അമ്മയുടേയും മകന്റേയും അതിസാഹസിക യാത്ര

രണ്ടു പേർക്കു മാത്രം സഞ്ചരിക്കാവുന്ന, യന്ത്ര സഹായമില്ലാത്ത പെ‍ഡൽ ബോട്ടിൽ അമ്മയും മകനും, താണ്ടാനുള്ളത് 6500 കിലോമീറ്റർ കടലും. പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരുമായ ഡാവി ഡുപ്ലസിയും അമ്മ റോബിൻ വൂൾഫുമാണ് ഈ സാഹസിക യാത്രയ്ക്ക് തയാറെടുക്കുന്നത്. കെയ്പ്പ് ടൗണിൽ നിന്ന് തുടങ്ങുന്ന യാത്ര അറ്റ്ലാന്റിക്ക് സമുദ്രത്തെ മറികടന്ന് റിയോ ഡി ജനീറോയിൽ അവസാനിക്കും.

നാഗരികവത്കരണം, കൃഷി, ജനസംഖ്യ വർധനവ്, ചൂഷണം, വേട്ടയാടൽ തുടങ്ങിയവ മൂലം പ്രകൃതിക്ക് വന്നിരിക്കുന്ന വിനാശങ്ങൾക്കെതിരെയുള്ള ബോധവത്കരണം എന്ന നിലയ്ക്കാണ് യാത്ര നടത്തുന്നതെന്നാണ് ഡാവി ഡുപ്ലസി പറയുന്നത്. നാലു മുതൽ ആറുമാസം വരെ എടുക്കാവുന്ന യാത്രയ്ക്ക് അമ്മക്കും മകനും കൂട്ടാവുന്നത് ചവിട്ടിയാൽ നീങ്ങുന്ന വഞ്ചിയാണ്. നാവിഗേഷൻ സിസ്റ്റം തുടങ്ങിയ സൗകര്യങ്ങളുണ്ടെങ്കിലും പരമ്പരാഗത രീതിയിൽ തടിയിൽ നിർമ്മിച്ച പെഡൽ ബോട്ടില്‍ മണിക്കൂറിൽ 4.6 കിലോമീറ്റർ കണക്കിലാണിവർ സഞ്ചരിക്കുന്നത്.

പ്രകൃതിക്ക് അധികം പരിക്കുകള്‍ ഏൽപ്പിക്കാതിരിക്കാനാണ് പെഡൽ ബോട്ടിൽ സഞ്ചരിക്കുന്നതെന്നാണ് ഡുപ്ലസി പറയുന്നത്. അതിസാഹസിക യാത്ര പിന്നിട്ട് റിയോ ഡി ജനീറോയിലെത്തിയാൽ പെ‍ഡൽ ബോട്ടിൽ അറ്റ്ലാൻ‍ഡിക്ക് പിന്നിടുന്ന ആദ്യ സൗത്ത് ആഫ്രിക്കകാർ, ആദ്യമായി ഈ ഉദ്യമം വിജയകരമായി നടത്തുന്ന അമ്മയും മകനും തുടങ്ങി അരഡസനിൽ അധികം റെക്കൊർഡുകളായിരിക്കും ഡുപ്ലസിയേയും മാതാവിനേയും കാത്തിരിക്കുന്നത്. ഇതിന് മുമ്പ് പല സാഹസിക യാത്രകളും നടത്തിയിട്ടുള്ള ഡുപ്ലസി 2011 ൽ ആഫ്രിക്ക മുഴുവൻ സൈക്കിളിൽ സഞ്ചരിച്ചിട്ടുണ്ട്.