കാണാം ടാറ്റ സിക്കയെ

ടാറ്റയുടെ ജനപ്രിയ കാറായ ഇൻഡിക്കയ്ക്കു പകരക്കാരനായി പുറത്തിറക്കുന്ന ചെറുകാർ സിക്കയുടെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ടു. ജനുവരി ആദ്യം സിക്കയെ ടാറ്റ പുറത്തിറക്കുമെന്നാണ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ. ടാറ്റയുടെ ഹൊറൈസൺ നെക്സ്റ്റ് പദ്ധതി പ്രകാരം പുറത്തിറങ്ങുന്ന സിക്ക പുതുവർഷത്തിൽ വിപണിയിലെത്തുന്ന ആദ്യ ചെറുകാറായിരിക്കും.

നേരത്തെ ‘കൈറ്റ്’ എന്ന കോ‍ഡ് നാമത്തിലായിരുന്നു കാർ അറിയപ്പെട്ടിരുന്നത്. കമ്പനിയുടെ ബ്രാൻഡ് അംബാസഡറും ഫുട്ബോൾ താരവുമായ ലയണൽ മെസ്സി പ്രത്യക്ഷപ്പെടുന്ന ആദ്യ പരസ്യം സിക്കയുടേതാകും. ഹാച്ച്ബാക്കിന്റെ പ്രകടനക്ഷമത വ്യക്തമാക്കുന്ന, ‘സിപ്പി കാർ’ എന്നതിന്റെ ആദ്യാക്ഷരണങ്ങൾ സംയോജിപ്പിച്ചാണത്രെ കമ്പനി ‘സിക്ക’ എന്ന പേരു കണ്ടെത്തിയത്.

‘ഹ്യുമാനിറ്റി ലൈനും’ സ്മോക്ഡ് ഹെഡ്ലാംപുമൊക്കെയായി പുത്തൻ മുഖത്തോടെയാണു ടാറ്റ ‘സിക്ക’യുടെ വരവ്. ‘എക്സ് ഒ’ പ്ലാറ്റ്ഫോമിൽ സാക്ഷാത്കരിച്ച പുതിയ കാറിന് കാഴ്ചയിൽ ‘ഇൻഡിക്ക’യോടുള്ള സാമ്യം പൂർണമായും അകലുന്നില്ലെങ്കിലും പിൻഭാഗം തീർത്തും വ്യത്യസ്തമാണ്. ‘നാനോ’യ്ക്കായി ഗുജറാത്തിലെ സാനന്ദിൽ സ്ഥാപിച്ച നിർമാണശാലയിൽ നിന്നാവും ‘സിക്ക’ പുറത്തെത്തുകയെന്നും ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. മിക്കവാറും അടുത്ത മാസം തന്നെ കാറിന്റെ ഔപചാരികമായ അരങ്ങേറ്റവും പ്രതീക്ഷിക്കാം.

ഡീസൽ വിഭാഗത്തിൽ പുതിയ 1,050 സി സി, മൂന്നു സിലിണ്ടർ എൻജിനാണു ‘സിക്ക’യ്ക്കു കരുത്തേകുക; പരമാവധി 64 ബി എച്ച് പി കരുത്തും 140 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. നിലവിൽ ‘ബോൾട്ടി’നു കരുത്തേകുന്ന 1.2 ലീറ്റർ, റെവോട്രോൺ എൻജിൻ തന്നെയാവും പെട്രോൾ ‘സിക്ക’യിൽ ഇടം നേടുക. പരമാവധി 88.7 ബി എച്ച് പി കരുത്തും 140 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ, എഫ് ട്രോണിക് ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനുകളാവും ‘സിക്ക’യിലെ ട്രാൻസ്മിഷൻ സാധ്യതകൾ.

എൻട്രി ലവൽ കാറായ ‘നാനോ’യ്ക്കും ഹാച്ച്ബാക്കായ ‘ബോൾട്ടി’നുമിടയിലാവും ‘സിക്ക’യുടെ സ്ഥാനം. അതുകൊണ്ടുതന്നെ ഹ്യുണ്ടേയ് ‘ഗ്രാൻഡ് ഐ 10’, മാരുതി സുസുക്കി ‘സെലേറിയൊ’തുടങ്ങിയവയോടാവും ‘സിക്ക’യുടെ പോരാട്ടം. വില സംബന്ധിച്ചു വ്യക്തതയില്ലെങ്കിലും 3.5 ലക്ഷം മുതൽ 5.5 ലക്ഷം രൂപ വരെ മുടക്കിയാൽ ‘സിക്ക’യുടെ വിവിധ വകഭേദങ്ങൾ ലഭിക്കുമെന്നാണു സൂചന.