ജനറൽ മോട്ടോഴ്സ് ഇന്ത്യയ്ക്കു പുതിയ വൈസ് പ്രസിഡന്റുമാർ

യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സിന്റെ ഇന്ത്യൻ ഉപസ്ഥാപനത്തിൽ മാനേജ്മെന്റ് തലത്തിൽവ്യാപക അഴിച്ചുപണി. ദീർഘകാലമായി കോർപറേറ്റ് അഫയേഴ്സ് വിഭാഗം വൈസ് പ്രസിഡന്റായി തുടരുന്ന പത്തനംതിട്ട സ്വദേശി പി ബാലേന്ദ്രനെ ഉപദേശ സ്ഥാനത്തേക്കു മാറ്റിയതിനൊപ്പം പുതിയ രണ്ടു വൈസ് പ്രസിഡന്റുമാരെയും ജനറൽ മോട്ടോഴ്സ് ഇന്ത്യ(ജി എം ഐ) നിയമിച്ചു. സ്വാതി ഭട്ടാചാര്യയാണു കമ്പനിയുടെ കമ്യൂണിക്കേഷൻസ് വിഭാഗത്തിന്റെ പുതിയ വൈസ് പ്രസിഡന്റ്; ഗവൺമെന്റ് റിലേഷൻസ് ആൻഡ് പബ്ലിക് പോളിസി വിഭാഗം വൈസ് പ്രസിഡന്റാവുന്നത് പങ്കജ് ഗുപ്തയാണ്. ഇരുവരുടെയും നിയമനം കഴിഞ്ഞ മാസം 10 മുതൽ പ്രാബല്യത്തിലെത്തിയതായും ജി എം ഐ അറിയിച്ചു.

ബാലേന്ദ്രൻ 1998ലാണു ജി എം ഇന്ത്യയിൽ ചേർന്നത്; നിലവിൽ വൈസ് പ്രസിഡന്റ്(കോർപറേറ്റ് അഫയേഴ്സ്) ആയിട്ടായിരുന്നു അദ്ദേഹത്തിന്റെ സേവനം. എന്നാൽ ഒക്ടോബർ 31 മുതൽ ബാലേന്ദ്രൻ സീനിയർ അഡ്​വൈസർ ആയിട്ടാവും പ്രവർത്തിക്കുകയെന്നു ജി എം അറിയിച്ചു.

രണ്ടു വർഷം മുമ്പു മലിനീകരണ നിയന്ത്രണ നിലവാരത്തിലെ പാളിച്ചകളുടെ പേരിൽ 1.14 ലക്ഷം ‘ടവേര’ തിരിച്ചുവിളിച്ചതടക്കമുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ പ്രശ്ന പരിഹാരത്തിനായി ബാലേന്ദ്രൻ സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ താൻ പുതിയ ചുമതലയിലേക്കു നീങ്ങുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ‘ഷെവർലെ’ ബ്രാൻഡിന്റെ പ്രതിച്ഛായ വീണ്ടെടുക്കുന്നതടക്കം കമ്പനിയുടെ വാർത്താവിനിമയ തന്ത്രങ്ങളുട പൂർണ ചുമതല ഇനി ഭട്ടാചാര്യയ്ക്കാവുമെന്നു ജി എം വ്യക്തമാക്കി. ഇംഗർസോൾ റാൻഡ് ഇന്ത്യയിലെ വൈസ് പ്രസിഡന്റ്(കോർപറേറ്റ് റിലേഷൻസ്, പബ്ലിക് അഫയേഴ്സ്, ബ്രാൻഡിങ്) സ്ഥാനത്തു നിന്നാണ് അവർ ജി എം ഐയിലെത്തുന്നത്.

ജർമൻ കാർ നിർമാതാക്കളായ ഫോക്സ്​വാഗൻ ഇന്ത്യയിൽ നിന്നാണു പങ്കജ് ഗുപ്തയെ ജി എം കണ്ടെത്തിയത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായുള്ള സഹകരണവും നയപരമായ കാര്യങ്ങളിൽ വ്യവസായ വൃത്തങ്ങളിൽ ജി എമ്മിനെ പ്രതിനിധീകരിക്കുകയുമാണ് അദ്ദേഹത്തിന്റെ ദൗത്യം.

ഇന്ത്യയിൽ 100 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച വേളയിൽ തന്നെ ഇന്ത്യയിലെ വളർച്ചയിൽ പങ്കാളികളാവാൻ പുതിയ ആളുകൾ ജി എമ്മിനൊപ്പമെത്തുമെന്നും വെളിപ്പെടുത്തിയിരുന്നെന്നു ജി എം ഐ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ അരവിന്ദ് സക്സേന ഓർമിപ്പിച്ചു. ഇന്ത്യയിലെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗുജറാത്തിലെ ഹാലോളിലുള്ള ആദ്യ കാർ നിർമാണശാല അടച്ചു പൂട്ടുമെന്നു ജനറൽ മോട്ടോഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മേരി ബാര ജൂലൈയിൽ ഇന്ത്യാ സന്ദർശന വേളയിൽ വ്യക്തമാക്കിയിരുന്നു.