ഡീസൽഗേറ്റ്: ഫോക്‌സ്‌വാഗനു ദക്ഷിണ കൊറിയയിൽ പിഴശിക്ഷ

മലിനീകരണ നിയന്ത്രണ നിലവാര പരിശോധന വിജയിക്കാൻ കൃത്രിമം കാട്ടി കുടുങ്ങിയ ജർമൻ കാർ നിർമാതാക്കളായ ഫോക്സ്‌വാഗൻ എ ജിക്കു ദക്ഷിണ കൊറിയയിലും പിഴശിക്ഷ. ‘പുകമറ’ സോഫ്റ്റുവെയർ ഉപയോഗത്തെ തുടർന്നുള്ള ‘ഡീസൽഗേറ്റ്’ വിവാദത്തിൽ ശിക്ഷ വിധിക്കാനുള്ള യു എസിന്റെ മാതൃക പിന്തുടർന്ന് 1,410 കോടി വോൺ(ഏകദേശം 81.7 കോടി രൂപ) പിഴയാണു ദക്ഷിണ കൊറിയയിൽ ഫോക്സ്‌വാഗനു ലഭിച്ചിരിക്കുന്നത്.

‘ഇ എ 189’ ശ്രേണിയിലെ ഡീസൽ എൻജിനുകളിൽ ‘ഡിഫീറ്റ് ഡിവൈസ്’ എന്നു പേരിട്ട സോഫ്റ്റുവെയർ ഉപയോഗിച്ചാണു യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധന വിജയിച്ചതെന്നു സെപ്റ്റംബറിലാണു ഫോക്സ്‌വാഗൻ കുറ്റസമ്മതം നടത്തിയത്. പരിശോധന നടക്കുന്നതു തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന സോഫ്റ്റുവെയർ പുകയിൽ യഥാർഥത്തിലുള്ള നൈട്രജൻ ഓക്സൈഡുകളുടെ അളവിന്റെ ഒരംശം മാത്രം വെളിപ്പെടുത്തുകയും ബാക്കി ‘തുടച്ചു നീക്കുക’യുമാണത്രെ ചെയ്യുക. അതുകൊണ്ടുതന്നെ പരിശോധനാ വേളയിൽ രേഖപ്പെടുത്തിയതിന്റെ 40 ഇരട്ടിയോളമാവും ഈ എൻജിൻ യഥാർഥത്തിൽ സൃഷ്ടിക്കുന്ന പരിസ്ഥിതി മലിനീകരണം. ഫോക്സ്‌വാഗനു പുറമെ ഉപബ്രാൻഡുകളായ സീറ്റ്, സ്കോഡ, ഔഡി എന്നിവയിലേക്കും കൃത്രിമം നീണ്ടതോടെ ലോകവ്യാപകമായി 1.10 കോടിയോളം വാഹനങ്ങളിൽ ‘പുകമറ’ സോഫ്റ്റുവെയറിന്റെ സാന്നിധ്യമുണ്ടെന്നാണു കണക്കാക്കുന്നത്. കടുത്ത വഞ്ചന നടത്തിയതിന്റെ പേരിൽ ഫോക്സ്‌വാഗൻ യു എസിൽ 1,800 കോടിയോളം ഡോളർ(ഏകദേശം 1.20 ലക്ഷം കോടി രൂപ) പിഴശിക്ഷ നേരിടുമെന്നാണ് ഈ തട്ടിപ്പു വെളിച്ചത്തു കൊണ്ടുവന്ന പരിസ്ഥിതി സംരക്ഷണ ഏജൻസി(ഇ പി എ)യുടെ മുന്നറിയിപ്പ്.

‘പുകമറ’ വിവാദം പുറത്തു വന്ന പിന്നാലെയാണു ദക്ഷിണ കൊറിയയും ഫോക്സ്‌വാഗൻ കാറുകളെ കർശന മലിനീകരണ നിയന്ത്രണ പരിശോധനയ്ക്കു വിധേയമാക്കിയത്. മൊത്തം 1.25 ലക്ഷത്തോളം കാറുകളാണ് ഇതുവരെ ദക്ഷിണ കൊറിയ പരിശോധിച്ചത്. ഡീസൽ എൻജിനുള്ള മറ്റ് പതിനഞ്ചോളം മോഡലുകളുടെ പരിശോധന ഏപ്രിലോടെ പൂർത്തിയാക്കാനാണു ദക്ഷിണ കൊറിയ ലക്ഷ്യമിട്ടിരിക്കുന്നത്. ഏതായാലും ‘പുകമറ’ വിവാദത്തിൽ കുടുങ്ങിയതോടെ ദക്ഷിണ കൊറിയയിലേക്കുള്ള ഫോക്സ്‌വാഗൻ കാറുകളുടെ ഇറക്കുമതി ഗണ്യമായി ഇടിഞ്ഞു. ആഭ്യന്തര കമ്പനികളായ ഹ്യുണ്ടേയിക്കും കിയയ്ക്കും ശക്തമായ വെല്ലുവിളി ഉയർത്തിയാണു ഫോക്സ്‌വാഗന്റെ ഡീസൽ കാറുകൾ കൊറിയൻ നിരത്തു വാണിരുന്നത്. എന്നാൽ ഒക്ടോബറിലെ കണക്കെടുപ്പിൽ ദക്ഷിണ കൊറിയയിൽ ഇറക്കുമതി ചെയ്ത ഡീസൽ കാറുകളുടെ വിപണി വിഹിതം 3.36% ഇടിവോടെ 12.34% ആയി. ഇറക്കുമതിയിൽ ഫോക്സ്‌വാഗന്റെ വിഹിതമാവട്ടെ 8.8 ശതമാനത്തിൽ നിന്ന് 5.4% ആയും ഇടിഞ്ഞെന്നാണു കണക്കുകൾ നൽകുന്ന സൂചന.