ടാറ്റ ‘പ്രീമ’ ശ്രേണി സൗദി അറേബ്യയിലും

പ്രമുഖ നിർമാതാക്കളായ ടാറ്റ മോട്ടോഴ്സിൽ നിന്നുള്ള പുതുതലമുറ ഹെവിഡ്യൂട്ടി വാണിജ്യ വാഹന ശ്രേണിയായ ‘പ്രീമ’ സൗദി അറേബ്യയിൽ വിൽപ്പനയ്ക്കെത്തി. ആഗോളതലത്തിൽ വിൽപ്പന ലക്ഷ്യമിട്ട് ഉപസ്ഥാപനമായ ടാറ്റ ദെയ്വൂ കൊമേഴ്സ്യൽ വെഹിക്കിൾസിന്റെ പിന്തുണയോടെ ടാറ്റ മോട്ടോഴ്സ് വികസിപ്പിച്ച പുതുനിരയാണു ‘പ്രീമ’. അതുകൊണ്ടുതന്നെ കമ്പനി രേഖകളിൽ ‘വേൾഡ് സ്മാർട് ട്രക്ക്’ എന്നാണു ‘പ്രീമ’യെ വിശേഷിപ്പിക്കുന്നത്. കാബിന് ഇറ്റാലിയൻ രൂപകൽപ്പനയും എൻജിനിൽ യു എസ് സാങ്കേതികവിദ്യയും ജർമനിയിൽ നിന്നും യു എസിൽ നിന്നുമുള്ള ഗീയർബോക്സ് വൈദഗ്ധ്യവും മെക്സിക്കോയിൽ നിന്നുള്ള ഷാസി ഫ്രെയിം സാങ്കേതികതയും ജപ്പാനിൽ നിന്നും കൊറിയയിൽ നിന്നുമുള്ള ഷീറ്റ് മെറ്റൽ ഡൈകളും കൃത്യതയാർന്ന സ്വീഡിഷ് റോബോട്ടിക് വെൽഡ് ലൈനുമൊക്കെയാണു ‘പ്രീമ’യിൽ സമന്വയിക്കുന്നത്.

ആദ്യഘട്ടത്തിൽ ‘പ്രീമ’ ശ്രേണിയിൽ രണ്ടു ഹെവി ഡ്യൂട്ടി ട്രക്കുകളാണു സൗദി അറേബ്യയിൽ വിൽപ്പനയ്ക്കുണ്ടാവുക: ‘പ്രീമ 4438. എസ്’ (ഫോർ ബൈ ടു) ട്രാക്ടർ ഹെഡും ‘പ്രീമ 4038. കെ’ (സിക്സ് ബൈ ഫോർ) കൺസ്ട്രക്ഷന് ടിപ്പറും. മുഹമ്മദ് യൂസഫ് നാഘി ആൻഡ് ബ്രദേഴ്സ് ഗ്രൂപ്പിൽപെട്ട മനഹിൽ ഇന്റർനാഷനൽ കമ്പനിയാണു സൗദി അറേബ്യയിലെ ടാറ്റ മോട്ടോഴ്സ് ഡീലർമാർ. വ്യത്യസ്ത മേഖലകളിലെ ഉപയോഗം ലക്ഷ്യമിട്ട് മൾട്ടി ആക്സിൽ ട്രക്ക്, ട്രാക്ടർ ട്രെയ്ലർ, ടിപ്പർ രൂപത്തിലെല്ലാം ‘പ്രീമ’ ശ്രേണിയിൽ വാഹനങ്ങൾ ലഭ്യമാണ്. 49 ടൺ വരെ ഭാര വാഹക ശേഷിയും 400 ബി എച്ച് പി വരെ കരുത്തുമുള്ള ട്രക്കുകളാണ് നിലവിൽ ‘പ്രീമ’ ശ്രേണിയിലുള്ളത്. ഉന്നത നിലവാരമുള്ള അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമാണത്തിനൊപ്പം കുറഞ്ഞ പ്രവർത്തന ചെലവും ഈ ശ്രേണിയിലെ വാഹനങ്ങൾക്കു ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്. റിക്ലൈനിങ് സീറ്റ്, ആം റസ്റ്റ്, ക്രമീകരിക്കാവുന്ന സ്റ്റീയറിങ് സിസ്റ്റം, മ്യൂസിക് സിസ്റ്റം, ഗ്ലോബൽ പൊസിഷനിങ് സംവിധാനം(ജി പി എസ്) എന്നിവയെല്ലാമുള്ള സ്ഥലസൗകര്യമേറിയ, ശീതീകരിച്ച കാബിനാണു ‘പ്രീമ’ ശ്രേണിയുടെ മറ്റൊരു സവിശേഷത.

നിർമാണ മേഖലയ്ക്കുള്ള ‘പ്രീമ 4038. കെ’ (സിക്സ് ബൈ ഫോർ) ടിപ്പറിനു കരുത്തേകുന്നത് 380 ബി എച്ച് പി കമ്മിൻസ് എൻജിനാണ്. ഒപ്പമുള്ളത് ഒൻപതു സ്പീഡ് ഈറ്റൻ ട്രാൻസ്മിഷനും. കമ്മിൻസിൽ നിന്നുള്ള 380 ബി എച്ച് പി എൻജിനും ഒൻപതു സ്പീഡ് ഈറ്റൻ ട്രാൻസ്മിഷനുമായാണ് ‘പ്രീമ 4438. എസ്’ (ഫോർ ബൈ ടു) ട്രാക്ടർ ഹെഡ് എത്തുന്നത്; 44 ടണ്ണാണ് വാഹനത്തിന്റെ ഭാരവാഹക ശേഷി. കണ്ടെയ്നർ, റീഫർ വാൻ, കാർ കാരിയർ എന്നിവയായും സിമന്റ്, സ്റ്റീൽ, മെഷീനറി നീക്കത്തിനും ടിപ് ട്രെയ്ലർ, ബൾക്കർ എന്നിവയായുമെല്ലാം ഈ ട്രാക്ടർ ഹെഡ് ഉപയോഗിക്കാം.