എസ് കെ മിത്ര സ്കാനിയ ഇന്ത്യ ചെയർമാൻ

സ്വീഡിഷ് വാണിജ്യ വാഹന നിർമാതാക്കളായ സ്കാനിയ ഇന്ത്യയുടെ ചെയർമാനായി സുനിൽ കുമാർ മിത്ര നിയമിതനായി. കമ്പനിയുടെ വ്യാവസായിക, വാണിജ്യ മേഖലകളിലെ പ്രവർത്തനങ്ങളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ അധ്യക്ഷസ്ഥാനം മിത്രയ്ക്കാവും. ദീർഘകാലമായി സ്കാനിയ ഇന്ത്യയ്ക്കൊപ്പമുള്ള മിത്ര, ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവുമാണ്. സ്കാനിയ ഇന്ത്യയുടെ വ്യാവസായിക, വിപണന ടീം രൂപീകരണത്തിലും വാഹന നിർമാണത്തിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിലും അദ്ദേഹം സജീവസാന്നിധ്യമായിരുന്നു. നിർമാണ, ഖനന ഉപകരണ വ്യവസായ മേഖലയിൽ മൂന്നു പതിറ്റാണ്ടിലേറെ നീളുന്ന പ്രവർത്തന പരിചയമാണു മിത്രയ്ക്കുള്ളത്. സ്കാനിയയുടെ ഇന്ത്യൻ പങ്കാളിയായ ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി)യിൽ ഒട്ടേറെ എക്സിക്യൂട്ടീവ് പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇതിനു പുറമെ കൺസ്ട്രക്ഷൻ എക്വിപ്മെന്റ് ഇൻഡസ്ട്രി അസോസിയേഷ(ഐ സി ഇ എം എ)ന്റെ ചെയർമാൻ സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്.

ബോർഡുകളുടെ ചെയർമാനെന്ന നിലയിൽ വ്യാവസായിക, വാണിജ്യ ടീമുകൾക്ക് തന്ത്രപരമായ ഉപദേശങ്ങൾ നൽകി ഇന്ത്യയിലെ ബിസിനസ് വളർച്ച അടുത്ത ഘട്ടത്തിലെത്തിക്കുക മിത്രയുടെ ഉത്തരവാദിത്തമാവും. ഒപ്പം ഇന്ത്യൻ വിപണിയിൽ സുസ്ഥിര ഗതാഗത സംവിധാന മേഖലയിൽ അർഹമായ ഇടം നേടി സ്കാനിയയുടെ ഗ്ലോബൽ ഇൻഡസ്ട്രിയൽ സിസ്റ്റത്തിൽ ഇന്ത്യയുടെ പങ്ക് നിർണായകമാക്കുകയും അദ്ദേഹത്തിന്റെ ദൗത്യമാണ്. ഇന്ത്യൻ ബിസിനസ് സാഹചര്യങ്ങളിൽ മിത്രയ്ക്കുള്ള വിപുലമായ അനുഭവസമ്പത്തും പ്രവൃത്തി പരിചയവും സ്കാനിയ ഇന്ത്യ ചെയർമാൻ സ്ഥാനം വഹിക്കുമ്പോൾ മുതൽക്കൂട്ടാകുമെന്നു സ്കാനിയ ഇന്ത്യ പ്രസിഡന്റ് സ്റ്റെഫാൻ പാൽസ്കോഗ് അഭിപ്രായപ്പെട്ടു.

സ്കാനിയയെ സംബന്ധിച്ചിടത്തോളം ഏറെ വളർച്ചാസാധ്യതയുള്ള വിപണിയാണ് ഇന്ത്യ. ബോർഡ് ചെയർമാനായി മിത്ര എത്തുന്നതോടെ ഇന്ത്യൻ സാഹചര്യങ്ങൾ കൂടുതൽ നന്നായി മനസ്സിലാക്കാൻ കമ്പനിക്കു കഴിയുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. ഗതാഗതസൗകര്യവും പരിസ്ഥിതി മലിനീകരണവുമെന്ന ഇരട്ടവെല്ലുവിളിയെ നേരിടാൻ ജൈവ ഇന്ധന അധിഷ്ഠിതമായ പരിഹാരങ്ങളാണു സ്കാനിയ തേടുന്നത്. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന മാലിന്യത്തെ പ്രാദേശിക മേഖലയിലെ ഗതാഗതത്തിന് ഉപയോഗിക്കുമെന്നും പാൽസ്കോഗ് വിശദീകരിച്ചു.