സർക്കാർ ജീവനക്കാർക്ക് ഇളവുകളുമായി ടാറ്റ

രാജ്യത്തെ കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർക്കു പ്രത്യേക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തു പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് ‘ട്രസ്റ്റ് ഓഫ് ഇന്ത്യ’ പദ്ധതി പ്രഖ്യാപിച്ചു. കമ്പനിയുടെ യാത്രാ കാറുകൾ വാങ്ങുന്നവർക്കാണ് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾക്ക് അർഹതയെന്നും കമ്പനി അറിയിച്ചു. എന്നാൽ അടുത്തയിടെ വിപണിയിലെത്തിയ ഹാച്ച്ബാക്കായ ‘ടിയാഗൊ’യ്ക്ക് പദ്ധതി പ്രകാരമുള്ള ഇളവുകൾ ബാധകമല്ല.

സ്ഥാപനങ്ങൾക്കുള്ള വിൽപ്പന മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണു ‘ട്രസ്റ്റ് ഓഫ് ഇന്ത്യ’ പദ്ധതി നടപ്പാക്കുന്നതെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മയങ്ക് പരീക്ക് വെളിപ്പെടുത്തി. രാഷ്ട്രപുരോഗതിക്കായി സർക്കാർ ജീവനക്കാർ നൽകിയ അമൂല്യമായ സംഭാവനകളെ ആദരിക്കാനാണു ‘ട്രസ്റ്റ് ഓഫ് ഇന്ത്യ’ ലക്ഷ്യമിടുന്നത്.

കോർപറേറ്റ് ഇടപാടുകാരുമായി ശക്തവും സുദീർഘവുമായ ബന്ധമാണു ടാറ്റ മോട്ടോഴ്സ് ആഗ്രഹിക്കുന്നത്. അവരുടെ ഇഷ്ട ബ്രാൻഡായി തുടരുകയാണു കമ്പനിയുടെ ലക്ഷ്യമെന്നും പരീക്ക് വ്യക്തമാക്കി. വാഹന വിലയിൽ ഇളവ്, ആകർഷക എക്സ്ചേഞ്ച് ബോണസ് തുടങ്ങിയവയൊക്കെ ‘ട്രസ്റ്റ് ഓഫ് ഇന്ത്യ’യുടെ ഭാഗമായി ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ പഴയ കാറിന്റെ മൂല്യ നിർണയത്തിനും കൈമാറ്റത്തിനും പ്രത്യേക ഉപാധികളില്ലാതെ കമ്പനിയുടെ ദേശീയ ശൃംഖല പ്രയോജനപ്പെടുത്താമെന്നും ടാറ്റ മോട്ടോഴ്സ് ഉറപ്പു നൽകുന്നു. കൂടാതെ ടാറ്റ മോട്ടോഴ്സ് ഫിനാൻസ് ലിമിറ്റഡ് വഴി ആകർഷക പലിശ നിരക്കിലുള്ള വാഹന വായ്പകളും ലഭ്യമാണ്.