‘സൂപ്പർ കാരി’ വിൽപ്പന ഘട്ടം ഘട്ടമായി വ്യാപിപ്പിക്കാൻ മാരുതി

ലഘു വാണിജ്യ വാഹന(എൽ സി വി)മായ ‘സൂപ്പർ കാരി’യുടെ വിൽപ്പന ഘട്ടം ഘട്ടമായി രാജ്യമാകെ വ്യാപിപ്പിക്കുമെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ). ആദ്യ ഘട്ടമെന്ന നിലയിൽ അഞ്ചു വിപണികളിലാണു ‘സൂപ്പർ കാരി’ അവതരിപ്പിക്കുക. അഹമ്മദബാദ്, കൊൽക്കത്ത, ലുധിയാന, ഹരിയാന, രാജസ്ഥാൻ എന്നീ വിപണികളിലാണ് ‘സൂപ്പർ കാരി’ അരങ്ങേറ്റം കുറിക്കുന്നതെന്ന് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) സുസുക്കി ടി ഹാഷിമോട്ടൊ വെളിപ്പെടുത്തി. ആദ്യ ഘട്ടത്തിൽ വിപണിയിൽ നിന്നുള്ള പ്രതികരണം വിലയിരുത്തിയ ശേഷമാവും ദേശീയതലത്തിലേക്കു ‘സൂപ്പർ കാരി’ വിപണനംവ്യാപിപ്പിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

നിലവിൽ ടാറ്റ മോട്ടോഴ്സും മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമൊക്കെ വാഴുന്ന എൽ സി വി വിപണിയിലേക്കാണ് മാരുതി സുസുക്കി ‘സൂപ്പർ കാരി’യുമായി എത്തുന്നത്. ഇന്ത്യൻ വിപണിക്കായി 300 കോടിയോളം രൂപ ചെലവിൽ മാരുതി സുസുക്കി വികസിപ്പിച്ച ആദ്യ എൽ സി വിയായ ‘സൂപ്പർ ക്യാരി’ക്കു കരുത്തേകുന്നത് 793 സി സി ഡീസൽ എൻജിനാണ്; ലീറ്ററിന് 22.07 കിലോമീറ്ററാണു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 3.25 ചതുരശ്ര അടി വിസ്തൃതിയുള്ള ലോഡിങ് ഡെക്കിൽ 740 കിലോഗ്രാമിന്റെ ഭാരവാഹക ശേഷിയാണു ‘സൂപ്പർ ക്യാരി’ക്കുള്ളത്. സുപ്പീരിയർ വൈറ്റ്, സിൽക്കി സിൽവർ നിറങ്ങളിലാണു ‘സൂപ്പർ ക്യാരി’ വിൽപ്പനയ്ക്കുള്ളത്. ഹരിയാനയിലെ ഗുഡ്ഗാവിലുള്ള ശാലയിലാണു ‘സൂപ്പർ കാരി’ നിർമിക്കുന്നതെന്ന് മാരുതി സുസക്കി എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി അറിയിച്ചു.

ഗുജറാത്തിലെ നിർദിഷ്ട ശാല മാർച്ചിനുള്ളിൽ പ്രവർത്തനം തുടങ്ങുന്നതോടെ ‘സൂപ്പർ കാരി’ ഉൽപ്പാദനം വർധിപ്പിക്കാനാവുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. തുടക്കത്തിൽ പ്രതിവർഷം രണ്ടര ലക്ഷം യൂണിറ്റിന്റെ ഉൽപ്പാദനമാണ് ഗുജറാത്ത് ശാലയിൽ മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. ഇന്ത്യയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത എൽ സി വിയായ ‘സൂപ്പർ കാരി’ മിക്കവാറും അടുത്ത സാമ്പത്തിക വർഷത്തോടെ രാജ്യവ്യാപകമായി വിൽപ്പനയ്ക്കെത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രീമിയം കാറുകൾക്കുള്ള പ്രത്യേക ഷോറൂം ശൃംഖലയായ ‘നെക്സ’ പോലെ എൽ സി വി വിൽപ്പനയ്ക്കും മാരുതി സുസുക്കി പ്രത്യേക ഡീലർഷിപ്പുകൾ സ്ഥാപിക്കുന്നുണ്ട്. തുടക്കത്തിൽ ‘സൂപ്പർ കാരി’ വിപണനം ആരംഭിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലായി 50 പുതിയ ഡീലർമാരെ നിയോഗിച്ചതായി കാൽസി അറിയിച്ചു.