ടാറ്റ ജെൻ എക്സ് നാനോ യുടെ അരങ്ങേറ്റം 19ന്

ചെറുകാറായ ‘നാനോ’യുടെ ജാതകം തിരുത്താൻ ടാറ്റ മോട്ടോഴ്സ് അവതരിപ്പിക്കുന്ന പുതുതലമുറ മോഡലായ ‘ജെൻ എക്സ് നാനോ’യുടെ അരങ്ങേറ്റം 19ന്. നിലവിൽ 5,000 രൂപ അഡ്വാൻസ് ഈടാക്കി ടാറ്റ ഡീലർഷിപ്പുകൾ ‘ജെൻ എക്സ് നാനോ’യ്ക്കുള്ള ബുക്കിങ്ങുകൾ സ്വീകരിക്കുന്നുണ്ട്.

കൂടാതെ നിലവിലുള്ള ‘നാനോ’ ഉടമകൾക്കായി ‘പവർ ഓഫ് വൺ പ്ലസ് വൺ’ എന്നു പേരിട്ട പ്രത്യേക എക്സ്ചേഞ്ച് പദ്ധതിയും പ്രാബല്യത്തിലുണ്ട്. നിലവിലുള്ള ‘നാനോ’ ഉടമകൾ പഴയ കാർ നൽകി ‘ജെൻ എക്സ് നാനോ’ വാങ്ങുമ്പോൾ എക്സ്ചേഞ്ച് ബോണസായി 20,000 രൂപയാണു ടാറ്റ മോട്ടോഴ്സിന്റെ വാഗ്ദാനം. കൂടാതെ സുഹൃത്തുക്കളെയും ബന്ധുക്കളെയും പരിചയപ്പെടുത്തി ‘നാനോ’ ഉടമകളാക്കി മാറ്റിയാൽ 5,000 രൂപ വീതം നേടാനും ടാറ്റ മോട്ടോഴ്സ് അവസരമൊരുക്കിയിട്ടുണ്ട്.

പുതുമകൾക്കും പരിഷ്കാരങ്ങൾക്കും പഞ്ഞമില്ലാത്ത ‘ജെൻ എക്സ് നാനോ’ നാലു വകഭേദങ്ങളിലാവും ലഭ്യമാവുക: ‘എക്സ് ഇ’, ‘എക്സ് എം’, ‘എക്സ് ടി’, ‘എക്സ് ടി എ(എ എം ടി)’. കോംപാക്ട് സെഡാനായ ‘സെസ്റ്റി’ലേതിനു സമാനമാവും പുതിയ ‘നാനോ’യിലെ ഗീയർ ബോക്സെന്നാണു സൂചന. ഇതിൽ ക്രീപ് ഫംക്ഷനും സ്പോർട്സ് മോഡും ലഭ്യമാവുമെന്നാണു കേൾക്കുന്നത്. ബൂട്ട് പരിഷ്കരിച്ചതോടെ എ എം ടി ട്രാൻസ്മിഷനുള്ള കാറിന്റെ സംഭരണ ശേഷി 94 ലീറ്ററാവും; മാനുവൽ ട്രാൻസ്മിഷനുള്ള മോഡലുകളിൽ സംഭരണ ശേഷി 110 ലീറ്ററാവും.

പുത്തൻ രൂപകൽപ്പനയിലുള്ള മുൻ — പിൻ ബംപറുകൾ, തുറക്കാവുന്ന ടെയിൽ ഗേറ്റ്, സ്മോക്ക്ഡ് ഹെഡ്ലാംപ്, പിന്നിൽ ഫോഗ് ലാംപ്, പരിഷ്കരിച്ച ബാഹ്യ സ്റ്റൈലിങ്, കാബിൻ എന്നിവയെല്ലാമാണു ‘ജെൻ എക്സ് നാനോ’യുടെ സവിശേഷത.

മുൻ മോഡലുകളിൽ പെട്രോൾ ടാങ്കിന്റെ സംഭരണ ശേഷി 15 ലീറ്ററായിരുന്നത് ‘ജെൻ എക്സ് നാനോ’യിൽ 24 ലീറ്ററായും ഉയർത്തിയിട്ടുണ്ട്. പവർ സ്റ്റീയറിങ്, എയർ കണ്ടീഷനർ, സെൻട്രൽ ഓട്ടമാറ്റിക് ലോക്കിങ്, ഹീറ്റർ, ബ്ലൂ ടൂത്ത്, ഓക്സിലറി, യു എസ് ബി കണക്ടിവിറ്റിയുള്ള മ്യൂസിക് സിസ്റ്റം തുടങ്ങിയവയും ടാറ്റ മോട്ടോഴ്സ് ‘ജെൻ എക്സ് നാനോ’യിൽ ലഭ്യമാക്കുന്നുണ്ട്.

കാറിലെ എൻജിനു പക്ഷേ മാറ്റമില്ല; പരമാവധി 38 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന, 624 സി സി, രണ്ടു സിലിണ്ടർ പെട്രോൾ എൻജിനൊപ്പമുള്ളത് നാലു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ്. എന്നാൽ ട്യൂണിങ് പരിഷ്കാരം വഴി പുതിയ കാർ ലീറ്ററിന് 21.90 കിലോമീറ്റർ ഇന്ധനക്ഷമത ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്.