ട്രെയിനല്ല... ഇതു കാർ...!!!

ഇതു ട്രെയിനല്ല. കണ്ടാൽ കാറിനെപ്പോലെ ഉണ്ടെങ്കിലും ഇതിനെ കാറെന്നു വിളിക്കാനും പറ്റില്ല. റെയിൽപാളത്തിലൂടെയും റോഡിലൂടെയും യാത്ര ചെയ്യാൻ പറ്റുന്ന ഒരു റെയിൽ കാറാണ് ഇത്. കരയിലും വെള്ളത്തിലും സഞ്ചരിക്കാന്‍ കഴിവുള്ള വാഹനങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഇത്തരമൊരു കണ്ടു‌പിടുത്തം ഇതാദ്യം.

വർ‌ധിച്ചു വരുന്ന ട്രാഫിക് ജാമും വാഹനപ്പെരുപ്പവുമാണ് ഇത്തരമൊരു ആശയത്തിലേക്ക് നിർമാതാക്കളെ നയിച്ചത്. ബ്രിട്ടന്‍ ആസ്ഥാനമാക്കിയുള്ള ഇന്റര്‍ഫ്ളീറ്റ് എന്ന സ്ഥാപനത്തിലെ സാങ്കേതിക വിദഗ്ധരാണ് ഈ കാര്‍ രൂപകല്‍പന ചെയ്തത്. 80 കിലോഗ്രാം ഭാരം വരുന്ന നാലു ഉരുക്കു ചക്രങ്ങളാണ് ട്രെയിന്‍ കാറിന് റെയില്‍പാളത്തിലൂടെ ഓടാന്‍ വഴിയൊരുക്കുന്നത്. 22 ഇഞ്ച് വലുപ്പമാണ് ചക്രത്തിനുള്ളത്.

‌ട്രാക്കിലേക്ക് കയറിയാല്‍ സ്റ്റിയറിങ് സംവിധാനം ലോക്ക് ചെയ്ത് ആക്സിലിന്റെ പ്രവര്‍ത്തനം ട്രെയിനിന് സമാനമാകും. ഇതിനോടകം 16 കിലോമീറ്ററോളം ഈ ചെറുട്രെയിനിന്റെ പരീക്ഷണയോട്ടവും നടന്നു. റെയില്‍പാളത്തിലൂടെ പാഞ്ഞ കാറിന്റെ യാത്ര കണ്ടവര്‍ അമ്പരന്നെന്നു ചുരുക്കം.