ലയനം അടഞ്ഞ അധ്യായമല്ലെന്ന് മാർക്കിയോണി

യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സു(ജി എം)മായുള്ള സഖ്യസാധ്യത പരാജയപ്പെട്ടതൊന്നും ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസി(എഫ് സി എ)നെ ബാധിച്ച മട്ടില്ല. ജപ്പാനിൽ നിന്നുള്ള ടൊയോട്ടയും ജർമനിയിൽ നിന്നുള്ള ഫോക്സ്‌വാഗനും യു എസിൽ നിന്നു തന്നെയുള്ള ഫോഡുമൊക്കെ കമ്പനിയുമായി സഖ്യത്തിലെത്താൻ സാധ്യതയുള്ളവരാണെന്ന് എഫ് സി എ ചീഫ് എക്സിക്യൂട്ടീവ് സെർജിയൊ മാർക്കിയോണി അഭിപ്രായപ്പെട്ടു.

ആഗോള വാഹന വിപണിയെ സംബന്ധിച്ചടത്തോളം കൊറിയൻ നിർമാതാക്കളും ശ്രദ്ധേയ സാന്നിധ്യമാണെന്ന് അദ്ദേഹം വിലയിരുത്തി. പരസ്പര ലയനത്തിലൂടെ മികച്ച നേട്ടം കൊയ്യാൻ കൊറിയൻ കമ്പനികൾക്കു കഴിയും. എന്നാൽ വിവാഹിതരാവുന്നതു കൊറിയക്കാരുടെ രീതിയല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇന്ത്യൻ കാർ വിപണിയിൽ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് മോട്ടോറാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളിൽ പ്രമുഖർ.

കരുത്താർജിക്കേണ്ടതിന്റെ ആവശ്യം ഒരിക്കലും ഒഴിയാത്തതുകൊണ്ടുതന്നെ ലയനത്തിനും ഏറ്റെടുക്കലിനുമുള്ള സാധ്യതയും അവസാനിക്കുന്നില്ലെന്ന് മാർക്കിയോണി വിലയിരുത്തി. 2018 അവസാനിക്കും വരെ എഫ് സി എയുടെ അമരക്കാരനായി തുടരുന്നതിനിടെ തന്നെ ഏതെങ്കിലും എതിരാളിയുമായുള്ള ലയനമോ ഏറ്റെടുക്കലോ നടപ്പാവുമെന്നു തന്നെയാണു മാർക്കിയോണിയുടെ പ്രതീക്ഷ. എന്നാൽ തന്റെ കാലത്ത് ലയനവും ഏറ്റെടുക്കലും നടന്നില്ലെങ്കിൽ പിന്നെയതു മറ്റുള്ളവരുടെ പ്രശ്നമല്ലേ എന്ന നിലപാടിലാണു മാർക്കിയോണി.