വരുമാനത്തിലും സുസുക്കിയെ പിന്തള്ളാൻ മാരുതി

വാഹന വിൽപ്പനയിൽ മികച്ച വളർച്ച കൈവരിച്ചു മുന്നേറുന്നതിനാൽ ജാപ്പനീസ് നിർമാതാക്കളായ സുസുക്കി മോട്ടോർ കോർപറേഷന്(എസ് എം സി) ഇന്ത്യ  സ്വന്തം നാടിനേക്കാൾ വലിയ വിപണിയായി മാറുന്നു. ജപ്പാനിൽ എസ് എം സി വിൽക്കുന്നതിലേറെ വാഹനങ്ങളാണു കമ്പനിയുടെ ഉപസ്ഥാപനമായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഇന്ത്യയിൽ വിൽക്കുന്നത്; വിപണി മൂല്യത്തിലും മാരുതി സുസുക്കി മാതൃസ്ഥാപനത്തെ അപേക്ഷിച്ചു മുന്നിൽതന്നെ. ജപ്പാനിൽ സുസുക്കിയുടെ വിൽപ്പന ഇടിയുമ്പോൾ ഇന്ത്യയിൽ ആവശ്യത്തിന് ഉൽപ്പാദനശേഷിയില്ലാത്തതാണു മാരുതി സുസുക്കി നേരിടുന്ന പ്രതിസന്ധി. മാരുതി സുസുക്കിയുടെ പല ജനപ്രിയ മോഡലുകളും സ്വന്തമാക്കാൻ മാസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യവുമാണ്.

വരുമാനത്തിലും മാരുതി സുസുക്കി വൈകാതെ സുസുക്കിയെ പിന്തള്ളുമെന്നാണു സൂചന. എന്നാൽ ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ലെന്നാണു മാരുതി സുസുക്കി ചെയർമാൻ ആർ സി ഭാർഗവയുടെ നിലപാട്. സുസുക്കിയുടെ ആഭ്യന്തര വിപണി നിശ്ചലാവസ്ഥയിലാണ്; മാരുതി സുസുക്കി വിൽപ്പനയിലാവട്ടെ ഗണ്യമായ മുന്നേറ്റവുമുണ്ടെന്ന് അദ്ദേഹം വിശദീകരിക്കുന്നു.ജപ്പാനിലെ സുസുക്കിയും ഇന്ത്യയിലെ ഉപസ്ഥാപനവുമായുള്ള വരുമാന വ്യത്യാസ 2015 — 16ൽ 60 കോടി ഡോളറായി കുറഞ്ഞിരുന്നു. 2014 — 15ലാവട്ടെ ഇരുകമ്പനികളുടെയും വരുമാനത്തിൽ 255 കോടി ഡോളറിന്റെ വ്യത്യാസമുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ജപ്പാനിലെ എസ് എം സിയുടെ വരുമാനം രണ്ടു ശതമാനം വളർച്ചയോടെ 929 കോടി ഡോളറിലെത്തി; അതേസമയം മാരുതി സുസുക്കിയുടെ വിറ്റുവരവാകട്ടെ 655 കോടി ഡോളറിൽ നിന്നു 33% വളർച്ചയോടെ 869 കോടി ഡോളറായി ഉയർന്നു. ഇതോടെ മാതൃസ്ഥാപനവും ഉപസ്ഥാപനവുമായി വരുമാനത്തിലുള്ള വ്യത്യാസം 60 കോടി ഡോളറായി ചുരുങ്ങുകയും ചെയ്തു. 

എസ് എം സിയുടെ വരുമാനത്തിൽ ഇരുചക്രവാഹന നിർമാണത്തിൽ നിന്നുള്ള വിറ്റുവരവും ഉൾപ്പെടുന്നുണ്ട്. അതേസമയം മാരുതി സുസുക്കിയാവട്ടെ കാറുകളും യാത്രാവാഹനങ്ങളും മാത്രമാണു നിർമിച്ചു വിൽക്കുന്നത്. ഇന്ത്യയിൽ സുസുക്കിയുടെ ഇരുചക്രവാഹന വിഭാഗത്തിന്റെ വരുമാനമാവട്ടെ 1,900 കോടി രൂപ(28 കോടിയോളം ഡോളർ)യോളം മാത്രമാണ്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ എസ് എം സിയുടെ വരുമാനത്തിൽ വെറും 1.1% വളർച്ചയാണു രേഖപ്പെടുത്തിയത്; 25,000 കോടി യെൻ(ഏകദേശം 15,625 കോടി രൂപ) ആയിരുന്നു കമ്പനിയുടെ വരുമാനം. ഇതേ കാലയളവിൽ മാരുതി സുസുക്കിയുടെ വിറ്റുവരവാകട്ടെ 12% വർധനയോടെ 14,654 കോടിയായിരുന്നു. ഇരുചക്രവാഹന വിഭാഗത്തിൽ നിന്നുള്ള 500 കോടി കൂടി പരിഗണിച്ചാൽ സുസുക്കിയുടെ ഇന്ത്യയിലെ വരുമാനം 15,000 കോടി രൂപ പിന്നിടും.