ടാറ്റ മോട്ടോഴ്സിനെ നയിക്കാൻ ഗ്യുന്റെർ ബട്ഷെക് വരുന്നു

Guenter Butschek

ടാറ്റ മോട്ടോഴ്സിനെ നയിക്കാൻ വിമാന നിർമാതാക്കളായ എയർബസിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ (സി ഒ ഒ) ആയിരുന്ന ഗ്യുന്റെർ ബട്ഷെക് എത്തുന്നു. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും(സി ഇ ഒ) മാനേജിങ് ഡയറക്ടറു(എം ഡി)മായിരുന്ന കാൾ സ്ലിമ്മിന്റെ അപ്രതീക്ഷിത വിയോഗം മൂലം 2014 ജനുവരിയിൽ സൃഷ്ടിക്കപ്പെട്ട സുപ്രധാന ഒഴിവാണ് ടാറ്റ മോട്ടോഴ്സ് രണ്ടു വർഷത്തിനു ശേഷം ഇപ്പോൾ നികത്തുന്നത്. വരുമാനം അടിസ്ഥാനമാക്കിയാൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ സി ഇ ഒയും എം ഡിയുമായി ജർമനിയിൽ നിന്നുള്ള ബട്ഷെക്(55) ഫെബ്രുവരി 15നു ചുമതലയേൽക്കുമെന്നു ടാറ്റ മോട്ടോഴ്സ് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. ഇന്ത്യയ്ക്കു പുറമെ ദക്ഷിണ കൊറിയ, തായ്‌ലാൻഡ്, ഇന്തൊനീഷ, ദക്ഷിണ ആഫ്രിക്ക തുടങ്ങിയ വിദേശ വിപണികളിലും മേലിൽ ബട്ഷെക്കാവും ടാറ്റ മോട്ടോഴ്സിനെ നയിക്കുക. അതേസമയം, ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര ബ്രാൻഡുകളായ ജഗ്വാർ ലാൻഡ് റോവറിന്റെ നേതൃത്വം ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ റാൾഫ് സ്പെത്തിനു തന്നെയാവുമെന്നു കമ്പനി വ്യക്തമാക്കി.

യൂറോപ്യൻ വിമാന നിർമാതാക്കളായ എയർബസിൽ നിന്ന് 2014 ഡിസംബറിലാണു ബട്ഷെക് രാജിവച്ചത്. തുടർന്ന് ഒരു വർഷത്തോളമായി ടാറ്റ മോട്ടോഴ്സിന്റെ സാരഥ്യം ഏറ്റെടുക്കുന്നതു സംബന്ധിച്ച് അദ്ദേഹവും കമ്പനിയുമായി ചർച്ചകൾ തുടരുകയായിരുന്നു. നാലു വർഷത്തെ സേവനത്തിനൊടുവിലാണു ബട്ഷെക് എയർബസ് വിട്ടത്; ഇതിൽ രണ്ടര വർഷത്തോളമാണ് അദ്ദേഹം എയർബസിന്റെ സി ഒ ഒ സ്ഥാനം വഹിച്ചത്. വാഹന വ്യവസായത്തിൽ കാൽ നൂറ്റാണ്ടിന്റെ പ്രവർത്തന പരിചയമാണ് ബട്ഷെക്കിനുള്ളത്; സ്റ്റുട്ട്ഗർട് ആസ്ഥാനമായ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ഈ സുദീർഘ സേവനം. സ്റ്റുട്ട്ഗർട്ടിലെ യൂണിവേഴ്സിറ്റി ഓഫ് കോപ്പറേറ്റീവ് എജ്യൂക്കേഷനിൽ നിന്നാണു ബട്ഷെക്ക് ഡിപ്ലോമ സഹിതം ബിസിനസ് അഡ്മിനിസ്ട്രേഷനിലും ഇക്കണോമിക്സിലും ബിരുദപഠനം പൂർത്തിയാക്കിയത്. തുടർന്നു മെഴ്സീഡിസ് ബെൻസിനൊപ്പം ചൈനയിലും ദക്ഷിണ ആഫ്രിക്കയിലുമൊക്കെ പ്രവർത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ട്.

ആഭ്യന്തര വിപണിയിൽ ടാറ്റ മോട്ടോഴ്സിന്റെ പ്രവർത്തനം തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഘട്ടത്തിലാണു നേതൃത്വം നൽകാൻ ബട്ഷെക് എത്തുന്നത്. വാണിജ്യ വാഹന വിഭാഗത്തിൽ വിപണി വിഹിതം ഇടിയുമ്പോഴും ടാറ്റ മോട്ടോഴ്സിന്റെ ഇടത്തരം, ഭാര ട്രക്കുകളുടെ വിൽപ്പന 22% വർധിച്ചു. 2015 ഏപ്രിൽ — ഡിസംബർ കാലത്തെ കാർ വിൽപ്പനയിലാവട്ടെ അഞ്ചു ശതമാനത്തോളം വളർച്ച നേടാനും ടാറ്റ മോട്ടോഴ്സിനായി. എന്നാൽ ഇതേകാലത്ത് രാജ്യത്തെ കാർ വിൽപ്പനയിൽ മൊത്തത്തിൽ ഒൻപതു ശതമാനത്തോളം വർധന രേഖപ്പെടുത്തി എന്നത് ടാറ്റ മോട്ടോഴ്സിന് അവഗണിക്കാനാവില്ല.