സ്കോഡ ഓട്ടോ ചെയർമാൻ ഡോ വാലൻഡ് രാജിവച്ചു

ഡോ വിൻഫ്രൈഡ് വാലൻഡ്

യു എസിലെ ‘പുകമറ സോഫ്റ്റ്​വെയർ’ വിവാദത്തിൽകുടുങ്ങി പ്രതിച്ഛായ നഷ്ടമായ ഫോക്സ്​വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ ഓട്ടോയുടെ ചെയർമാൻ സ്ഥാനത്തു നിന്നു ഡോ വിൻഫ്രൈഡ് വാലൻഡ് രാജിവച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് അദ്ദേഹം സ്കോഡയിൽ നിന്നു വിട പറയുന്നതെന്നും ‘പുകമറ’ വിവാദവുമായി രാജിക്കു ബന്ധമില്ലെന്നും കമ്പനി വ്യക്തമാക്കി.

നോർത്ത് അമേരിക്കൻ മേഖലയുടെ മൊത്തം ചുമതലക്കാരനായി നിയോഗിക്കപ്പെട്ട പിന്നാലെയാണു ഡോ വാലൻഡ് രാജി പ്രഖ്യാപിച്ചത്. ഇതോടെ അദ്ദേഹം പുതിയ തസ്തിക ഏറ്റെടുക്കില്ലെന്ന് ഉറപ്പായി. ഫോക്സ്​വാഗൻ ഗ്രൂപ്പിൽ 1990ൽ ചേർന്ന വാലൻഡ് 2010ലാണു സ്കോഡയുടെ ബോർഡ് ഓഫ് മാനേജ്മെന്റിന്റെ ചെയർമാനായി നിയമിക്കപ്പെട്ടത്.

കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ മികച്ച സംഭാവനയാണു പ്രഫ വാലൻഡ് നൽകിയതെന്നു ഫോക്സ്​വാഗൻ ഗ്രൂപ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മത്തിയാസ് മ്യുള്ളർ അഭിപ്രായപ്പെട്ടു. സ്കോഡ ഓട്ടോയുടെ നേതൃസ്ഥാനം ഉപേക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ ആദരപൂർവം സ്വീകരിക്കുന്നെന്നും മ്യുള്ളർ വ്യക്തമാക്കി. സ്കോഡയ്ക്കു വാലൻഡ് നൽകിയ മികച്ച സംഭാവനകൾക്കുള്ള ആത്മാർഥമായ കൃതജ്ഞതയും മ്യുള്ളർ രേഖപ്പെടുത്തി.