പത്തു പുതുമകളുമായി സെസ്റ്റ് ആനിവേഴ്സറി എഡിഷൻ

മുംബൈ: ടാറ്റ മോട്ടേഴ്സ് ജനപ്രിയ കോപാക്റ്റ് സെഡാനായ സെസ്റ്റിന്റെ ആനിവേഴ്സറി സ്പെഷൽ എഡിഷൻ പുറത്തിറക്കി. സെപ്റ്റംബർ അവസാനത്തോടെ വിപണിയിലെത്തും. തെരഞ്ഞെടുക്കപ്പെട്ട ഷോറൂമുകളിലായിരിക്കും ആദ്യമെത്തുക. കഴിഞ്ഞ വർഷം ഓഗസ്റ്റ് നാലിന് സെസ്റ്റ് ആദ്യമായി ഇറങ്ങിയത്. 2014ല്‍ ജനപ്രീതി നേടിയ കാറുകളിലൊന്നാണ് ഡിസൈൻ നെക്സ്റ്റ്, കണക്ട് നെക്സ്റ്റ്, ഡ്രൈവ് നെക്സ്റ്റ് എന്നീ മൂന്നു തത്വങ്ങളെ അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ചെടുത്ത സെസ്റ്റ്.

എക്സ്എംഎസ് (XMS) മോഡലാണ് ആനിവേഴ്സറി എഡിഷനായി വിപണിയിലെത്തുക. പെട്രോള്‍, ഡീസൽ വേരിയന്റുകള്‍ ലഭ്യമാണ്. പെട്രോൾ മോഡലിന്റെ വില 5.89 ലക്ഷം രൂപയിലും ഡീസൽ മോഡലിന്റെ വില 6.94 ലക്ഷം രൂപയിലും ആരംഭിക്കും. നിലവിൽ ലഭ്യമായ മോഡലിനെ അപേക്ഷിച്ചു 15,000 രൂപ കൂടുതലാണിത്. എന്നാൽ 15,000 രൂപയ്ക്കു 31,000 രൂപയുടെ അധിക സൗകര്യങ്ങൾ ആനിവേഴ്സറി എഡിഷനൊപ്പം കമ്പനി നൽകുന്നുണ്ട്.

അകത്തും പുറത്തുമായി നൽകിയിരിക്കുന്ന പത്തു പുതുമകളാണ് ആനിവേഴ്സറി എഡിഷന്റെ ഹൈലൈറ്റ്. വോക്കൽ വൈറ്റ് നിറഭേദം, ആനിവേഴ്സറി തീം ഗ്രാഫിക്സ്, സി-പില്ലറിൽ ആനിവേഴ്സറി എഡിഷൻ ബാഡ്ജ്, പുതിയ വീൽ കവറുകൾ, പിയാനോ ബ്ലാക്ക് നിറത്തിലുള്ള ഔട്ട്സൈഡ് റിയർവ്യൂ മിറർ, ബോഡി നിറത്തിലുള്ള മുൻവശത്തെ ലോവർ ബംബർ എന്നിവയാണു പുറത്തു നല്‍കിയിരിക്കുന്ന പുതുമകൾ.

ആനിവേഴ്സറി എംബ്രോയിഡറി ചെയ്ത മുൻസീറ്റുകൾ, ഇലൂമിനേഷൻ ചെയ്ത സ്കഫ്പ്ലേറ്റ്, റിമോട്ടുപയോഗിച്ചു നിയന്ത്രിക്കാവുന്ന പിൻജനാലയിലെ കർട്ടൺ, ബോട്ടിൽ ഹോൾഡർ എന്നിവയാണ് അകത്തുള്ള പുതുമകൾ. ഈ പുതുമകളെല്ലാം ആനിവേഴ്സറി പായ്ക്ക് ആക്സസറി കിറ്റിലുൾപ്പെടുന്നു.