മെസിയെ നായകനാക്കി ടാറ്റ

ലോക ഫുട്ബോളർ‌ ലയണൽ മെസിയും ടാറ്റയും സഹകരിച്ച ആദ്യ പരസ്യം പുറത്തിറങ്ങി. മെസി ടാറ്റയുടെ ആഗോള ബ്രാൻഡ് അംബാസിഡറായി എത്തിയതിന് ശേഷം പുറത്തിറങ്ങുന്ന ആദ്യ പരസ്യ ചിത്രമാണിത്. ‘മെയ്ഡ് ഫോർ ഗ്രേറ്റ്’ എന്ന ഹാഷ് ടാഗിലാണ് ടാറ്റ പുതിയ പരസ്യ പ്രചാരണത്തിന് തുടക്കം കുറിച്ചത്. 

യാത്രാ വാഹന വിഭാഗത്തിന്റെ മൂല്യങ്ങൾ വിളംബരം ചെയ്യുന്ന ശക്തമായ പ്രചാരണമാണ് മെസിയെ ബ്രാൻഡ് അംബാസിഡറാക്കിയുള്ള പ്രചരണത്തിലൂടെ ടാറ്റ ലക്ഷ്യം വെയ്ക്കുന്നതെന്ന് ടാറ്റ പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മയങ്ക് പരീക്ക് അഭിപ്രായപ്പെട്ടിരുന്നു. ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ തയാറെടുക്കുന്ന ടാറ്റ മോട്ടോഴ്സിനെ സംബന്ധിച്ചിടത്തോളം തികച്ചും അനുയോജ്യനായ പങ്കാളിയാണു മെസ്സി. ഭൂമിശാസ്ത്രപരമായ പരിമിതികളില്ലാതെ ആഗോളതലത്തിൽ തന്നെ സ്വീകാര്യനായ മെസി, രാജ്യാന്തര തലത്തിൽ കമ്പനിയെ പ്രതിനിധീകരിക്കാൻ ഏറ്റവും അനുയോജ്യനാണെന്നും പരീക്ക് നേരത്തെ പറഞ്ഞിരുന്നു. 

ആഗോളതലത്തിൽ സ്വീകാര്യതയുള്ള ബ്രാൻഡ് അംബാസഡറെ രംഗത്തിറക്കി കമ്പനിയുടെ മൊത്തം യാത്രാവാഹന ശ്രേണിക്കായി ടാറ്റ മോട്ടോഴ്സ് പരസ്യ പ്രചാരണം നടത്തുന്നത് ഇതാദ്യമായാണ്. അതുപോലെ ലയണൽ മെസ്സി ഏതെങ്കിലും ഇന്ത്യൻ കമ്പനിയുടെ പ്രചാരണ ചുമതല ഏറ്റെടുക്കുന്നതും ഇതാദ്യമാണ്. അതുകൊണ്ടുതന്നെ സമീപ ഭാവിയിൽ മെസ്സിയുമായുള്ള സഖ്യം വിളംബരം ചെയ്യുന്ന പരിമിതകാല മർച്ചൻഡൈസിങ് ശ്രേണി അവതരിപ്പിക്കാനും ടാറ്റ മോട്ടോഴ്സ് തയാറെടുക്കുന്നുണ്ട്.