ടാറ്റ ‘ടിയാഗൊ’യ്ക്ക് ഇനി എ എം ടി വകഭേദവും

Tiago

പുത്തൻ ഹാച്ച്ബാക്കായ ‘ടിയാഗൊ’യിൽ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സംവിധാനം ഏർപ്പെടുത്താൻ ടാറ്റ മോട്ടോഴ്സ് ഒരുങ്ങുന്നു. പുണെയ്ക്കടുത്തുള്ള നിർമാണശാലയിൽ ‘ടിയാഗൊ’യുടെ എ എം ടി പതിപ്പ് പരീക്ഷണ ഓട്ടവും ആരംഭിച്ചിട്ടുണ്ട്.
എതിരാളിയായ ‘സെലേറിയൊ’യ്ക്ക് ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ വകഭേദം ലഭ്യമാണ്; ‘ഗ്രാൻഡ് ഐ 10’ ആവട്ടെ ഓട്ടമാറ്റിക് ട്രാൻസ്മിഷനോടെ വിൽപ്പനയ്ക്കുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽമ ത്സരക്ഷമത ലക്ഷ്യമിട്ട് ടാറ്റ മോട്ടോഴ്സ് ‘ടിയാഗൊ’യെയും എ എം ടി സഹിതം പുറത്തിറക്കാൻ ഒരുങ്ങുന്നത്. നിലവിൽ കോംപാക്ട് സെഡാനായ ‘സെസ്റ്റി’ൽ ടാറ്റ മോട്ടോഴ്സ് എ എം ടി സാങ്കേതികവിദ്യ ലഭ്യമാക്കുന്നുണ്ട്.

ചെറു ഹാച്ച്ബാക്കായ ‘ടിയാഗൊ’യുടെ വരവ് ഇപ്പോൾ തന്നെ ടാറ്റയ്ക്ക് ഏറെ ഗുണകരമായിട്ടുണ്ട്. ‘ടിയാഗൊ’യ്ക്കു ലഭിച്ച സ്വീകാര്യതയുടെ പിൻബലത്തിലാണു ടാറ്റ മോട്ടോഴ്സ് നവംബറിലെ വിൽപ്പന കണക്കെടുപ്പിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയെ പിന്തള്ളിയത്. കഴിഞ്ഞ മാസം മഹീന്ദ്രയുടെ മൊത്തം വിൽപ്പന 12,707 യൂണിറ്റിലൊതുങ്ങിയപ്പോൾ ടാറ്റ മോട്ടോഴ്സ് വിറ്റത് 12,736 യൂണിറ്റാണ്. നവംബറിൽ 6,008 യൂണിറ്റിന്റെ വിൽപ്പനയോടെ ‘ടിയാഗൊ’യാണു കമ്പനിയുടെ വിൽപ്പനയിൽ 47% സംഭാവന ചെയ്തത്. ഒപ്പം രാജ്യത്ത് ഏറ്റവുമധികം വിൽപ്പനയുള്ള 10 കാറുകളുടെ പട്ടികയിൽ ഇടംപിടിക്കാനും ‘ടിയാഗൊ’യ്ക്കു കഴിഞ്ഞു.

Tiago

ധീരമായ രൂപകൽപ്പനയും സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും ധാരാളിത്തവുമാണ് പെട്രോൾ, ഡീസൽ എൻജിനുകളോടെ വിപണിയിലുള്ള ‘ടിയാഗൊ’യെ ജനപ്രിയമാക്കിയത്. കാറിലെ 1.2 ലീറ്റർ പെട്രോൾ എൻജിന് പരമാവധി 85 പി എസ് കരുത്തും 114 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. കാറിലുള്ള 1.05 ലീറ്റർ ഡീസൽ എൻജിൻ സൃഷ്ടിക്കുന്നത് പരമാവധി 70 പി എസ് കരുത്തും 140 എൻ എം ടോർക്കുമാണ്.