Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഒക്ടേവിയ ആർ എസ്’ വിറ്റു തീർന്നെന്ന് സ്കോഡ ഇന്ത്യ

skoda-octavia-rs Skoda Octavia RS

ഇന്ത്യയ്ക്ക് ഈ വർഷം അനുവദിച്ച ‘ഒക്ടേവിയ ആർ എസ്’ കാറുകൾ വിറ്റു തീർന്നതായി ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് നിർമാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യ. കോംപാക്ട് കാറായ ‘ഒക്ടേവിയ ആർ എസ്’ 300 എണ്ണമായിരുന്നു സ്കോഡ ഓട്ടോ ഇക്കൊല്ലം ഇന്ത്യയ്ക്ക് ആദ്യം അനുവദിച്ചത്. എന്നാൽ ആവശ്യക്കാരേറിയയോടെ അധികമായി 200 കാറുകൾ കൂടി സ്കോഡ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ ഈ കാറുകളും വിറ്റു തീർന്നെന്നാണു കമ്പനി പ്രഖ്യാപിച്ചത്.  

ഈ സാഹചര്യത്തിൽ ഇക്കൊല്ലം ഇനി ‘ഒക്ടേവിയ ആർ എസി’നുള്ള ബുക്കിങ് സ്വീകരിക്കരുതെന്നും സ്കോഡ ഓട്ടോ ഡീലർമാർക്കു നിർദേശം നൽകിയിട്ടുണ്ട്. 2017ൽ സ്കോഡ ഇന്ത്യയ്ക്ക് അനുവദിച്ച 250 കാറുകളും പ്രതീക്ഷിച്ചതിലും വേഗത്തിൽ വിറ്റുപോയിരുന്നു. ‘ഒക്ടേവിയ ആർ എസി’നു ലഭിച്ച മികച്ച വരവേൽപ്പ് മുൻനിർത്തി ഭാവിയിൽ ഇന്ത്യയ്ക്കു കൂടുതൽ കാറുകൾ അനുവദിക്കാനുള്ള സാധ്യത പക്ഷേ സ്കോഡ തള്ളിയിട്ടില്ല. 

പ്രകടനക്ഷമതയേറിയ ‘സ്കോഡ ഒക്ടേവിയ’യ്ക്കു കരുത്തേകുന്നത് രണ്ടു ലീറ്റർ, നാലു സിലിണ്ടർ, ടർബോ പെട്രോൾ എൻജിനാണ്; 6,200 ആർ പി എമ്മിൽ 230 ബി എച്ച് പി വരെ കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക. 1,500 — 4,600 ആർ പി എമ്മിൽ 350 എൻ എം വരെ ടോർക്കും ഈ എൻജിൻ സൃഷ്ടിക്കും. ഫ്രണ്ട് വീൽ ഡ്രൈവ് ലേ ഔട്ടുള്ള കാറിൽ ആറു സ്പീഡ്, ഇരട്ട ക്ലച്, ഓട്ടമാറ്റിക് ഡി എസ് ജി ട്രാൻസ്മിഷനാണു ഗീയർബോക്സ്. നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ കാറിന് 6.8 സെക്കൻഡ് മതിയെന്നാണു സ്കോഡയുടെ വാഗ്ദാനം. കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്ററായി നിയന്ത്രിച്ചിട്ടുമുണ്ട്. 

സാധാരണ ‘ഒക്ടേവിയ’ അടിസ്ഥാനമാക്കിയാണ് ‘ആർ എസ്’ സാക്ഷാത്കരിച്ചിരിക്കുന്നതെങ്കിലും കാറിലെ സസ്പെൻഷൻ സ്കോഡ പരിഷ്കരിച്ചിട്ടുണ്ട്. 17 ഇഞ്ച് വീലുകൾക്കൊപ്പം കൂടുതൽ ആക്രമണോത്സുകത തോന്നിക്കുന്ന ബോഡി കിറ്റും ‘ഒക്ടേവിയ ആർ എസി’ന്റെ സവിശേഷതയാണ്; പുത്തൻ ബംപർ, എക്സോസ്റ്റിന്റെ അഗ്രത്തിൽ സ്റ്റീൽ ടിപ്, ചെറു സ്പോയ്ലർ എന്നിവയാണു ബോഡി കിറ്റിലുള്ളത്. എൽ ഇ ഡി ഹെഡ്ലാംപ്, ടെയിൽ ലാംപ്, ഫോഗ് ലാംപ്, ഡേടൈം റണ്ണിങ് ലാംപ് തുടങ്ങിയവയും കാറിലുണ്ട്. 

അകത്തളത്തിലാവട്ടെ സീറ്റുകളിൽ ‘ആർ എസ്’ ബ്രാൻഡിങ്ങും കോൺട്രാസ്റ്റ് സ്റ്റിച്ചിങ്ങും സ്പോർട്ടി സ്റ്റീയറിങ് വീലും പാഡ്ൽ ഷിഫ്റ്ററുമൊക്കെയുണ്ട്. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, മിറർ ലിങ്ക് എന്നിവയ്ക്കൊപ്പം പിൻസീറ്റിൽ നിന്നു നിയന്ത്രണം സാധ്യമാക്കുന്ന ‘ബോസ് കണക്ട്’ ആപ്ലിക്കേഷൻ സഹിതമുള്ള 9.2 ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് ടച് സ്ക്രീനും കാറിലുണ്ട്. ലിമിറ്റഡ് സ്ലിപ് ഡിഫറൻഷ്യലാണു ‘സ്കോഡ ഒക്ടേവിയ ആർ എസി’ലേത്. 

മികച്ച സുരക്ഷ ഉറപ്പാക്കാൻ ഒൻപത് എയർബാഗ്, ഇ എസ് പി, പ്രഡിക്റ്റീവ് പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ട്രെയ്ലർ അസിസ്റ്റ്, ഡൈനാമിക് ഷാസി കൺട്രോൾ തുടങ്ങിയവയും ‘ഒക്ടേവിയ ആർ എസി’ലുണ്ട്.  ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടേയ് ‘എലാൻട്ര’, ടൊയോട്ട ‘കൊറോള’ തുടങ്ങിയവയോടാണു സാധാരണ ‘ഒക്ടേവിയ’യുടെ മത്സരം. അതേസമയം, ‘ഒക്ടേവിയ ആർ എസി’ന് വിപണിയിൽ എതിരാളികളില്ല.