സിൽ നിന്നു നിസ്സാനിലെത്തിയ അഗർവാൾ വെറും ഒൻപതു മാസം മാത്രമാണു കമ്പനിക്കൊപ്പം തുടർന്നത്. വാച്ച് നിർമാണ കമ്പനിയായ ടൈമക്സിൽ നിന്നാണ് ആരുഷി അഗർവാൾ ഫിലിപ്സിന്റെ മിഡിൽ ഈസ്റ്റ് ആൻഡ് തുർക്കി മേഖലയുടെ മാർക്കറ്റിങ് ഡയറക്ടർ സ്ഥാനത്തെത്തിയത്.