ഓൺലൈൻ വിൽപ്പനയ്ക്കൊരുങ്ങി സുസുക്കിയും ഹോണ്ടയും

ഓൺലൈൻ രീതിയിലുള്ള വിൽപ്പന, വിപണന സാധ്യതകൾ പ്രയോജനപ്പെടുത്താൻ കൂടുതൽ ഇരുചക്രവാഹന നിർമാതാക്കൾ രംഗത്ത്. ഇന്റർനെറ്റ് വഴി ഇരുചക്രവാഹനങ്ങൾ വിൽക്കാൻ സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ ലിമിറ്റഡ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ സ്നാപ്ഡീലുമായി ധാരണയിലെത്തിയപ്പോൾ വൈകാതെ ഓൺലൈൻ വ്യവസ്ഥയിൽ വിൽപ്പന തുടങ്ങുമെന്നായിരുന്നു ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യുടെ പ്രഖ്യാപനം.

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹ നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് കഴിഞ്ഞ ഡിസംബർ മുതൽ തന്നെ ഓൺലൈൻ വ്യാപാര മേഖലയിൽ സജീവമാണ്. സ്നാപ്ഡീലുമായി സഹകരിച്ചാണു ഹീറോ ഇ കൊമേഴ്സിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയത്. എതിരാളികളായ എച്ച് എം എസ് ഐയും അടുത്ത മാസത്തോടെ സ്നാപ്ഡിലുമായി സഹകരിച്ചുള്ള ഓൺലൈൻ വ്യാപാരം പ്രഖ്യാപിക്കുമെന്നാണു സൂചന. ഇതിനു പുറമെ ഇറ്റാലിയൻ നിർമാതാക്കളായ പിയാജിയൊയുമായും സ്നാപ്ഡീലിനു വ്യാപാര ബന്ധമുണ്ട്. വൈകാതെ ഓൺലൈൻ വ്യവസ്ഥയിൽ കാറുകൾ വിൽക്കാനും സ്നാപ്ഡീൽ തയാറെടുക്കുന്നുണ്ട്. ഓൺലൈൻ വ്യവസ്ഥയിൽ വാഹനം ബുക്ക് ചെയ്യാനും വായ്പ നേടാനുമൊക്കെയായി സ്നാപ്ഡീൽ മോട്ടോഴ്സ് എന്ന ഓട്ടമൊബീൽ പ്ലാറ്റ്ഫോം തന്നെ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

ഓൺലൈൻ സംവിധാനത്തിലൂടെ ഇരുചക്രവാഹന വിൽപ്പനയ്ക്കുള്ള സാധ്യത കമ്പനി സജീവമായി പരിഗണിക്കുന്നുണ്ടെന്ന് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റും സെയിൽസ് ആൻഡ് മാർക്കറ്റിങ് വിഭാഗം ഓപ്പറേറ്റിങ് മേധാവിയുമായ വൈ എസ് ഗുലേറിയയാണു വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച ചർച്ച അന്തിമ ഘട്ടത്തിലാണെന്നും പ്രഖ്യാപനം മിക്കവാറും അടുത്ത മാസം പ്രതീക്ഷിക്കാമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ രണ്ടാം സ്ഥാനത്തുള്ള ഹോണ്ട 2014 — 15ൽ 42.60 ലക്ഷം യൂണിറ്റാണു വിറ്റത്. സുസുക്കിയുമായുള്ള ധാരണപ്രകാരം കമ്പനിയുടെ ഇരുചക്രവാഹന മോഡലുകൾ സ്നാപ്ഡീൽ മോട്ടോഴ്സിൽ അണിനിരത്തി. ഇടപാടുകാർക്ക് മോഡൽ തിരഞ്ഞെടുത്ത് ഓൺലൈൻ രീതിയിൽ വില നൽകാനും സൗകര്യപ്രദമായ ഡീലർഷിപ്പിൽ നിന്നു വാഹനം സ്വന്തമാക്കാനുമുള്ള അവസരമാണു ലഭ്യമാവുന്നത്. തുടക്കമെന്ന നിലയിൽ സ്നാപ്ഡീൽ വഴി വാങ്ങുന്ന സുസുക്കി മോഡലുകൾക്ക് ആദ്യ വർഷത്തെ ഇൻഷുറൻസ് സൗജന്യമാണ്.

ഇന്ത്യയിൽ ശരാശരി 1.60 കോടി ഇരുചക്രവാഹനങ്ങളാണ് പ്രതിവർഷം വിറ്റഴിയുന്നത്; അടുത്ത വർഷത്തോടെ ഓൺലൈൻ രീതിയിലുള്ള ഇരുചക്രവാഹന വിൽപ്പന 10 ലക്ഷമാകുമെന്നാണു പ്രതീക്ഷ. പോരെങ്കിൽ ഇരുചക്രവാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവരിൽ പകുതിയും പ്രാഥമിക അന്വേഷണം നടത്തുന്നത് ഇന്റർനെറ്റിലൂടെയാണ്. കഴിഞ്ഞ 11 മാസത്തിനിടെ സ്നാപ്ഡീൽ വഴി നാലു ലക്ഷത്തോളം വാഹനം വിറ്റ് ഹീറോ മോട്ടോ കോർപ് 2,000 കോടി രൂപയുടെ വരുമാനം നേടിയെന്നാണു കണക്ക്. ഹീറോ മോട്ടോ കോർപിന്റെ വാർഷിക വിൽപ്പനയായ 64.30 ലക്ഷം യൂണിറ്റിൽ ആറു ശതമാനത്തോളമാണ് ഓൺലൈൻ വ്യാപാരത്തിന്റെ വിഹിതം. ഇതാവട്ടെ സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യയും(3.40 ലക്ഷം) മഹീന്ദ്ര ടു വീലേഴ്സും(1.65 ലക്ഷം) കൈവരിച്ച മൊത്തം വാർഷിക വിൽപ്പനയിലുമേറെയാണ്. സ്നാപ്ഡീലുമായുള്ള സഹകരണ വിജയകരമായ സാഹചര്യത്തിൽ സ്വന്തം ഓൺലൈൻ സെയിൽസ് പ്ലാറ്റ്ഫോം ആരംഭിക്കാനുള്ള സാധ്യതയും ഹീറോ മോട്ടോ കോർപ് പരിശോധിക്കുന്നുണ്ട്.