വിൽ‌പ്പനയിൽ ആദ്യ പത്തിൽ ഏഴും മാരുതി

Vitara Brezza

‌നോട്ടു നിരോധനം സൃഷ്ടിച്ച പ്രതിസന്ധി മാരുതിയുടെ വളർച്ച നിരക്കിനെ ബാധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ വിപണി വിഹിതത്തിന്റെ 47.24 ശതമാനവും കൈക്കലാക്കി മാരുതി സുസുക്കി ആധിപത്യം തുടരുന്നു. കഴിഞ്ഞ ഡിസംബറിലെ വിൽപ്പന കണക്കുകൾ പ്രകാരം ഏറ്റവും അധികം വിൽപ്പനയുള്ള പത്തു മോഡലുകളിൽ ഏഴും മാരുതി സുസുക്കി ശ്രേണിയിൽപെട്ടവയാണ്. മാരുതി സുസുക്കിയുടെ ചെറുകാർ ‘ഓൾട്ടോ’യാണ് ഡിസംബറിലെ വിൽപ്പന കണക്കെടുപ്പിൽ ഒന്നാമത്: 17351 യൂണിറ്റായിരുന്നു ഓൾട്ടോയുടെ വിൽപ്പന. എന്നാൽ 2015 ഡിസംബറിനെ അപേക്ഷിച്ച് 23.2 ശതമാനവും 2016 നവംബറിനെ അപേക്ഷിച്ച് 25.6 ശതമാനവും വിൽപ്പന കുറവാണത്.

Swift Dzire

മാരുതിയുടെ കോംപാക്ട് സെഡാനായ ഡിസയറാണ് രണ്ടാം സ്ഥാനത്ത്. 14643 യൂണിറ്റ് ഡിസയറുകളാണ് കഴിഞ്ഞ മാസം വിപണിയിലെത്തിയത്. എന്നാൽ 2015 ഡിസംബറിനെ അപേക്ഷിച്ച് 12.8 ശതമാനം വിൽപ്പന കുറവും 2016 നവംബറിനെ അപേക്ഷിച്ച് 15 ശതമാനം വിൽപ്പന കുറവുമാണിത്. മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ‘സ്വിഫ്റ്റ്’ 14538 യൂണിറ്റുകളുമായി മൂന്നാം സ്ഥാനത്തെത്തി. 2015നെ അപേക്ഷിച്ച് 0.1 ശതമാനം വിൽപ്പന കുറവ്.

Wagen R

മാരുതിയുടെ തന്നെ കോംപാക്ട് കാറായ ‘വാഗൻ ആർ’ 14176 യൂണിറ്റ് വിൽപ്പനയുമായി നാലാം സ്ഥാനത്തുണ്ട്. 2015 ഡിസംബറിനെ അപേക്ഷിച്ച് 3.2 ശതമാനം വിൽപ്പന കുറവ്. കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ചെറുഹാച്ച് ഐ10 ഗ്രാന്റാണ് അ‍ഞ്ചാം സ്ഥാനത്ത്. 10519 യൂണിറ്റാണ് ഗ്രാന്റിന്റെ വിൽപ്പന. ഹ്യുണ്ടേയ്‌യുടെ തന്നെ ‘എലീറ്റ് ഐ 20’ ആറാമതെത്തി. 9803 ‘എലീറ്റ് ഐ 20’ ആണു കമ്പനി കഴിഞ്ഞ മാസം വിറ്റത്. മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനൊയാണ് ഏഴാം സ്ഥാനത്ത്. 9486 യൂണിറ്റ് വിൽപ്പനയോടെയാണ് ബലേനോ ഏഴാം സ്ഥാനം കൈയടക്കിയത്.

Baleno

അടുത്തിടെ പുറത്തിറങ്ങിയ മാരുതിയുടെ കോംപാക്റ്റ് എസ് യു വി വിറ്റാര ബ്രെസയാണ് എട്ടാം സ്ഥാനത്ത്. 8971 യൂണിറ്റ് വിൽപ്പനയാണ് ബ്രെസയ്ക്ക് ലഭിച്ചത്. ഫ്രഞ്ച് നിർമാതാക്കളായ റെനോയുടെ എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡ്’ 8797 യൂണിറ്റിന്റെ വിൽപ്പനയോടെ ഒമ്പതാം സ്ഥാനത്തെത്തി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 27 ശതമാനം വിൽപ്പന ഉയർന്നു. മികച്ച വിൽപ്പനയുള്ള ടോപ് ടെൻ കാറുകളിൽ വിൽപ്പന ഉയർന്ന ഏക കാറും ക്വിഡാണ്. മാരുതി സെലേറിയ 7189 യൂണിറ്റ് വിൽപ്പനയോടെ പത്താം സ്ഥാനത്തുമുണ്ട്.