‘ഒക്ടേവിയ ആനിവേഴ്സറി എഡീഷനു’മായി സ്കോഡ

Skoda Octavia Anniversary Edition

ഫോക്സ്​വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് നിർമാതാക്കളായ സ്കോഡ, പ്രീമിയം സെഡാനായ ‘ഒക്ടേവിയ’യുടെ പരിമിതകാല പതിപ്പായ ‘ആനിവേഴ്സറി എഡീഷൻ’ പുറത്തിറക്കി. ഇന്ത്യയിൽ ആദ്യമായി ‘സ്മാർട്​ലിങ്ക് കണക്ടിവിറ്റി’യോടെ വിൽപ്പനയ്ക്കെത്തുന്ന കാറാണ് ഇതെന്നു സ്കോഡ ഓട്ടോ ഇന്ത്യ അവകാശപ്പെട്ടു. പരിമിതകാലത്തേക്കു മാത്രമാവും ‘ഒക്ടേവിയ ആനിവേഴ്സറി എഡീഷൻ’ വിൽപ്പനയ്ക്കുണ്ടാവുകയെന്നും കമ്പനി അറിയിച്ചു.

റിയർവ്യൂ കാമറ, താക്കോൽരഹിത എൻട്രി, എൻജിൻ സ്റ്റാർട് സ്റ്റോപ് സൗകര്യം, പിന്നിൽ എയർബാഗ്, സ്റ്റീയറിങ് വീലിൽ ഗീയർഷിഫ്റ്റ് കൺട്രോൾ എന്നിവയെല്ലാമായി എത്തുന്ന ‘ഒക്ടേവിയ ആനിവേഴ്സറി എഡീഷന്’ 15.75 ലക്ഷം രൂപയാണു ഡൽഹി ഷോറൂമിൽ വില. പിന്നിൽ രണ്ടെണ്ണം കൂടിയെത്തിയതോടെ ‘ഒക്ടേവിയ’ ശ്രേണിയിലെ മൊത്തം എയർബാഗുകളുടെ എണ്ണം എട്ടായെന്നും സ്കോഡ ഓട്ടോ ഇന്ത്യ അറിയിച്ചു.

കാറിലെ ഇൻഫൊടെയ്ൻമെന്റ് സംവിധാനത്തിന്റെ സ്ക്രീൻ വഴി തിരഞ്ഞെടുത്ത സ്മാർട് ഫോൺ ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാനുള്ള അവസരമാണ് ഈ സൗകര്യം നൽകുന്നത്. ‘ഒക്ടേവിയ’യിലെ സ്മാർട്​ലിങ്ക് ഫംക്ഷനിൽ ആപ്പിൽ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, മിറർ ലിങ്ക് സിസ്റ്റം എന്നിവയാണു സ്കോഡ ലഭ്യമാക്കുക. സ്മാർട് ഫോണിൽ നിന്ന് ഇഷ്ടഗാനങ്ങൾ ആസ്വദിക്കാനുള്ള സൗകര്യവും മാർഗനിർദേശങ്ങൾ സ്വീകരിക്കാനുള്ള സംവിധാനവുമൊക്കെ സ്മാർട്​ലിങ്ക് ഫംക്ഷനിൽ ലഭ്യമാവും.