‘ടിയാഗൊ’ ബുക്കിങ് തുടങ്ങി; മെസിയെ കാണാനും അവസരം

Tata Tiago

പ്രതീക്ഷകൾ വാനോളമുയർത്തി അരങ്ങേറ്റത്തിനൊരുങ്ങുന്ന കോംപാക്ട് ഹാച്ച്ബാക്കായ ‘ടിയാഗൊ’യ്ക്കുള്ള ബുക്കിങ്ങുകൾ ആരംഭിച്ചതായി ടാറ്റ മോട്ടോഴ്സ്. കാർ സ്വന്തമാക്കുന്നതിനൊപ്പം രാജ്യാന്തര ഫുട്ബോളിലെ തിളക്കമാർന്ന നക്ഷത്രമായ ലയണൽ മെസിയെ കാണാനുള്ള അവസരവും ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്. ‘ടിയാഗൊ’ ബുക്ക് ചെയ്യാൻ 10,000 രൂപയാണു ടാറ്റ മോട്ടോഴ്സ് അഡ്വാൻസ് ഈടാക്കുന്നത്. 18ലേറെ പ്രായമുള്ളവർക്ക് ഓൺലൈൻ വഴിയും ടാറ്റ മോട്ടോഴ്സ് അംഗീകൃത ഡീലർഷിപ്പുകൾ വഴിയും കാർ ബുക്ക് ചെയ്യാം. തുടർന്ന് ‘ഞാൻ എന്തുകൊണ്ട് ടാറ്റ ടിയാഗൊയെ സ്നേഹിക്കുന്നു’ എന്ന ചോദ്യത്തിനുള്ള മറുപടി അടിസ്ഥാനമാക്കിയാവും കമ്പനിയുടെ പുത്തൻ ബ്രാൻഡ് അംബാസഡറായ ലയണൽ മെസിയെ കാണാൻ അവസരം ലഭിക്കുന്നവരെ ടാറ്റ മോട്ടോഴ്സ് തിരഞ്ഞെടുക്കുക. ഏറ്റവും ക്രിയാത്മകമായ മറുപടികൾ നൽകുന്നവരെയാണ് ഈ അപൂർവ അവസരം തേടിയെത്തുകയെന്നും ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കുന്നു.

Tata Tiago

ആദ്യ ഘട്ടത്തിൽ നിന്നു നറുക്കെടുപ്പ് വഴിയാണു ടാറ്റ മോട്ടോഴ്സ് മെസിയെ കാണാൻ അവസരം ലഭിക്കുന്ന അഞ്ചു ഭാഗ്യവാൻമാരെ തിരഞ്ഞെടുക്കുക. ജേതാവിനോ അവർ നാമനിർദേശം ചെയ്യുന്ന വ്യക്തിക്കോ ബാഴ്സലോനയിൽ പോയി സ്പാനിഷ് ലീഗിൽ എഫ് സി ബാഴ്സലോനയ്ക്കായി ബൂട്ടണിയുന്ന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ നേരിട്ടുകാണാനാവുമെന്നും കമ്പനി വിശദീകരിക്കുന്നു. പ്രചാരണ പരിപാടി അവസാനിച്ച് 30 ദിവസത്തിനകം ‘ടിയാഗൊ’യ്ക്കായി തയാറാക്കിയ പ്രത്യേക വെബ്സൈറ്റിൽ(വിലാസം: www.tatatiago.com) ആദ്യഘട്ട ജേതാക്കളുടെ പേരുവിവരം പ്രതീക്ഷിക്കാം. ‘ടിയാഗോ’യ്ക്കായി ദേശീയതലത്തിലുള്ള പരസ്യപ്രചാരണം ഈ 15 മുതൽ ഘട്ടം ഘട്ടമായി ആരംഭിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.