Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2.50 ലക്ഷം തികച്ച് സ്കോഡ ‘കൊഡിയാക്’ ഉൽപ്പാദനം

skoda-kodiaq-1

ഫോക്സ്‍വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് വാഹന നിർമാതാക്കളായ സ്കോഡയുടെ പൂർണ എസ് യു വിയായ ‘കൊഡിയാക്കി’ന്റെ മൊത്തം ഉൽപ്പാദനം രണ്ടര ലക്ഷം യൂണിറ്റ് പിന്നിട്ടു. ചെക്ക് റിപബ്ലിക്കിലെ വാസനിയിലുള്ള സ്കോഡ ഓട്ടോ ശാലയിൽ നിന്നാണു 2,50,000 തികച്ച ‘കൊഡിയാക്’ നിരത്തിലെത്തിയത്. ഫ്രാൻസിലെ ഉപയോക്താവിനായി നിർമിച്ച മീറ്റിയോർ ഗ്രേ നിറമുള്ള ‘കൊഡിയാക്’ സ്പോർട്ലൈൻ വകഭേദമാണ് എസ് യു വിയുടെ ഉൽപ്പാദനം 2.50 ലക്ഷത്തിലെത്തിച്ചത്.

രണ്ടു വർഷം മുമ്പ് 2016 സെപ്റ്റംബറിൽ നടന്ന പാരിസ് മോട്ടോർ ഷോയിലായിരുന്നു ‘കൊഡിയാക്കി’ന്റെ അരങ്ങേറ്റം. അക്കൊല്ലം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിച്ച ‘കൊഡിയാക്’ 23 മാസത്തിനുള്ളിലാണ് 2.50 ലക്ഷം യൂണിറ്റെന്ന നേട്ടം സ്വന്തമാക്കിയത്. നിലവിൽ സ്കോഡ ശ്രേണിയിൽ ഏറ്റവും മികച്ച വിൽപ്പന നേടി മുന്നേറുന്ന മോഡൽ കൂടിയാണു ‘കൊഡിയാക്’. കഴിഞ്ഞ ജനുവരി — ഓഗസ്റ്റ് കാലത്തിനിടെ ഒരു ലക്ഷത്തോളം യൂണിറ്റ്  വിൽപ്പനയാണു ‘കൊഡിയാക്’ സ്വന്തമാക്കിയത്.

ആഗോളതലത്തിൽ ആറു രാജ്യങ്ങളിലാണു സ്കോഡ ഓട്ടോ ഇപ്പോൾ ‘കൊഡിയാക്’ നിർമിക്കുന്നത്. വാസനിക്കു പുറമെ ചൈന, റഷ്യ, ഉക്രെയ്ൻ, കസാക്കിസ്ഥാൻ എന്നിവിടങ്ങളിലെ ശാലകളിലും ഇന്ത്യയിൽ ഔറംഗബാദിലുള്ള ഫാക്ടറിയിലുമാണ് സ്കോഡ ‘കൊഡിയാക്’ നിർമാണത്തിലുള്ളത്.  കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു ‘കൊഡിയാക്കി’ന്റെ ഇന്ത്യൻ അരങ്ങേറ്റം. ഓഗസ്റ്റ് അവസാനം വരെ 2,174 യൂണിറ്റ് വിൽപ്പനയാണ് ഈ എസ് യു വി ഇന്ത്യയിൽ നേടിയത്. 

‘കൊഡിയാക്’ അടക്കം മൂന്ന് എസ് യു വികളാണു നിലവിൽ സ്കോഡ ഓട്ടോയുടെ ശ്രേണിയിലുള്ളത്: കോംപാക്ട് എസ് യു വിയായ ‘കരോക്കും’ ‘കാമിക്കു’മാണ് ഈ ശ്രേണിയിലെ മറ്റു മോഡലുകൾ. ചൈനയിൽ പ്രാദേശിക വിപണി ലക്ഷ്യമിട്ടു മാത്രമാണു ‘കാമിക്കി’ന്റെ ഉൽപ്പാദനം.  ‘കൊഡിയാക്കിഭന്റെ പുതു വകഭേദമായ ‘കൊഡിയാക് ആർ എസ്’ അടുത്തുതന്നെ പാരിസ് മോട്ടോർ ഷോയിൽ അരങ്ങേറ്റം കുറിക്കുമെന്നാണു പ്രതീക്ഷ; 240 ബി എച്ച് പി എൻജിനോടെയാവും ‘കൊഡിയാക് ആർ എസി’ന്റെ വരവ്.