ടോം വോൺ ബോൺസ്ഡോർഫ് വോൾവോ ഇന്ത്യ എം ഡി

Tom von Bonsdorff ( MD of Volvo India )

സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ ഓട്ടോ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായി ടോം വോൺ ബോൺസ്ഡോർഫിനെ നിയമിച്ചു. 17 വർഷമായി വോൾവോ കാഴ്സിൽ ഓപ്പറേഷൻ, മാനേജീരിയൽ തലങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ബോൺസ്ഡോർഫിനെ ഉടനടി പ്രാബല്യത്തോടെയാണ് ഇന്ത്യയിലെ ചുമതലക്കാരനാക്കിയത്. നിലവിൽ വോൾവോ ഇന്ത്യ മാനേജിങ് ഡയറക്ടറായ മസ് ഏൺബർഗ് സ്വീഡനിലേക്കു മടങ്ങുന്ന ഒഴിവിൽ ഉടനടി പ്രാബല്യത്തോടെയാണു ബോൺസ്ഡോർഫിന്റെ നിയമനം.

വോൾവോ കാഴ്സിനൊപ്പം യു എസ്, സ്വീഡൻ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ബോൺസ്ഡോർഫ് നിലവിൽ ഏഷ്യൻ മേഖലയ്ക്കുള്ള മാർക്കറ്റ് ഏരിയ ഡയറക്ടറാണ്. പഴയ തസ്തികയിൽ ഡൽഹി ആസ്ഥാനമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം.

വോൾവോ കാഴ്സ് ഇന്ത്യയിൽ വൻവളർച്ച ലക്ഷ്യമിടുന്ന സാഹചര്യത്തിൽ കമ്പനിയെ നയിക്കാൻ തികച്ചും അനുയോജ്യനാണു ബോൺസ്ഡോർഫെന്നുവോൾവോ കാഴ്സ് ഗ്രൂപ് എഷ്യ പസഫിക് വൈസ് പ്രസിഡന്റ് ജാരി കൊഹനൻ അഭിപ്രായപ്പെട്ടു. കാർ വ്യവസായത്തിലും വൈവിധ്യമുള്ള വിപണികളിലും അദ്ദേഹത്തിനുള്ള പ്രവർത്തി പരിചയം ഇന്ത്യയിൽ വോൾവോ കാഴ്സിനെ നയിക്കുമ്പോൾ മുതൽക്കൂട്ടാവുമെന്നും കൊഹനൻ കരുതുന്നു.

വോൾവോയെ സംബന്ധിച്ചിടത്തോളം മികച്ച വളർച്ചാ സാധ്യതയുള്ള വിപണിയാണ് ഇന്ത്യയെന്നു ടോം വോൺ ബോൺസ്ഡോർഫ് വിലയിരുത്തി. അടുത്തയിടെ അവതരിപ്പിച്ച ‘എക്സ് സി 90’, ‘വി 40 ക്രോസ് കൺട്രി പെട്രോൾ’ എന്നിവയ്ക്കൊപ്പം ‘വി 40’, ‘എസ് 60 ടി പെട്രോൾ’ എന്നിവ കൂടിയെത്തുന്നതോടെ ഇന്ത്യൻ ആഡംബര കാർ വിപണിയിൽ വോൾവോ നിർണായക ശക്തിയാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിൽ അഞ്ച് ആഡംബര കാർ മോഡലുകളാണു വോൾവോ ഇന്ത്യയിൽ വിൽക്കുന്നത്: ‘എസ് 80’, ‘എസ് 60’, ‘എക്സ് സി 60’, ‘വി 40 ക്രോസ് കൺട്രി’, ‘എക്സ് സി 90’.