പിയാജിയൊയുടെ ആദ്യ മോട്ടോപ്ലെക്സ് പുണെയിൽ

ദക്ഷിണേഷ്യയിലെ ആദ്യ മോട്ടോപ്ലെക്സ് സ്റ്റോർ പുണെയിൽ പ്രവർത്തനം തുടങ്ങി. ഒരു വർഷം മുമ്പ് ഇറ്റാലിയൻ വാഹന നിർമാതാക്കളായ പിയാജിയൊ ജന്മനാട്ടിൽ അവതരിപ്പിച്ച സങ്കൽപമാണ് ഇപ്പോൾ ഇന്ത്യയിലുമെത്തിയത്. ലൈഫ് സ്റ്റൈൽ സ്റ്റോർ വിഭാഗത്തിൽപെടുത്തി പിയാജിയൊ സാക്ഷാത്കരിച്ച മോട്ടോപ്ലെക്സിൽ ആഗോളതലത്തിൽ ഇറ്റാലിയൻ നിർമാതാക്കളുടെ ലോകപ്രശസ്ത ഇരുചക്രവാഹന ബ്രാൻഡുകളായ ഏപ്രിലിയയും മോട്ടോ ഗൂസിയുമാണ് ഇടംപിടിക്കുന്നത്. എന്നാൽ ഇന്ത്യയിലെത്തുമ്പോൾ ഏപ്രിലിയയ്ക്കും മോട്ടോ ഗൂസിക്കുമൊപ്പം പിയാജിയോ പ്രാദേശികമായി നിർമിക്കുന്ന പ്രീമിയം സ്കൂട്ടറായ വെസ്പയും ഈ ഷോറൂമിലെത്തും.

മോട്ടോപ്ലെക്സ് എന്നതു സാധാരണ ഇരുചക്രവാഹന ഡീലർഷിപ്പല്ലെന്നു പിയാജിയൊ ഇന്ത്യ മാനേജിങ് ഡയറക്ടർ സ്റ്റെഫാനൊ പെല്ലി വ്യക്തമാക്കുന്നു. മറിച്ച് ബൈക്കർമാരുടെ സംഗമകേന്ദ്രമാണു മോട്ടോപ്ലെക്സ്. ബൈക്ക് പ്രേമികൾക്കു പ്രീമിയം അനുഭവം വാഗ്ദാനം ചെയ്യുന്ന മോട്ടോപ്ലെക്സിലൂടെ ഉപയോക്താക്കളെപ്പറ്റി കൂടുതൽ അറിയാൻ കമ്പനിക്കും അവസരം ലഭിക്കുമെന്നാണു പെല്ലിയുടെ പ്രതീക്ഷ.

വിപണന ശൃംഖല ഉടച്ചു വാർക്കാനുള്ള പിയാജിയൊയുടെ പദ്ധതിയാണു മോട്ടോപ്ലെക്സിലേക്കു വഴി തുറന്നതെന്നു പെല്ലി വിശദീകരിക്കുന്നു. കോർപറേറ്റ് തലത്തിൽ വേറിട്ട വ്യക്തിത്വം സ്വന്തമാക്കാനാണ് ഇത്തരം ഷോറൂമുകളിലൂടെ പിയാജിയൊ ലക്ഷ്യമിടുന്നത്. ഈ ഡിസംബറിനുള്ളിൽ ലോകവ്യാപകമായി 90 മോട്ടോപ്ലെക്സുകൾ പ്രവർത്തനം തുടങ്ങുമെന്നാണു പ്രതീക്ഷ. ഇന്ത്യയിലെ ആദ്യ മോട്ടോപ്ലെക്സ് കമ്പനിയുടെ നേരിട്ടുള്ള ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണ്. എന്നാൽ അടുത്ത ഘട്ടത്തിൽ നിലവിലുള്ള ഡീലർമാരുടെ സഹകരണത്തോടെ കൂടുതൽ മോട്ടോപ്ലെക്സുകൾ തുറക്കാനാണു പിയാജിയൊ ഇന്ത്യയുടെ പദ്ധതി. വരുന്ന രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഹൈദരബാദ്, ബെംഗളൂരു, ചെന്നൈ നഗരങ്ങളിൽ കൂടി മോട്ടോപ്ലെക്സുകൾ തുറക്കാനാണു പിയാജിയോ ഇന്ത്യ ലക്ഷ്യമിടുന്നതെന്നും പെല്ലി വെളിപ്പെടുത്തി.