യൂബർ ഡ്രൈവർമാർക്കു പിന്തുണയുമായി ടാറ്റ

ഓൺലൈൻ റൈഡ് ഹെയ്ലിങ് കമ്പനിയായ യൂബറുമായി സഹകരിക്കാൻ പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് രംഗത്ത്. യൂബർ പ്ലാറ്റ്ഫോമിലെ ഡ്രൈവർമാർക്കും വാഹന ഉടമകൾക്കും പുതിയ കാർ വാങ്ങാൻ സമ്പൂർണ പിന്തുണയാണു ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നത്. യൂബറിന്റെ പങ്കാളികളായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് ‘ഇൻഡിക്ക’, ‘ഇൻഡിഗൊ’ കാറുകൾ വാങ്ങാനാണു ടാറ്റ മോട്ടോഴ്സ് ആകർഷക വ്യവസ്ഥയിൽ വായ്പയും മറ്റും ലഭ്യമാക്കുക. ടാറ്റ ക്യാപിറ്റലും ടാറ്റ മോട്ടോഴ്സ് ഫിനാൻസുമാണ് യൂബർ ഡ്രൈവർമാർക്കും ഉടമകൾക്കുമായി വായ്പകൾ അനുവദിക്കുക.

ഇതോടൊപ്പം ടാറ്റ എ ഐ ജിയിൽ നിന്നുള്ള ഇൻഷുറൻസും ലഭ്യമാക്കുമെന്ന് ടാറ്റ സൺസിന്റെ ഗ്രൂപ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും ബിസിനസ് ഡവലപ്മെന്റ്, പബ്ലിക് അഫയേഴ്സ് വിഭാഗം ഗ്രൂപ് മേധാവിയുമായ മധു കണ്ണൻ അറിയിച്ചു. കൂടാതെ പദ്ധതി പ്രകാരം ടാറ്റ മോട്ടോഴ്സിൽ നിന്നു വാഹനം വാങ്ങുന്ന ഡ്രൈവർമാർക്കു ടാറ്റ ബിസിനസ് സപ്പോർട്ട് സർവീസസിന്റെ പിന്തുണയും ലഭ്യമാവും.ഹൈദരബാദിൽ തുടക്കമിട്ട യൂബർ — ടാറ്റ മോട്ടോഴ്സ് സഹകരണം ക്രമേണ രാജ്യമെങ്ങും വ്യാപിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി. അടുത്ത വർഷത്തിനുള്ളിൽ 20,000 യൂബർ ഡ്രൈവർമാരെ പദ്ധതിയിൽ പങ്കാളിയാക്കാനാണു ലക്ഷ്യമിടുന്നതെന്നും കണ്ണൻ അറിയിച്ചു. കഴിഞ്ഞ വർഷം ടാറ്റ ഓപ്പർച്യൂണിറ്റി ഫണ്ട് യൂബറിൽ നിക്ഷേപം നടത്തിയിരുന്നു.

മൊബൈൽ ഫോൺ വഴി കാർ വിളിച്ചു വരുത്തി യാത്ര സാധ്യമാക്കാനുള്ള അവസരം ദശലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഇതുവരെ പ്രയോജനപ്പെുടുത്തിയതെന്ന് യൂബർ ഏഷ്യ ബിസിനസ് മേധാവി എറിക് അലക്സാണ്ടർ വെളിപ്പെടുത്തി. യൂബർ നൽകുന്ന സ്വാതന്ത്യ്രത്തെ ഡ്രൈവർമാർ ഏറെ വിലമതിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അതുകൊണ്ടുതന്നെ ഡ്രൈവർമാർക്ക് ആകർഷക പലിശ നിരക്കിലുള്ള വായ്പയോടെ വാഹനം ലഭ്യമാക്കാൻ ടാറ്റ മോട്ടോഴ്സ് അവസരം നൽകുന്നതിൽ കമ്പനിക്ക് ഏറെ ആഹ്ലാദമുണ്ട്. ഇതുവഴി ഇന്ത്യയിൽ സൂക്ഷ്മ സംരംഭകരുടെ എണ്ണം പെരുകുമെന്നും അലക്സാണ്ടർ അഭിപ്രായപ്പെട്ടു.