പ്രീമിയം ഡീലർഷിപ് തുറക്കാൻ ടാറ്റ മോട്ടോഴ്സും

Tata Hexa

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ‘നെക്സ’ ഷോറൂം ശൃംഖലയുടെ മാതൃക പിന്തുടർന്നു പ്രീമിയം ഡീലർഷിപ്പുകൾ തുറക്കാൻ ടാറ്റ മോട്ടോഴ്സും ആലോചിക്കുന്നു. രണ്ടു വർഷത്തിനകം യാത്രാവാഹന വിൽപ്പനയിൽ മൂന്നാം സ്ഥാനം സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണു ടാറ്റ മോട്ടോഴ്സ് പുതിയ തന്ത്രങ്ങൾ പയറ്റുന്നത്. കാർ വിപണിയിൽ പുതിയ വിഭാഗങ്ങൾ സൃഷ്ടിച്ചു മുന്നേറാൻ മാരുതി സുസുക്കിയും ഹ്യുണ്ടേയിയും ഫോക്സ്വാഗനും ഹോണ്ടയും റെനോയുമെല്ലാം ശ്രമിച്ചിരുന്നു. എന്നാൽ ഈ രംഗത്തു കാര്യമായ നേട്ടം കൊയ്യാൻ ടാറ്റ മോട്ടോഴ്സിന സാധിച്ചില്ല. വാഹനം വാങ്ങാനെത്തുന്നവരിൽ 60 ശതമാനത്തിന്റെ ആവശ്യം മാത്രം നിറവേറ്റാൻ പോന്ന മോഡൽ ശ്രേണിയാണു ടാറ്റ മോട്ടോഴ്സിനുള്ളത്. പുത്തൻ ഹാച്ച്ബാക്കും സ്പോർട് യൂട്ടിലിറ്റി വാഹനവും എക്സിക്യൂട്ടീവ് സെഡാനുമൊക്കെ അവതരിപ്പിച്ച് പ്രീമിയം വിഭാഗത്തിലെ ഈ ദൗർബല്യം പരിഹരിക്കാനാണു കമ്പനിയുടെ നീക്കം.

മാരുതി സുസുക്കി ‘ബലേനൊ’യും ഹ്യുണ്ടേയിയുടെ ‘എലീറ്റ് ഐ ട്വന്റി’യും കൊയ്ത വിജയമാണ് പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിന്റെ സ്വീകാര്യത പൊടുന്നനെ മെച്ചപ്പെടുത്തിയത്. ഈ വിഭാഗത്തിൽ സാന്നിധ്യം ഉറപ്പാക്കി വിൽപ്പന ഉയർത്താനാണു ടാറ്റ മോട്ടോഴ്സിന്റെ മോഹം; ‘എക്സ് 451’ എന്ന കോഡ് നാമത്തിലാണ് ഈ മോഡലിന്റെ വികസനം പുരോഗമിക്കുന്നത്. അഡ്വാൻസ്ഡ് മോഡുലർ പ്ലാറ്റ്ഫോം(എ എം പി) അടിത്തറയാവുന്ന പ്രീമിയം ഹാച്ച്ബാക്കിനു കരുത്തേകുക 1.2 ലീറ്റർ ടർബോ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിനുകളാവും. പ്രീമിയം എസ് യു വിയുടെ വികസനഘട്ടത്തിലെ നാമം ‘ക്യു 501’ എന്നാണ്. വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും ലാൻഡ് റോവറിന്റെ പിൻബലത്തിൽ ടാറ്റ വികസിപ്പിക്കുന്ന ആദ്യ വാഹനമാവുമിതെന്നാണു സൂചന. മിക്കവാറും അടുത്ത വർഷം തന്നെ ഈ പ്രീമിയം എസ് യു വി വിൽപ്പനയ്ക്കെത്തും.

ഈ നവാഗതർക്കൊപ്പം അടുത്തയിടെ വിപണിയിലെത്തിയ ‘ഹെക്സ’യുടെ വിൽപ്പനയും നിർദിഷ്ട പ്രീമിയം ഡീലർഷിപ്പുകൾ വഴിയാക്കാനാണു കമ്പനി ആലോചിക്കുന്നത്. നിലവിൽ വിപണിയിലുള്ള വിവിധോദ്ദേശ്യ വാഹന(എം പി വി)ങ്ങളെ അപേക്ഷിച്ച് ഏറെ ആധുനികമാണ് ‘ഹെക്സ’യെന്നാണു ടാറ്റ മോട്ടോഴ്സിന്റെ വിലയിരുത്തൽ. പ്രീമിയം മോഡലുകളുമായി ഈ വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടെ വിൽപ്പനശാലകളും നവീകരിക്കേണ്ടത് അനിവാര്യതയാണെന്ന് ടാറ്റ കണക്കുകൂട്ടുന്നു. ‘നെക്സ’ ശൃംഖല വഴി ഉജ്വല നേട്ടമാണു മാരുതി സുസുക്കി കൊയ്തത്. 2015 ജൂലൈ 23ന് അരങ്ങേറ്റം കുറിച്ച ‘നെക്സ’ ശൃംഖലയിലെ ഷോറൂമുകളുടെ എണ്ണം 200ലെത്തിക്കഴിഞ്ഞു. 2020 ആകുമ്പോഴേക്ക് ‘നെക്സ’ ഷോറൂമുകളുടെ എണ്ണം ഇരട്ടിയാക്കാനും കമ്പനിക്കു പദ്ധതിയുണ്ട്. എന്തായാലും 2017ൽ പ്രീമിയം ഡീലർഷിപ്പുകളാവില്ല ടാറ്റ മോട്ടോഴ്സിന്റെ പ്രഥമ പരിഗണന. പകരം അടുത്ത മാസം നിശ്ചയിച്ച ചെറു സെഡാനായ ‘കൈറ്റ് ഫൈവി’ന്റെയും വർഷാവസാനത്തോടെ പ്രതീക്ഷിക്കുന്ന സബ് കോംപാക്ട് എസ് യു വിയായ ’നെക്സ’ന്റെയും അവതരണങ്ങളിലാവും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുക.