അമ്പരപ്പിക്കാൻ ഒരുങ്ങി റ്റി1 പ്രൈമ ട്രക്ക് റേസിങ് 2016

ന്യൂഡൽഹി ∙ വിജയകരമായ ആദ്യ രണ്ടു വർഷങ്ങൾക്കു ശേഷം കാണികളെ ആവേശത്തിമിർപ്പിലാഴ്ത്താൻ പ്രൈമ ട്രക്ക് റേസിങ് വീണ്ടും. 19-ാം തീയതി ശനിയാഴ്ച ഉദ്ഘാടന ചടങ്ങുകളോടെ റ്റി1 പ്രൈമ ട്രക്ക് റേസിങ്ങിന്റെ മൂന്നാം എഡിഷൻ ആരംഭിക്കും. ഗ്രേറ്റർ നോയിഡയിലെ ബുദ്ധ് സർക്യൂട്ടിൽ അരങ്ങേറുന്ന ചടങ്ങിൽ സുനീതി ചൗഹാൻ. ബാദ്ഷാ, നീതി മോഹൻ, ഗൗരവ്, ഗരിമ യാഗ്‌നിക് തുടങ്ങിയ പ്രശസ്ത താരങ്ങളുടെ പരിപാടികൾ മോടി കൂട്ടും.

ഇന്ത്യൻ ട്രക്ക് ഡ്രൈവർമാരും ഈ വേദിയിൽ മാറ്റുരയ്ക്കുന്നുണ്ട്. ഇതാദ്യമായാണ് രാജ്യാന്തര താരങ്ങൾ അണിനിരക്കുന്ന ട്രക്ക് റേസിങ്ങിൽ ഇന്ത്യൻ താരങ്ങൾ പങ്കെടുക്കുന്നത്. ആറു ടീമുകളാണുള്ളത്. റേസിങ്ങിനായി പ്രത്യേകം തയ്യാറാക്കിയ 12 റ്റാറ്റ പ്രൈമ ട്രക്കുകളാണ് മൽസരത്തിനുപയോഗിക്കുക. ഇന്ത്യൻ ഡ്രൈവർമാർ മാറ്റുരയ്ക്കുന്ന രണ്ടു സൂപ്പർക്ലാസ് റേസും രാജ്യാന്തര താരങ്ങൾ മാറ്റുരയ്ക്കുന്ന രണ്ടു പ്രോ ക്ലാസ് റേസുമടക്കം രണ്ടു വിഭാഗങ്ങളിലായി നാലു റേസാണുള്ളത്. ഇന്ത്യൻ ഡ്രൈവർമാർ കറുത്ത പ്രൈമ ട്രക്കിലാണ് മൽസരിക്കുക. പ്രോ ക്ലാസ് റേസിങ്ങിൽ കഴിഞ്ഞ രണ്ടു സീസണിലും മൽസരിച്ച ടീമുകൾക്കു പുറമെ പുതിയൊരു ടീമും മൽസരത്തിനിറങ്ങും.

ഓരോ സീസൺ കഴിയുന്തോറും പ്രകടനം മെച്ചപ്പെടുന്നുവെന്നും അതിനാൽ ഇക്കുറി റേസിങ് കൂടുതൽ ആസ്വാദ്യകരമാകുമെന്നുമുള്ള പ്രതീക്ഷയിലാണ് പ്രതീക്ഷയിലാണ് സംഘാടകർ. നിലവിലെ ചാംപ്യൻമാരായ കാസ്ട്രോൾ വെക്ടൺ -നു പുറമെ കമ്മിൻസ്, ടാറ്റ ടെക്നോളജീസ് മോട്ടോർസ്പോർട്സ്, ടാറ്റ മോട്ടേഴ്സ് ഫിനാൻസ്, ഡീലർ വാരിയേഴ്സ്, ഡീലർ ഡെയർഡെവിൾസ് എന്നിവയാണ് റേസ് ടീമുകൾ. വാബ്കോ, ജെകെ ടയേഴ്സ്, കാസ്ട്രോൾ, കമ്മിൻസ് എന്നീ മുൻനിര കമ്പനികളുമായി സഹകരിച്ചാണ് ടാറ്റ മൂന്നാം സീസൺ റേസ് ട്രക്കിങ് സംഘടിപ്പിക്കുന്നത്.

മദ്രാസ് മോട്ടോർ സ്പോർട്സ് ക്ലബ് (Madras Motor Sports Club-MMSC) ആണ് എല്ലാ വർഷവും റ്റി1 പ്രൈമ ട്രക്ക് റേസിങ് സംഘടിപ്പിക്കുന്നത്. മോട്ടോർ സ്പോർട്സ് ക്ലബ് ഫെഡറേഷൻ (ഇന്ത്യ) യുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി സംഘടിപ്പിക്കപ്പെടുന്ന ട്രക്ക് റേസിങ്, ബ്രിട്ടിഷ് ട്രക്ക് റേസിങ് അസോസിയേഷന്റെ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നു. യൂറോപ്പിൽ നിന്നും ബ്രിട്ടനില്‍ നിന്നും ഈ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന ടീമുകളെ‌ തിരഞ്ഞെടുക്കുന്നതും ഈ അസോസിയേഷനാണ്.

റേസിങ് ട്രക്ക്

ടാറ്റ പ്രൈമ 4038 എസ് ട്രക്കുകളാണ് ചാംപ്യൻഷിപ്പിനുപയോഗിക്കുന്നത്. 2100 ആർപിഎമ്മിൽ പരമാവധി 370 ബിഎച്ച് പി കരുത്ത്. 130 കിലോമീറ്ററാണ് പരമാവധി വേഗത. ബ്രിട്ടിഷ് ട്രക്ക് റേസിങ് അസോസിയേഷന്റെ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് ഇന്ധനടാങ്ക്, ബ്രേക്ക് കൂളിങ് സിസ്റ്റം, പ്രൊപ്പല്ലർ ഷാഫ്റ്റ് ഗാർഡുകൾ, റേസിങ് സീറ്റുകൾ, സുരക്ഷാ ബെൽറ്റ്, എക്സ്ഹോസ്റ്റ്, സ്റ്റിയറിങ് വീൽ എന്നിവ രൂപകൽപന ചെയ്തിരിക്കുന്നത്. ഇതിനു പുറമെ ടാറ്റ മോട്ടോഴ്സിന്റെ ജംഷഡ്പൂർ നിർമാണശാലയിൽ പല ഗുണമേന്മാ പരിശോധനകളും നടത്തി വിജയിച്ചതിനു ശേഷമാണ് ഈ ട്രക്കുകൾ റേസ്ട്രാക്കിലെത്തുന്നത്.