ടാറ്റ ഹെക്സ ഓൺലൈനായി ബുക്കു ചെയ്യാം

Tata Hexa

അടുത്തയിടെ വിപണിയിലെത്തിയ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ഹെക്സ’യ്ക്കു ടാറ്റ മോട്ടോഴ്സ് ഓൺലൈൻ ബുക്കിങ് സൗകര്യം ലഭ്യമാക്കി. ഗ്രൂപ്പിന്റെ ഇ കൊമേഴ്സ് പോർട്ടലായ ‘ടാറ്റ ക്ലിക്’ മുഖേനയാണു പുതിയ ‘ഹെക്സ’ ബുക്ക് ചെയ്യാനാവുക. ഒറ്റ ക്ലിക്കിലൂടെ ടെസ്റ്റ് ഡ്രൈവ് ബുക്ക് ചെയ്യാനും അധിക സൗകര്യങ്ങളും സംവിധാനങ്ങളും സ്വന്തമാക്കാനുമൊക്കെ അവസരമുണ്ടാകുമെന്നു ടാറ്റ ക്ലിക് വ്യക്തമാക്കി. കഴിഞ്ഞ മാസം അരങ്ങേറ്റം കുറിച്ച ‘ഹെക്സ’യുടെ വിവിധ വകഭേദങ്ങൾക്ക് 12.08 ലക്ഷം രൂപ മുതലാണു വില.

സ്റ്റൈലിന്റെയും സൗകര്യങ്ങളുടെയും പ്രകടനക്ഷമതയുടെയുമൊക്കെ സംഗമമാണു ടാറ്റ ‘ഹെക്സ’യെന്ന് ടാറ്റ ക്ലിക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അശുതോഷ് പാണ്ഡെ അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ഈ പുത്തൻ എസ് യു വിയെ അടുത്തറിയാൻ അവസരം ലഭിക്കുന്നത് ‘ക്ലിക്’ ഉപയോക്താക്കൾക്ക് ആവേശകരമായ അനുഭവമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.അനുദിനം മാറുന്ന ഡിജിറ്റൽ ലോകവുമായി മികച്ച ബന്ധം സ്ഥാപിക്കാൻ ‘ക്ലിക്കു’മായുള്ള ഈ സഖ്യം സഹായകമാവുമെന്നായിരുന്നു ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് വിപണന വിഭാഗം മേധാവി വിവേക് ശ്രീവാസ്തവയുടെ പ്രതികരണം.

Tata Hexa

പരസ്പരം സംവദിക്കാൻ അവസരമൊരുക്കുന്ന ഡിജിറ്റൽ ലോകത്ത് ഇടം ഉറപ്പിക്കാൻ വ്യവസായ ഭേദമില്ലാതെ ബ്രാൻഡുകൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വിലയിരുത്തി. യുവാക്കളെ ആകർഷിക്കാൻ കമ്പനി നടത്തുന്ന ശ്രമങ്ങളിൽ ‘ക്ലിക്കു’മായുള്ള പുതിയ കൂട്ടുകെട്ട് ഏറെ ഗുണകരമാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പുനഃരുദ്ധാരണത്തിനായി ടാറ്റ മോട്ടോഴ്സ് തയാറാക്കിയ ‘ഹൊറൈസൻ നെക്സ്റ്റ്’ പദ്ധതിയുടെ ഭാഗമായി കമ്പനി വിപണിയിലെത്തിച്ച നാലാമതു മോഡലാണ് ‘ഹെക്സ’. ടാറ്റ മോട്ടോഴ്സിൽ നിന്ന് നിരത്തിലെത്തുന്ന പൂർണമായും പുതിയ എസ് യു വിയുമാണിത്.