‘ബെലാറസ്’ ട്രാക്ടർ തിരിച്ചെത്തിക്കാൻ സൊനാലിക

ട്രാക്ടറുകളിലെ ബെലാറസ് ശ്രേണി ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ സൊനാലിക ഗ്രൂപ്പിനു പദ്ധതി. രാഷ്ട്രപതിയുടെ ബെലാറസ് സന്ദർശന വേളയിലാണു സൊനാലിക്ക ഗ്രൂപ്പും ‘ബെലാറസ്’ ട്രാക്ടർ നിർമാതാക്കളായ മിൻസ്ക് ട്രാക്ടർ വർക്സും(എം ടി ഡബ്ല്യു) ഇതു സംബന്ധിച്ച കരാർ ഒപ്പിട്ടത്.

ഇന്ത്യയിൽ ‘ബെലാറസ്’ ശ്രേണിയിലെ ടാക്ടറുകൾ സൊനാലിക്ക ഗ്രൂപ് അവതരിപ്പിക്കും. ഒപ്പം സൊനാലിക്കയുടെ ട്രാക്ടർ മോഡലുകൾ മിൻസ്ക് ട്രാക്ടർ വർക്സിന്റെ വിപണന ശൃംഖല വഴിയും വിൽക്കാനാണ് ഇരുകമ്പനികളുമായുള്ള ധാരണ. പഞ്ചാബിലെ ഹൊഷിയാർപൂരിൽ സൊനാലിക്കയ്ക്കുള്ള നിർമാണശാലയിൽ നിന്നാവും ‘ബെലാറസ്’ ശ്രേണിയിലെ മോഡലുകൾ പുറത്തെത്തുക.

ആഗോളതലത്തിൽ തന്നെ കർഷകർക്ക് പരമാവധി സൗകര്യങ്ങൾ ലഭ്യമാക്കാനാണു സൊനാലിക്കയുടെ മോഹമെന്ന് ഗ്രൂപ് കമ്പനിയായ ഇന്റർനാഷനൽ ട്രാക്ടേഴ്സ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ(ഇന്റർനാഷനൽ പ്രോജക്ട്സ്) രാജീവ് വാഹി അഭിപ്രായപ്പെട്ടു. ഈ ലക്ഷ്യം മുൻനിർത്തിയാണ് എം ടി ഡബ്ല്യുവുമായി സഹകരിക്കാൻ സൊനാലിക ഗ്രൂപ് തീരുമാനിച്ചത്. ഇരുവരുടെയും വിഭവങ്ങൾ ഫലപ്രദമായി വിനിയോഗിച്ച് മോഡൽ സാധ്യതയും വിപണന ശൃംഖലയും വിപുലീകരിക്കാനാവുമെന്നും വാഹി വിശദീകരിച്ചു.

ഒന്നര പതിറ്റാണ്ടു മുമ്പ് ഇന്ത്യയിൽ സുപരിചിതമായ ട്രാക്ടർ മോഡലായിരുന്നു ‘ബെലാറസ്’. പല ഗ്രാമങ്ങളിലെ കൃഷിയിടങ്ങളിലും ഇന്നും ‘ബെലാറസ്’ ട്രാക്ടറുകൾ സജീവ സാന്നിധ്യമാണെന്നും വാഹി ഓർമിപ്പിച്ചു.