‘സിക്ക’യ്ക്കു പുതിയ പേര് തേടി ടാറ്റയുടെ മത്സരം

പുത്തൻ ഹാച്ച്ബാക്കായ ‘സിക്ക’യ്ക്കു പുതിയ പേരു കണ്ടെത്താൻ ടാറ്റ മോട്ടോഴ്സ് മത്സരം പ്രഖ്യാപിച്ചു. പുതിയ പേരു തിരഞ്ഞെടുക്കുമ്പോൾ ലോകമെങ്ങുമുള്ള വാഹന പ്രേമികൾക്കും ആരാധകർക്കും അവസരം നൽകാനാണു കമ്പനിയുടെ തീരുമാനമെന്നു ടാറ്റ മോട്ടോഴ്സ് വിശദീകരിക്കുന്നു. ഇതിന്റെ ഭാഗമായി സോഷ്യൽ മീഡിയ ചാനുലകൾ മുഖേന ‘ഫന്റാസ്റ്റികൊ നെയിം ഹണ്ട്’ എന്ന ഹാഷ്ടാഗിലാണു ടാറ്റ മോട്ടോഴ്സ് പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ സമാഹരിക്കുക. ഈ ഹാഷ്ടാഗിൽ പേരുകൾ നിർദേശിക്കാനുള്ള അവസരം ഞായറാഴ്ച അർധരാത്രി വരെ ലഭ്യമാവും.

തിരഞ്ഞെടുക്കുന്ന പേര് നിർദേശിക്കുന്ന ആൾ ഇന്ത്യക്കാരനെങ്കിൽ പുത്തനൊരു കാർ തന്നെയാണു സമ്മാനമായി കാത്തിരിക്കുന്നത്. വിദേശത്തു നിന്നുള്ള നിർദേശമാണു സ്വീകരിക്കപ്പെടുന്നതെങ്കിൽ കാറിന്റെ തുല്യ തുകയാവും സമ്മാനം. ഫേസ്ബുക്ക്, ട്വിറ്റർ, എസ് എം എസ്, വാട്ട്സ്ആപ് തുടങ്ങിയ സോഷ്യൽ മീഡിയ, മൊബൈൽ പ്ലാറ്റ്ഫോമുകൾ മുഖേന ‘ഫന്റാസ്റ്റികൊ നെയിം ഹണ്ട്’ എന്ന ഹാഷ്ടാഗിൽ പേരുകൾ സമർപ്പിക്കാം.

‘സിപ്പി കാർ’ എന്നതിന്റെ ചുരുക്കെഴുത്തായാണു കഴിഞ്ഞ നവംബറിൽ ടാറ്റ മോട്ടോഴ്സ് പുതിയ കാറിനു ‘സിക്ക’ എന്നു പേരിട്ടത്. എന്നാൽ ഗുരുതര ജന്മ വൈകല്യങ്ങൾക്കും നാഡീവ്യൂഹ സംബന്ധമായ പ്രശ്നങ്ങൾക്കും വഴിതെളിച്ച് ദക്ഷിണ അമേരിക്കയിൽ പകർച്ചവ്യാധി ഭീതി സൃഷ്ടിച്ച വൈറസിനും ഇതേ പേരു വന്നതോടെ ടാറ്റ മോട്ടോഴ്സ് പ്രതിസന്ധിയിലായി. തുടർന്ന് വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പനയ്ക്കു തയാറാവുന്ന ഹാച്ച്ബാക്കിന്റെ പേരു മാറ്റാൻ കഴിഞ്ഞ ചൊവ്വാഴ്ചയാണു ടാറ്റ മോട്ടോഴ്സ് തീരുമാനിച്ചത്.

വിവിധ രാജ്യങ്ങളിൽ പകർച്ചവ്യാധി ഭീഷണി സൃഷ്ടിച്ച ‘സിക’ വൈറസിനു മുന്നിൽ പകച്ചുനിൽക്കുന്ന ജനതയോടുള്ള ഐക്യദാർഢ്യമായാണു പുതിയ കാറിന്റെ പേരു മാറ്റുന്നതെന്നു ടാറ്റ മോട്ടോഴ്സ് വിശദീകരിച്ചു.

അതേസമയം കാറിനായി ആവിഷ്കരിച്ച ‘മെയ്ഡ് ഓഫ് ഗ്രേറ്റ്’ പരസ്യപ്രചാരണങ്ങളിലും ‘വാട്ട് ഡ്രൈവ്സ് അസ് ഫ്രം വിതിൻ ഇസ് വാട്ട് മേയ്ക്ക്സ് അസ് ഗ്രേറ്റ്’ എന്ന മുദ്രാവാചകത്തിലുമൊക്കെ മാറ്റമുണ്ടാവുമോ എന്നു വ്യക്തമല്ല. ഫുട്ബോളിലെ സ്പാനിഷ് ലീഗിൽ ബാഴ്സലോനയ്ക്കായി കളിക്കുന്ന അർജന്റീനിയൻ താരം ലയണൽ മെസ്സിയുടെ അകമ്പടിയോടെ അരങ്ങേറ്റം കുറിച്ച കാർ ഗ്രേറ്റർ നോയ്ഡയിൽ നയക്കുന്ന ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട്. അതിനാൽ പ്രദർശനം തീരും വരെ കാറിന്റെ പേര് ‘സിക്ക’ എന്നു തുടരുമെന്നും ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കുന്നു. തുടർന്ന് ഏതാനും ആഴ്ചകൾക്കുള്ളിൽ പുതിയ പേരും ആവശ്യമായ ബ്രാൻഡിങ് നടപടികളും പ്രഖ്യാപിക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.

ആഫ്രിക്കയിലെയും ഏഷ്യയിലെയും ചില ഭാഗങ്ങളിൽ നിലവിലുള്ള ‘സിക’ വൈറസ് ബാധ അടുത്തയിടെയാണ് അമേരിക്കയിലും രംഗപ്രവേശം ചെയ്തത്. വിദേശയാത്ര നടത്തിയിട്ടില്ലാത്തവരിലും വൈറസ് സാന്നിധ്യം കണ്ടെത്തിയതോടെ ‘സിക’ പ്രാദേശികമായി പിറവിയെടുത്തതാണെന്ന വാദവും ശക്തമാണ്. വൈറസിനെ നേരിടാൻ പോന്ന വാക്സിനുകൾ ലഭ്യമല്ലെന്നതാണ് ‘സിക’യെ അതീവ അപകടകാരിയാക്കുന്നത്.

കൊതുകുകൾ വഴി പടരുന്ന ‘സിക’ വൈറസ് മൂലം ബ്രസീലിൽ ആയിരക്കണക്കിന് ആളുകൾക്കു മൈക്രോസെഫലി രോഗം കണ്ടെത്തിയിരുന്നു. വൈറസ് ബാധയുടെ ഫലമായി വലിപ്പം തീരെയില്ലാത്ത തലയുയും അവികസിത തലച്ചോറുമായി കുഞ്ഞുങ്ങൾ ജനിക്കുന്ന അവസ്ഥയാണു മൈക്രോസെഫലി. കഴിഞ്ഞ വർഷം മേയിൽ ബ്രസീലിൽ ‘സിക’ വൈറസിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയതു മുതൽ ഇതുവരെ രോഗബാധിതരായി ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണത്തിൽ 20 ഇരട്ടി വർധനയാണു രേഖപ്പെടുത്തിയത്. അമേരിക്കൻ മേഖലയിൽ 22 രാജ്യങ്ങളിൽ ‘സിക’ സാന്നിധ്യം സ്ഥിരീകരിച്ചതും വൈറസ്ബാധ അതിവേഗം പടരുമെന്നതിനു തെളിവായിട്ടുണ്ട്.