ഹിറ്റാകാൻ ഇതാ ഹെക്സ

ഹെക്സ

ബോൾട്ടും സെസ്റ്റും നേടിയവൻ വിജയത്തിനു തുടർച്ചയായി ടാറ്റയിൽ നിന്നൊരു ക്രോസ് ഓവർ. ടാറ്റ ഹെക്സ. ഇക്കഴിഞ്ഞ ജനീവ മോട്ടോർ ഷോയിൽ ഹെക്സയുടെ കൺസപ്റ്റ് രൂപം പ്രദർശിപ്പിച്ചു. ജാഗ്വാർ, ലാൻഡ് റോവർബ ന്ധത്തിൻറെ എല്ലാ സാധ്യതകളും മുതലെടുക്കുന്ന ഹെക്സ രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. വിപണനവും രാജ്യാന്തര തലത്തിലാകാനുള്ള സാധ്യത ടാറ്റ തള്ളിക്കളയുന്നില്ല.

അങ്ങനെയെങ്കിൽ യൂറോപ്പ് അടക്കമുള്ള വിപണികളിൽ ഹെക്സ ഇന്ത്യയ്ക്കൊപ്പം നിരത്തിലിറങ്ങും. രാജ്യാന്തര വിപണിയിൽ ലക്ഷ്യമിടുന്നതിൻറെ ഗുണഭോക്താക്കൾ ഇന്ത്യക്കാർ തന്നെയായിരിക്കും. കാരണം ഇന്ത്യയിൽ ഇന്നിറങ്ങുന്ന രാജ്യാന്തര കാറുകളോടു കിടപിടിക്കുന്നതോ അവയെ പിന്തള്ളുന്നതോ ആയ ഒരു വാഹനം നമുക്കു കിട്ടും. വിദേശികളെക്കാൾ നല്ല കാറുകളുണ്ടാക്കാനും അവ കുറഞ്ഞ വിലയ്ക്കു വിൽക്കാനും ടാറ്റയ്ക്കാവും എന്നതിനു ചലിക്കുന്ന ഉദാഹരണങ്ങളായി സെസ്റ്റും ബോൾട്ടും നിലനിൽക്കുന്നു.

എൻജിനും ട്രാൻസ്മിഷനും മുതൽ ഉള്ളിലെ ചെറു സൗകര്യങ്ങൾ വരെ എത്രത്തോളം മികച്ചതാവാമെന്നതിനു തെളിവാണ് ഈ രണ്ടു കാറുകൾ. ഈ വിഭാഗത്തിലല്ല, അതിനു മുകളിലെ വിഭാഗത്തിൽ പ്പോലും എത്ര കാറുകൾ ടർബോചാർജ്ഡ് പെട്രോൾ എൻജിനും വിവിധ ഡ്രൈവിങ് മോഡുകളും ഹാർമൻ കാർഡൻ സ്റ്റീരിയോ പോലെയുള്ള ആഡംബരങ്ങളും നൽകുന്നുണ്ട് ? ആരുമില്ല. മറ്റാർക്കും അനായാസം കടന്നു കയറാൻ പറ്റാത്ത ഇത്തരമൊരു മേഖലയിലേക്കാണ് ഹെക്സയും ചെന്നെത്തുന്നത്.

ടാറ്റയ്ക്ക് ബ്രാൻഡ് മൂല്യം ഇടിഞ്ഞെന്നു പ്രചാരം നടത്തുന്നത് മുഖ്യമായും എതിരാളികളാണ്. സത്യത്തിൽ ഇന്ത്യയെ സ്നേഹിക്കുന്നവർക്കും ഇന്ത്യക്കായി ഇന്ത്യക്കാരൻ ഉണ്ടാക്കുന്ന ഉത്പന്നങ്ങളാണ് നന്ന് എന്നു വിശ്വസിക്കുന്നവർക്കും ടാറ്റയെ തള്ളാനാവില്ല. തൂമ്പാ മുതൽ ഉപ്പും ചായയും പഞ്ചനക്ഷത്ര ഹോട്ടലുകളും വരെ ഉന്നത ഗുണനിലവാരത്തിൽ ഇറക്കു കയും നടത്തുകയും ചെയ്യുന്ന കമ്പനിയാണ് ടാറ്റ. പല മേഖലകളിലും ടാറ്റ കഴിഞ്ഞ് വേറെ എതിരാളികളില്ല. വാഹനത്തിൻറെ കാര്യമെടുത്താൽ വിദേശവാഹനങ്ങൾ തോന്നുന്ന വിലയ്ക്കു വിറ്റ കാലത്ത് കൊടുക്കുന്ന പണത്തിനു കൂടുതൽ കാർ എന്ന തത്വവുമായി വിദേശികൾക്ക് തടയിട്ടത് ടാറ്റയാണ്.

മാത്രവുമല്ല, പല ജാപ്പനീസ് കമ്പനികളും പണ്ടു സൈക്കിൾ റിപ്പയർ ഷോപ്പ് നടത്തിയിരുന്ന കാലത്തേ ട്രക്കും ബസും മാത്രമല്ല തീവണ്ടി എൻജിനുകൾ വരെ ഉണ്ടാക്കിയവരാണ് ടാറ്റ. എന്തായാലും ഇടക്കാലത്ത് എന്തെങ്കിലും ഇടിവു തട്ടിയിട്ടുണ്ടെങ്കിൽ ബോൾട്ടും സെസ്റ്റും അതു പരിഹരിച്ചു കഴിഞ്ഞു.

ഇനി വരുന്ന നിര മൂല്യം ഉയർത്തുന്ന ദൗത്യവുമായാണു വരുന്നത്. ഹെക്സയുടെ പ്ലാറ്റ്ഫോം ടാറ്റ ആര്യയുടേതാണ്. ഹൈഡ്രോ ഫോംഷാസിയടക്കമുള്ള പ്ലാറ്റ്ഫോംഘടകങ്ങൾ ലാൻഡ് റോവറുകളോടു കിടപിടിക്കും. പ്ലാറ്റ്ഫോം ഒന്നാണെന്നതൊഴിച്ചാൽ (പുതിയ സഫാരിക്കു രൂപമാറ്റമില്ലെങ്കിലും ഇതേ പ്ലാറ്റ്ഫോമിലേക്ക് സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്) രൂപത്തിൽ കാര്യമായ സാദൃശ്യങ്ങളില്ല. വലിയ പുതിയ ടാറ്റാ ഗ്രില്ലും എയർ ഡാമും ബ്രഷ്ഡ് അലൂമിനിയം സ്ട്രൈപ്പുകളും പരമ്പരാഗത ടാറ്റ മുഖത്തിൽ നിന്ന് ഒരു മാറ്റം നൽകുന്നു.

പ്രൊജക്ടർ ഹെഡ്ലാംപുകൾ. ഡേ ടൈം റണ്ണിങ് ലാംപ്സ്. വശങ്ങളിൽ വീൽ ആർച്ചുകൾ മുതൽ വലിയ ബോഡി ക്ലാഡിങ് ഉണ്ട്. അഞ്ചു സ്പോക്ക് 19 ഇഞ്ച് അലോയ് വീലുകളിലാണ് ജനീവയിലെ ഹെക്സ ഉരുണ്ടത്. പൊതുവെ ഒഴുക്കൻ എന്നാക്ഷേപിക്കാവുന്ന ആര്യയുടെ പിൻവശമല്ല വലിയൊരു ക്രോമിയം സ്ട്രിപ്പും അതിൻറെ തുടർച്ചയായി വശങ്ങളിലേക്കു പരക്കുന്ന ടെയ്ൽ ലാംപും. ബമ്പറിനു താഴെ ബ്രഷ്ഡ് അലൂമിനിയം ഫിനിഷിങ്ങിൽ ക്ലാഡിങ്. സ്പോർട്ടി ട്വിൻ എക്സ് ഹോസ്റ്റ്.

ആറു സീറ്റുകളാണ് ഹെക്സയ്ക്ക്. മൂന്നിലും നടുവിലും ക്യാപ്റ്റൻ സീറ്റുകൾ. എല്ലാ യാത്രക്കാർക്കും എ സി വെൻറ്. സെസ്റ്റിലുള്ള ഹാർമൻ കാർഡൻ സ്റ്റീരിയോയിൽ പുതുതായി നാവിഗേഷനുണ്ട്, സ്ക്രീൻ വലുപ്പം കൂടിയിട്ടുമുണ്ട്. 2.2 ലീറ്റർ ഡൈകോർ എൻജിനിലെ മുഖ്യമാറ്റം ട്വിൻ ടർബോ. ശക്തി 175 ബി എച്ച് പി. ആറു സ്പീഡ് മാനുവൽ, ഓട്ടൊ ഗീയർ ബോക്സുകൾ. ഓൾ ടൈം ഫോർ വീൽഡ്രൈവ്.

ഇതൊക്കെയാണ് ഹെക്സ. വില പ്രഖ്യാപനം വരാനിരിക്കുന്നു. എതിരാളികളെ ഞെട്ടിക്കുന്ന വിലയുമായെത്തിയാൽ ഹെക്സ ഹിറ്റ്. അധികം വൈകാതെ വിപണിയിറങ്ങുമെന്നാണ് പ്രതീക്ഷ