രാജസ്ഥാനിൽ 970 കോടി നിക്ഷേപിക്കാൻ ടഫെ

കൃഷിയിടങ്ങളിലെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാനായി രാജസ്ഥാനിൽ 970 കോടി രൂപ നിക്ഷേപിക്കുമെന്നു ട്രാക്ടേഴ്സ് ആൻഡ് ഫാം എക്വിപ്മെന്റ് ലിമിറ്റഡ്(ടഫെ). ഈ ലക്ഷ്യത്തോടെ രണ്ടു പദ്ധതികളിലായാണു കമ്പനി ഇത്രയും നിക്ഷേപം നടത്തുക.
രാജസ്ഥാൻ സർക്കാരിന്റെ സഹകരണത്തോടെ ആധുനിക കാർഷിക ഗവേഷണ ശാലയും മികവിന്റെ കേന്ദ്രവുമായി ‘ജെ ഫാം’ സ്ഥാപിക്കാനാണു കമ്പനിയുടെ തീരുമാനം. ഒപ്പം സംസ്ഥാനത്ത് ആറു മേഖലകളിലായി കാർഷികോപകരണങ്ങൾ വാടകയ്ക്കു നൽകാനായി സംസ്ഥാന സർക്കാരുമായി കമ്പനി ധാരണാപത്രവും ഒപ്പിട്ടു.

കസ്റ്റം ഹയറിങ് സെന്ററുകളിലും ‘ജെ ഫാം’ എന്ന മികവിന്റെ കേന്ദ്രങ്ങളിലുമായി രാജസ്ഥാന്റെ കാർഷിക മേഖലയിൽ അഞ്ചു വർഷത്തിനകം 970 കോടിയോളം രൂപ നിക്ഷേപിക്കുമെന്നു ടഫെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ മല്ലിക ശ്രീനിവാസൻ അറിയിച്ചു. രാജസ്ഥാൻ സർക്കാരുമായുള്ള പങ്കാളിത്തത്തിൽ തൊള്ളായിരത്തോളം കർഷക സംരംഭകരുമായി സഹകരിക്കാനും നാലായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാവുമെന്നാണു പ്രതീക്ഷ. പദ്ധതിയിലൂടെ അഞ്ചു ലക്ഷത്തോളം കർഷകരുടെ ജീവിതത്തിൽ ക്രിയാത്മക മാറ്റം വരുത്താനാവുമെന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു.