യു എസിൽ ശാല തുറക്കാൻ സുന്ദരം ക്ലേടൺ

വാഹന വ്യവസായത്തിനുള്ള ഡൈ കാസ്റ്റിങ് നിർമാണ മേഖലയിലെ പ്രമുഖരായ സുന്ദരം ക്ലേടൺ ലിമിറ്റഡ് യു എസിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. 350 കോടിയോളം രൂപ ചെലവിലാണു കമ്പനി യു എസിൽ പുതിയ നിർമാണശാല സ്ഥാപിക്കാൻ ഒരുങ്ങുന്നത്.
ദക്ഷിണ കരേലിനിയലെ ഡോർചെസ്റ്റർ കൗണ്ടിയിലാവും ടി വി എസ് ഗ്രൂപ്പിൽപെട്ട കമ്പനിയായ സുന്ദരം ക്ലേടൺ പുതിയ ശാല തുടങ്ങുക. അഞ്ചു വർഷം കൊണ്ട് 10,000 ടൺ വാർഷിക ഉൽപ്പാദനശേഷിയുള്ള ശാലയ്ക്ക് അഞ്ചു കോടി ഡോളർ (ഏകദേശം 334.16 കോടി രൂപ) ആണു ചെലവ് കണക്കാക്കുന്നത്. 50 ഏക്കറോളം വിസ്തൃതിയുള്ള ശാലയിൽ പ്രധാനമായും ഹൈ പ്രഷർ ഡൈ കാസ്റ്റും ഗ്രാവിറ്റി കാസ്റ്റ് ഘടകങ്ങളുമാവും സുന്ദരം ക്ലേടൺ നിർമിക്കുക.

മേഖലയിലെ ഉപയോക്താക്കൾക്കു മികച്ച സേവനം ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണു യു എസിൽ പുതിയ നിർമാണശാല സ്ഥാപിക്കുന്നതെന്ന് സുന്ദരം ക്ലേടൺ ജോയിന്റ് മാനേജിങ് ഡയറക്ടർ ലക്ഷ്മി വേണു അറിയിച്ചു. ഉപയോക്താക്കളുടെ ആവശ്യങ്ങളോടു വേഗത്തിൽ പ്രതികരിക്കാനും സപ്ലൈ ചെയിൻ ദൈർഘ്യം കുറയ്ക്കാനും ഈ ശാല സഹായകമാവുമെന്ന് അവർ അഭിപ്രായപ്പെട്ടു. നിലവിൽ കമ്പനിയുടെ കയറ്റുമതിയിൽ 60 ശതമാനത്തോളം യു എസിലേക്കാണ്; വരുമാനത്തിൽ 40% സംഭാവന ചെയ്യുന്നതും യു എസ് തന്നെ.
ഇതോടൊപ്പം ഇന്ത്യയിലെ നാലു നിർമാണശാലകളുടെ വികസനത്തിനായി അടുത്ത മൂന്നു വർഷത്തിനിടെ 400 കോടി രൂപ മുടക്കാനും സുന്ദരം ക്ലേടൺ ലിമിറ്റഡ് തീരുമാനിച്ചിട്ടുണ്ട്.

വികസന പദ്ധതികൾ പൂർത്തിയാവുന്നതോടെ വാർഷിക ഉൽപ്പാദനശേഷി ഇപ്പോഴത്തെ 60,000 ടണ്ണിൽ നിന്ന് 70,000 ടണ്ണായി ഉയരുമെന്നാണു പ്രതീക്ഷ. ഇപ്പോൾ കമ്പനിയുടെ സ്ഥാപിത ശേഷി പൂർണമായും വിനിയോഗിക്കുന്നുണ്ടെന്നും സുന്ദരം ക്ലേടൺ വ്യക്തമാക്കി. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മൊത്തം 408 കോടി രൂപയുടെ നിക്ഷേപമാണു കമ്പനി നടത്തിയതെന്നും ലക്ഷ്മി വേണു അറിയിച്ചു.